ബിഗ് ബോസ് മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം കമല്‍ ഹാസന്‍; സംഗതി കളറാക്കുമെന്ന് പറഞ്ഞ് താരം
ബിഗ് ബോസ് മലയാളത്തിലേക്ക് അതിഥിയായി എത്തിയിരിക്കുകയാണ് നടന്‍ കമല്‍ ഹാസന്‍. കഴിഞ്ഞ ദിവസം പുറത്ത് വന്ന പ്രൊമോ വീഡിയോയിലൂടെ കമല്‍ ഹാസന്‍ ഷോ യിലേക്ക് എത്തുന്നത് കാണിച്ചിരുന്നു. എന്നാല്‍ താരം എന്തിനാണ് വന്നതെന്നും മത്സരാര്‍ഥികളോട് എന്തൊക്കെയാണ് സംസാരിച്ചതെന്നും അറിയാന്‍ കാത്തിരുന്ന ആരാധകരിലേക്ക് ആ നിമിഷമെത്തി.
പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് കമല്‍ ഹാസന്‍ ബിഗ് ബോസിലേക്ക് എത്തിയത്. വിക്രം എന്ന സിനിമയാണ് ഉലകനായകന്റേതായി പുറത്ത് വരാനിരിക്കുന്നത്. ജൂണ്‍ മൂന്നിന് റിലീസ് തീരുമാനിച്ച ചിത്രം ലേശം ഡാര്‍ക്ക് കൂടിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം. പഴയ വിക്രത്തിന്റെ തുടര്‍ച്ചയല്ല ഇത്. പുതിയ ജനറേഷന് കൂടി ഉള്‍കൊള്ളാന്‍ സാധിക്കുന്ന ചിത്രമായിരിക്കുമെന്നും കമല്‍ ഹാസന്‍ പറയുന്നു.

കമല്‍ ഹാസന്‍ വരുമെന്ന കൂടുതല്‍ മുന്നറിയിപ്പൊന്നും മത്സരാര്‍ഥികള്‍ക്ക് നല്‍കിയിരുന്നില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ കമല്‍ ഹാസനുള്ള ട്രിബ്യൂട്ട് പോലെ പാട്ടും ഡയലോഗുകളുമൊക്കെ താരങ്ങള്‍ പഠിച്ച് വെച്ചിരുന്നു. ദില്‍ഷയുടെ നേതൃത്വത്തില്‍ മത്സരാര്‍ഥികളെല്ലാം ചേര്‍ന്ന് കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സും കാഴ്ച വെച്ചിരുന്നു. ജാസ്മിനൊഴികെ ബാക്കി എല്ലാവരും അതില്‍ പങ്കെടുക്കുകയും ചെയ്തു. എന്തുകൊണ്ടാണ് കൈയ്യും കേട്ടി മാറി നിന്നതെന്ന് ജാസ്മിനോട് കമല്‍ ഹാസന്‍ ചോദിച്ചിരുന്നു.

തനിക്ക് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്നും അതിനായി ശ്രമിച്ച് പരാജയപ്പെട്ടതാണെന്നും ജാസ്മിന്‍ സൂചിപ്പിച്ചു. ഇനിയും അത് തന്നെ ചെയ്ത് നോക്കണമെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്. അങ്ങനെ സൂപ്പര്‍താരത്തിന് വലിയ സ്വീകരണമാണ് മലയാളം ബിഗ് ബോസില്‍ നിന്നും ലഭിച്ചത്. മത്സരാര്‍ഥികള്‍ക്ക് താരത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരവും മോഹന്‍ലാല്‍ ഒരുക്കി കൊടുത്തു. 'മലയാളത്തില്‍ ഇനി എന്നാണ് സിനിമ ചെയ്യുന്നതെന്നാണ് വിനയ് ചോദിച്ചത്.'

ചോദ്യം കേട്ട ഉടനെ മോഹന്‍ലാലിനോട് മലയാളത്തിലെ സിനിമയിലേക്ക് എന്നാണെന്ന് കമല്‍ ഹാസന്‍ ചോദിച്ചു. ഉടനെ തന്നെ ഉണ്ടാവുമെന്ന് മോഹന്‍ലാലാണ് മറുപടിയായി പറഞ്ഞത്. ഞങ്ങളൊരു സിനിമ ചെയ്യാമെന്ന് ഇരുവരും സൂചിപ്പിച്ചു.
ലോകേഷ് കനകരാജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത സിനിമയാണ് വിക്രം. സിനിമയിലെ പ്രത്യേകത തമിഴിലെ ഒട്ടുമിക്ക താരങ്ങളും അതില്‍ അണിനിരക്കുന്നു എന്നതാണ്. റിയാസിന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് വിക്രം സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ താരം പറഞ്ഞത്.

മലയാളത്തിലും തെലുങ്കിലുമൊക്കെ അത്തരം സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും തമിഴില്‍ മാത്രമില്ല. അതിന് കാരണം ഈഗോ ഒന്നുമല്ല. ഇപ്പോള്‍ അത് നടന്നിരിക്കുകയാണ്. മള്‍ട്ടി സ്റ്റാറുകള്‍ അണിനിരക്കുന്ന ചിത്രമായിരിക്കുമിത്. മലയാളത്തില്‍ നിന്നും ഫഹദ് ഫാസിലും ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്.


Click it and Unblock the Notifications