'നവീന്റെ മാറ്റം എനിക്ക് പോലും അത്ഭുതമാണ്, ക്ഷമനശിച്ചതുകൊണ്ടാണ് ദേഷ്യപ്പെടുന്നത്'; നവീനെ കുറിച്ച് ഭാര്യ!
ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള മത്സരാർഥികളിൽ ഒരാളാണ് നവീൻ അറയ്ക്കൽ. രണ്ടാം ആഴ്ചയിൽ തന്നെ ക്യാപ്റ്റൻസി നേടിയെടുത്ത് മിടുക്ക് തെളിയിച്ചിട്ടുള്ള മത്സരാർഥി കൂടിയാണ്. അഞ്ചാം ആഴ്ചയിൽ എവിക്ഷൻ കാത്ത് കഴിയുന്നവരിൽ നവീനുമുണ്ട്. ജയിലിൽ അടക്കപ്പെട്ടശേഷമുള്ള നവീന്റെ പെരുമാറ്റം വലിയ രീതിയിൽ ചർച്ചയാക്കപ്പെടുകയും ചെയ്തിരുന്നു.
നവീൻ്റെ ചില നേരത്തെ പ്രവൃത്തികൾ കാണുമ്പോൾ നവീന് എന്താണ് പറ്റിയത് എന്ന് പ്രേക്ഷകർ ചോദിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. നവീന് മാനസീകമായി എന്തോ പ്രശ്‌നമുണ്ട് എന്ന തരത്തിലാണ് വീട്ടിലുള്ളവരും പ്രേക്ഷകരും ആ സമയങ്ങളിൽ സംസാരിച്ചിരുന്നത് പോലും.
നവീൻ്റെ അമിത രസപ്രകടനങ്ങൾ ചേർത്ത് വെച്ച് ട്രോൾ വീഡിയോകളും മീമുമെല്ലാം വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോൾ നവീന്റെ ബിഗ് ബോസിലെ പ്രകടനത്തെ കുറിച്ച് താരത്തിന്റെ ഭാര്യ സീന നവീൻ ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്.
നവീന്റെ ബിഗ് ബോസിലെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തുന്നുണ്ട് എന്നാണ് സീനയും മക്കളും പറയുന്നത്. ചില സാഹചര്യങ്ങളിൽ നവീനെ ഒന്ന് ആശ്വസിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നിയിരുന്നുവെന്നും താരത്തിന്റെ ഭാര്യ പറയുന്നു.

'ഇരുപത്തിനാല് മണിക്കൂറും ഹോട്ട്സ്റ്റാറിൽ പരിപാടി സംപ്രേഷണം ചെയ്യുന്നതിനാൽ വീട്ടിൽ എപ്പോഴും നവീന്റെ സാന്നിധ്യമുള്ളപോലെയാണ്. അവർ എന്താണ് ചെയ്യുന്നത്, കഴിക്കുന്നത്, സംഭവിക്കുന്നത് എന്നെല്ലാം നമുക്ക് എപ്പോഴും കണ്ടുകൊണ്ടിരിക്കാൻ സാധിക്കുന്നുണ്ട്.'
'24 മണിക്കൂറുമുള്ള സ്ട്രീമിങ് ഒരു അനുഗ്രഹമായിട്ടാണ് തോന്നിയത്. തുടക്കത്തിലൊക്കെ വീട്ടിൽ വഴക്കോ, തർക്കമോ നടക്കുമ്പോഴും ആളുകൾ നോമിനേറ്റ് ചെയ്യുന്നത് കാണുമ്പോഴും ഇവരെന്താ ഇങ്ങനെ എന്നൊരു തോന്നലുണ്ടായിരുന്നു. പിന്നെ അതൊന്നും മൈൻഡ് ചെയ്യാതെയായി.'
'ട്രോളുകളും നവീനെ കളിയാക്കിയും കുറ്റപ്പെടുത്തിയുമുള്ള മെസേജുകളോ മീമുകളോ ഒന്നും ഇപ്പോൾ ശ്രദ്ധിക്കാറില്ല. ഗെയിമല്ല എന്ന രീതിയിൽ ചിന്തിച്ച് തുടങ്ങി. നവീനെവെച്ച് ട്രോളുകൾ വരുന്നത് നവീന് റീച്ച് കൂട്ടും.'

'നവരസങ്ങളുടെ മീമുകൾ ഞാൻ ആസ്വദിച്ചിരുന്നു. നവീന് എന്തോ കുഴപ്പമുണ്ട് എന്ന തരത്തിൽ ബ്ലസ്ലി സംസാരിച്ചത് ഒരു തരത്തിലുള്ള ടാർഗറ്റിങും സ്ട്രാറ്റജിയുമായിട്ടാണ് എനിക്ക് തോന്നിയത്. അങ്ങനെ മാനസീകമായി പ്രശ്നമുള്ള വ്യക്തിയല്ല നവീൻ. ഒന്നും ഉള്ളിൽവെക്കാത്തതിനാൽ മുഖഭാവത്തിലൂടെ പുറത്തുവരുന്നതാണ്.'
'ചീത്ത വാക്കുകൾ നാവ് സ്ലിപ്പായി വന്നതാണ്. അല്ലാതെ സ്ഥിരമായി അതൊന്നും ഉപയോഗിക്കുന്ന വ്യക്തിയല്ല. വർഷങ്ങളായി ഞങ്ങൾക്കൊപ്പമുള്ള വ്യക്തിയാണ്. നവീൻ ജയിലിൽ പോയപ്പോൾ അത്രത്തോളം തകർന്ന് പോയത് കൂടെ നിന്നവർ ജോലി ചെയ്തില്ലെന്ന് പറഞ്ഞ് നോമിനേറ്റ് ചെയ്തതുകൊണ്ടാണ്.'
'അല്ലാതെ ജയിലിൽ കിടന്ന വിഷമമാണ് നവീൻ കാണിച്ചതെന്ന് എനിക്ക് തോന്നിയിട്ടില്ല. ചെറിയ രീതിയിൽ പെട്ടന്ന് ദേഷ്യം വരുമെങ്കിലും ആരേയും ഉപദ്രവിക്കില്ല. അതൊക്കെ പറച്ചിൽ മാത്രമാണ്.'

'റോൺസൺ പറഞ്ഞപോലെ ജിമ്മനാണെന്നെയുള്ളൂ.... പിള്ളേരുടെ മനസാണ്. നവീൻ ഇവിടുന്ന് പോയപ്പോൾ ഞാൻ ചോദിച്ചിരുന്നു രണ്ടാഴ്ച നിൽക്കുമോയെന്ന്. പക്ഷെ അവിടെ വീട്ടിൽ വേറൊരു നവീനെയാണ് എനിക്ക് കാണാൻ കഴിഞ്ഞത്.'
'ഭക്ഷണത്തിന്റേ പേരിൽ പരാതിപ്പെടുന്നില്ല, എല്ലാ കാര്യങ്ങളും മനസിലാക്കുന്നു.... ചെയ്യുന്നു... അതൊക്കെ കാണുമ്പോൾ എനിക്കും അത്ഭുതമാണ്. നവീൻ ജയിച്ച് വരണമെന്ന് തന്നെയാണ് ആഗ്രഹം. ഏറ്റവും ഇഷ്ടമുള്ള മത്സരാർഥി നവീൻ കഴിഞ്ഞാൽ പിന്നെ ജാസ്മിനാണ്. എല്ലാം മുഖത്ത് നോക്കി പറയുന്നുണ്ട്' സീന നവീൻ പറഞ്ഞു.

പാടാത്ത പൈങ്കിളി എന്ന ഏഷ്യനെറ്റ് സീരിയലിലാണ് നവീൻ അവസാനമായി പ്രധാന വേഷം ചെയ്‍തത്. 2010ൽ കാണ്ഡഹാർ എന്ന ചിത്രത്തിൽ സൈനികനായാണ് നവീൻറെ സിനിമ രംഗത്തേക്ക് അരങ്ങേറിയത്.
എന്ന് സ്വന്തം ജാനി എന്ന സീരിയലിലെ വില്ലൻ, സീത എന്ന സീരിയലിലെ സുഹൃത്തിന്റെ വേഷം എന്നിവയാണ് നവീനെ ടിവി പ്രേക്ഷകർക്ക് സുപരിചിതനാക്കിയത്. 2012ലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ മായാമോഹിനിയിലും നവീൻ ഒരു വേഷം ചെയ്തിട്ടുണ്ട്. സത്യം ശിവം സുന്ദരം, ഗംഗ, പ്രണയം, ഏഴ് രാത്രികൾ തുടങ്ങിയ സീരിയലുകളിലും നവീൻ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications