'ഇനി എല്ലാവരും ഒന്ന് ഒതുങ്ങും'; രണ്ടാം ആഴ്ചയിലെ ക്യാപ്റ്റനായി നവീൻ അറയ്ക്കൽ!
ബിഗ് ബോസ് നാലാം സീസൺ വളരെ രസകരമായി മുന്നോട്ട് പോവുകയാണ്. മത്സരാർഥികൾ വീടിനുള്ളിൽ നാല് ദിവസം പൂർത്തിയാക്കി കഴിഞ്ഞു. പതിനേഴ് മത്സരാർഥികളാണ് ബിഗ് ബോസ് ടൈറ്റിൽ നേടാൻ വേണ്ടി പോരാടുന്നത്. ഇപ്പോൾ രണ്ടാം ആഴ്ചയിൽ വീട് നിയന്ത്രിക്കാൻ പ്രാപ്തനായ ക്യാപ്റ്റനെ വീട്ടിലെ മത്സരർഥികൾ എല്ലാവരും ചേർന്ന് കണ്ടെത്തിയിരിക്കുകയാണ്. ആദ്യത്തെ ആഴ്ച അശ്വിനാണ് ബിഗ് ബോസ് വീട്ടിൽ ക്യാപ്റ്റനായത്. ജാനകി, നിമിഷ എന്നിവർക്കൊപ്പം മത്സരിച്ചാണ് നാലാം സീസണിലെ ആദ്യത്തെ ക്യാപ്റ്റൻസി പട്ടം അശ്വിൻ നേടിയത്. എന്നാൽ അധിക ദിവസം ക്യാപ്റ്റനായി വീട്ടിൽ കഴിയാൻ അശ്വിന് സാധിച്ചില്ല.
വിക്കീലി ടാസ്കിൽ വന്ന പാളിച്ചകൾ മൂലം അശ്വിൻ ജയിലാക്കപ്പെട്ടതിനാലാണ് ക്യാപ്റ്റൻസി ആസ്വദിക്കാൻ അശ്വിന് സാധിക്കാതിരുന്നത്. വീക്ക്ലി ടാസ്കിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ബിഗ് ബോസ് വീട്ടിലെ മത്സരാർഥികളിൽ ഒരാളായി അശ്വിനും ബ്ലെസ്ലിയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയിലിലേക്ക് പോകും മുമ്പ് തന്റെ ക്യാപ്റ്റൻസി പദവി അശ്വിൻ സഹ മത്സരാർഥിയായ നവീൻ അറയ്ക്കലിന് ബിഗ് ബോസിന്റെ നിർദേശ പ്രകാരം കൈമാറിയിരുന്നു.

പിന്നീടുള്ള സമയങ്ങളിൽ നവീനായിരുന്നു വീട് നിയന്ത്രിച്ചിരുന്നത്. തനിക്ക് കിട്ടിയ ചുരുങ്ങിയ സമയം കൊണ്ട് മനോഹരമായി വീടിനേയും വീട്ടുകാരേയും നിയന്ത്രിച്ച് ഇഷ്ടം നേടാൻ സാധിച്ചതിനാലാണ് രണ്ടാം ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്കിൽ മത്സരിക്കാൻ നവീൻ അറയ്ക്കലിന്റെ പേര് മറ്റുള്ള മത്സരാർഥികൾ നിർദേശിച്ചത്. നവീന് പുറമെ ക്യാപ്റ്റൻസി ടാസ്കിൽ മത്സരിക്കാൻ യോഗ്യത നേടിയത് സുചിത്രയും റോൻസണുമായിരുന്നു. കായികക്ഷമതയും ബുദ്ധിയും ഉപയോഗിച്ച് കളിക്കേണ്ട ടാസ്ക് ആദ്യം പൂർത്തീകരിച്ചത് റോൻസൺ വിൻസെന്റ് ആയിരുന്നു. രണ്ടാമതായാണ് നവീൻ ഗെയിമിൽ വിജയിച്ചത്. പക്ഷെ മത്സരം കൃത്യമായി വിലയിരുത്തിയപ്പോൾ റോൻസൺ ചെയ്തതിൽ പാകപിഴവുകൾ വന്നതിനാൽ നവീനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

കാര്യങ്ങൾ നിയന്ത്രിക്കാനും പ്രാവർത്തികമാക്കാനും ശേഷിയുണ്ട് തനിക്ക് എന്ന് നേരത്തെ തന്നെ നവീൻ കുറഞ്ഞ സമയം കൊണ്ട് തെളിയിച്ചതിനാൽ തന്നെ വീട്ടിലെ മറ്റുള്ളവർക്കും നവീൻ അറയ്ക്കൽ പുതിയ ക്യാപ്റ്റനായതിൽ സംതൃപ്തിയാണ്. നവീൻ പറയുന്ന കാര്യങ്ങൾ കൃത്യമായി മടി കൂടാതെ ചെയ്യാനും മറ്റുള്ളവർ ശ്രമിക്കുന്നുണ്ട്. നവീൻ അറയ്ക്കൽ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതിൽ ബിഗ് ബോസ് പ്രേക്ഷകർക്കും യോജിപ്പാണുള്ളത്. ആദ്യത്തെ ആഴ്ചയിൽ അശ്വിൻ ക്യാപ്റ്റനായപ്പോൾ നിർദേശങ്ങൾ കേൾക്കാനോ നടപ്പിലാക്കാനോ ആരും ശ്രമിച്ചിരുന്നില്ല. അതിനാൽ തന്നെ ഗെയിം കളിക്കുന്നതിനേക്കാൾ കൂടുതൽ സമയം മത്സരാർഥികൾ തമ്മിൽ വാക്കുതർക്കമാണ് ഉണ്ടായത്. നവീൻ കളി തുടങ്ങിയെന്നും എല്ലാവരേയും മനസിലാക്കിയും സാഹചര്യം മനസിലാക്കിയുമാണ് നവീൻ ജോലികൾ പോലും വീതിച്ച് നൽകിയതെന്നും അതിനാൽ തന്നെ ഈ ആഴ്ച പ്രതീക്ഷയുള്ളതാണെന്നും പ്രേക്ഷകർ കമന്റായി കുറിക്കുന്നു. ബിഗ് ബോസ് നാലാം സീസൺ ആരംഭിച്ചപ്പോൾ ആദ്യം വീട്ടിലേക്ക് എത്തിയ മത്സരാർഥി നവീൻ ആയിരുന്നു.

ടെലിവിഷൻ സ്‍ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള മുഖമാണ് നവീൻ അറയ്ക്കലിൻറെത്. സീരിയലുകളിലൂടെയും ടെലിവിഷൻ ഗെയിം ഷോകളിലൂടെയും ആണ് നവീൻ നിറഞ്ഞ് നിൽക്കുന്നത്. ഏഷ്യാനെറ്റിലെ അടക്കം സീരിയലുകളിൽ സ്ഥിരം സാന്നിധ്യമായ നവീൻ ചില സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. ഫിറ്റ്നസ് ഫ്രീക്കായ താരം എന്നാണ് പൊതുവിൽ നവീൻ അറിയപ്പെടുന്നത് തന്നെ. ഇത് തെളിയിക്കുന്നതാണ് നവീൻറെ സോഷ്യൽ മീഡിയ പോസ്റ്റുകൾ. പാടാത്ത പൈങ്കിളി എന്ന ഏഷ്യനെറ്റ് സീരിയലിലാണ് നവീൻ അവസാനമായി പ്രധാന വേഷം ചെയ്‍തത്. 2010ൽ കാണ്ഡഹാർ എന്ന ചിത്രത്തിൽ സൈനികനായി അഭിനയിച്ച് സിനിമയിലും അരങ്ങേറി.


Click it and Unblock the Notifications