'ഇതിഹാസ താരത്തെ ബിഗ് ബോസ് അവതാരകനായതിന്റെ പേരിൽ തെറി പറയുന്നത് ശരിയല്ല'; ഷിയാസ് കരീം
രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് വിവിധ ഭാഷകളിൽ ടെലികാസ്റ്റ് ചെയ്യപ്പെടുന്ന ബിഗ് ബോസ്. ഈ റിയാലിറ്റി ഷോ ഏറ്റവും വൈകി ആരംഭിച്ച ഭാഷയാണ് മലയാളം. ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തിൽ പൂർത്തിയായിട്ടുള്ളത്.
നാലാം സീസൺ ഫിനാലെയോട് അടുക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച അപ്രതീക്ഷിതമായ നിരവധി സംഭവങ്ങളാണ് ബിഗ് ബോസിൽ നടന്നത്. ഒരാൾ ക്വിറ്റ് ചെയ്ത് പോവുകയും മറ്റൊരാൾ സഹ മത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പുറത്താക്കപ്പെടുകയുമായിരുന്നു.
പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്കിനിടെയാണ് അപ്രതീക്ഷിതമായ സംഭവങ്ങൾ നടന്നത്.
റിയാസിനെ തല്ലിയെന്ന ആരോപണത്തെ തുടർന്ന് ബിഗ് ബോസ് ഇടപെട്ട് റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരുന്നു. ശേഷം നടന്ന സംഭവങ്ങളെ കുറിച്ച് വീട്ടിലെ മറ്റ് അംഗങ്ങളോട് തിരക്കി. അതോടെ റോബിൻ തിരികെ വരാനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കി ജാസ്മിൻ സ്വമേധയ ഷോ ക്വിറ്റ് ചെയ്ത് പോവുകയായിരുന്നു.
പിന്നീട് വീക്കെൻഡ് എപ്പിസോഡിൽ വെച്ച് റോബിനേയും പുറത്താക്കി. സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്ത വ്യക്തിയെ വീട്ടിൽ തുടരാൻ അനുവദിക്കുന്നത് ശരിയല്ലെന്ന് കാണിച്ചാണ് റോബിനെ ബിഗ് ബോസ് പുറത്താക്കിയത്.

ഈ സീസണിൽ ഏറ്റവും കൂടുതൽ ജനപ്രീതി റോബിനാണ് ലഭിച്ചത്. അതിനാൽ തന്നെ റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയപ്പോൾ മുതൽ പ്രേക്ഷകർ റോബിനെ തിരികെ ഷോയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നുണ്ടായിരുന്നു.
അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരിലേക്ക് റോബിന്റെ എവിക്ഷൻ നടന്നുവെന്ന വാർത്തായാണ് എത്തിയത്.
റോബിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് പ്രേക്ഷകരിൽ പലരും ഷോ കാണുന്നത് തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്.

ബിഗ് ബോസ് ഷോയുടെ അവതാരകനായ മോഹൻലാലിന് നേരെയും റോബിന്റെ ആരാധകരുടെ സൈബർ ബുള്ളിയിങ് നടക്കുന്നുണ്ട്.
പലരും വളരെ മോശമായ ഭാഷകളാണ് മോഹൻലാലിനെ അവഹേളിക്കാൻ ഉപയോഗിക്കുന്നത്. ഷോയുടെ അവതാരകൻ മാത്രമായ മോഹൻലാലിനെ ബിഗ് ബോസ് പ്രേക്ഷകർ കുറ്റപ്പെടുത്തുന്നതിനെതിരെ അമർഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് താരവും മോഡലുമെല്ലാമായ ഷിയാസ് കരീം.
ഇന്ത്യൻ സിനിമയിലെ തന്നെ ഇതിഹാസമായ മനുഷ്യനെ ബിഗ് ബോസ് അവതാരകനായതിന്റെ പേരിൽ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് ഷിയാസ് സോഷ്യൽമീഡിയയിൽ കുറിച്ചത്.

'മോഹൻലാൽ എന്ന നടൻ നമുക്ക് ആരാണെന്ന് നിങ്ങൾ മറക്കരുത്. മലയാള സിനിമയുടെ വളർച്ചയിൽ മോഹൻലാൽ എന്ന നടന്റെ പങ്ക് ചെറുതല്ല.'
'മറ്റുള്ള ഇൻഡസ്ട്രി പോലും ഇതിഹാസമെന്ന് വിളിക്കുന്ന മോഹൻലാലിനെ ബിഗ് ബോസ് ഷോയുടെ അവതാരകനാണ് എന്ന ഒറ്റ കാരണം കൊണ്ട് തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓർക്കുക.'
'ബിഗ് ബോസ് സീസൺ ഇനിയും ഉണ്ടാകും. ഇനിയും ഒരുപാട് തരംഗങ്ങൾ ഉണ്ടാകും. പുതിയ താരങ്ങളും ആർമിയും ഉണ്ടാകും. പക്ഷെ മോഹൻലാൽ എന്ന നടൻ ഇവിടെ തന്നെ കാണും. അതിനർത്ഥം മോഹൻലാൽ എന്ന നടൻ വിമർശനത്തിന് അതീതമാണ് എന്നല്ല.'
Recommended Video

'പക്ഷെ ബിഗ് ബോസിന്റെ അവതാരകനായത് കൊണ്ട് മാത്രം മോഹൻലാലിനെ തെറി വിളിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത്.'
'പത്മഭൂഷൺ നൽകി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റെ അവതാരകനായി എന്ന പേരിൽ ചിലർ പോയി തെറി വിളിക്കുന്നത്.....' ഷിയാസ് കരീം കുറിച്ചു.
ഷിയാസിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകൾ വരുന്നുണ്ട്. റോബിനെ പുറത്താക്കിയത് ന്യായമല്ലെന്നും കളിപ്പാവയെപ്പോലെയാണ് മോഹൻലാൽ ഷോയിൽ പെരുമാറുന്നതെന്നുമെല്ലാമാണ് വിമർശിക്കുന്നവർ പറയുന്നത്.


Click it and Unblock the Notifications