'ഈ നിലപാടുകള്‍ കാലഘട്ടത്തിന് ആവശ്യം'; റിയാസ് സലീമിനെ പിന്തുണച്ച് സംവിധായകന്‍ ജിയോ ബേബി
ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ആവേശകരമായ ഗ്രാന്റ് ഫിനാലെയ്ക്കായി കാത്തിരിയ്ക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍. അവശേഷിക്കുന്ന ആറ് പേരില്‍ നിന്നും ആരൊക്കെ ഫൈനല്‍ ഫൈവില്‍ എത്തുമെന്നും ബിഗ് ബോസ് ടൈറ്റില്‍ ആര് നേടുമെന്നും അറിയാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളേ അവശേഷിക്കുന്നുള്ളൂ. അതിനായുള്ള കാത്തിരിപ്പിലാണ് മത്സരാര്‍ത്ഥികളും ആരാധകരുമെല്ലാം.
ഈ വാരം നടക്കുന്ന അവസാന വീക്ക്‌ലി ടാസ്‌ക്ക് കൂടി കഴിഞ്ഞാല്‍ ബിഗ് ബോസിലെ മത്സരങ്ങളെല്ലാം പൂര്‍ത്തിയാവുകയാണ്. അതില്‍ നിന്നുള്ള വിജയിക്കൂടി കണ്ടെത്തിക്കഴിഞ്ഞാകും ഫൈനല്‍ ഫൈവ് നിര്‍ണ്ണയിക്കുക.

അതേസമയം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ സജീവമാവുകയാണ്. ആര് കപ്പ് നേടും എന്നത് സംബന്ധിച്ച് ആരാധകര്‍ തമ്മില്‍ വലിയ വാക് പോര് നടക്കുകയാണ്.
ഇതിനിടെ തങ്ങളുടെ പ്രിയ മത്സരാര്‍ത്ഥികള്‍ക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് പല സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വരുന്നുണ്ട്. വീഡിയോ രൂപത്തിലും അല്ലാതെയും ഇവര്‍ തങ്ങളുടെ പിന്തുണ അറിയിക്കുന്നു.
ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫൈനലിസ്റ്റുകളില്‍ ഒരാളായ റിയാസ് സലിമിനുവേണ്ടി വോട്ട് അഭ്യര്‍ഥിച്ച് രംഗത്തു വരികയാണ് ഇപ്പോള്‍ സംവിധായകന്‍ ജിയോ ബേബി.
എല്‍ജിബിടിക്യു പ്ലസ് സമൂഹത്തിനുവേണ്ടിയുള്ള റിയാസിന്റെ നിലപാടുകള്‍ ഇന്നിന്റെ ആവശ്യമാണെന്നും താന്‍ അതിനൊപ്പം നില്‍ക്കുന്നുവെന്നും ജിയോ ബേബി സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നു.

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജിയോ ബേബി വോട്ട് അഭ്യര്‍ഥിക്കുന്നത്. നേരത്തെ എല്‍ജിബിടിക്യുഎഐ പ്ലസ് സമൂഹത്തെക്കുറിച്ച് വിശദമാക്കുന്ന റിയാസിന്റെ ബിഗ് ബോസിലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ആ വീഡിയോ ഷെയര്‍ ചെയ്ത പ്രമുഖരില്‍ ഒരാള്‍ ജിയോ ബേബി ആയിരുന്നു.
ജിയോ ബേബിയുടെ വാക്കുകളില്‍ നിന്നും:' ബിഗ് ബോസ് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ ഞാന്‍ റിയാസ് സലീമിനുവേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയാണ്. എല്‍ജിബിടിക്യൂ പ്ലസ് കമ്യൂണിറ്റിക്കുവേണ്ടി അദ്ദേഹം സംസാരിക്കുന്ന ഓരോ കാര്യങ്ങളും ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യകതയാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഞാന്‍ പിന്തുണയ്ക്കുന്നത്.

ഇന്നും സമൂഹത്തില്‍ ഈ വിഭാഗത്തെ നോര്‍മല്‍ ആയി കാണുന്ന വളരെ ചെറിയൊരു വിഭാഗമേ ഉള്ളൂ. ഇത് നോര്‍മല്‍ മനുഷ്യ ജീവിതങ്ങളാണെന്ന് നമ്മള്‍ ഓരോ ദിവസവും പറഞ്ഞുകൊണ്ടിരിക്കേണ്ടതുണ്ട്.
റിയാസ് സലീമിന്റെ സംസാരവും ഇടപെടലുകളുമെല്ലാം ഇന്നത്തെ സമൂഹത്തിന് വളരെ ആവശ്യമുള്ളതാണ്. അതുകൊണ്ടാണ് അദ്ദേഹത്തിനു വേണ്ടി ഞാന്‍ വോട്ട് അഭ്യര്‍ഥിക്കുന്നത്.

വ്യക്തിപരമായി, ഞാന്‍ വിദ്യാര്‍ഥിയായിരിക്കെ 2007-ല്‍ ഹോമോസെക്ഷ്വല്‍ ജീവിതങ്ങളെക്കുറിച്ച് ഷോര്‍ട്ട് ഫിലിം ചെയ്തതിന്റെ പേരില്‍ കോളെജില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥിയാണ്. അന്ന് ഞാനും ശ്രമിച്ചത് ഇത് നോര്‍മല്‍ ആണ് എന്ന് പറയാന്‍ മാത്രമാണ്.
പക്ഷേ അന്നും ഇന്നും സമൂഹം ഒരുപാട് വളരേണ്ടതുണ്ട്, ഇവരെ ഉള്‍ക്കൊള്ളാന്‍. അതിനുവേണ്ടി റിയാസിന്റെ പ്രവര്‍ത്തനങ്ങളോട് ഒപ്പം ഞാന്‍ നില്‍ക്കുന്നു. റിയാസിനുവേണ്ടി വോട്ട് ചെയ്യണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. റിയാസിന് എല്ലാ വിജയങ്ങളും നേരുന്നു.' ജിയോ ബേബി കുറിയ്ക്കുന്നു.


Click it and Unblock the Notifications











