ഇനി പറച്ചിലില്ല, പ്രവൃത്തി മാത്രം; പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്തത് ഇടിച്ചുതീര്‍ക്കാന്‍ അവസരം കൊടുത്ത് ലാലേട്ടന്‍
ബിഗ് ബോസ് സീസണ്‍ 4-ന്റെ ഏറ്റവും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പോയവാരം കടന്നുപോയത്. ജാസ്മിനായിരുന്നു ക്യാപ്റ്റന്‍ സ്ഥാനത്ത്. ജാസ്മിന്റെ ക്യാപ്റ്റന്‍സി അമ്പേ പരാജയമായിരുന്നു എന്ന അഭിപ്രായമാണ് ലാലേട്ടന്. ജയിലില്‍ കിടക്കാന്‍ വിധിക്കപ്പെട്ട റിയാസിനേയും റോബിനേയും നിയന്ത്രിച്ചു നിര്‍ത്താന്‍ പലപ്പോഴും ജാസ്മിന് സാധിച്ചിരുന്നില്ല. ഇന്നലെ ലാലേട്ടന്‍ മത്സരാര്‍ത്ഥികളെ കാണാന്‍ വന്നപ്പോള്‍ ജാസ്മിനോട് ഇക്കാര്യം എടുത്തു ചോദിച്ചിരുന്നു. മാത്രമല്ല റിയാസിനേയും റോബിനേയും നല്ല പോലെ വഴക്കും പറഞ്ഞു.
ബിഗ് ബോസ് ഹൗസില്‍ ഇംഗ്ലീഷ് പറയുന്നതിനും തെറി വിളിക്കുന്നതിനും ലാലേട്ടന്‍ ഇരുവര്‍ക്കും അവസാനത്തെ മുന്നറിയിപ്പാണ് കൊടുത്തത്. താത്പര്യമില്ലെങ്കില്‍ ഹൗസ് വിട്ട് ഇരുവര്‍ക്കും പോകാമെന്നും ലാലേട്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളുടെ തെറ്റുകുറ്റങ്ങള്‍ മനസ്സിലാക്കിയ ഇരുവരും ഇവിടെത്തന്നെ തുടര്‍ന്നുകൊള്ളാമെന്ന് സമ്മതിക്കുകയായിരുന്നു. ആദ്യമായാണ് ലാലേട്ടന്‍ ഇത്ര ദേഷ്യത്തില്‍ ഷോയില്‍ സംസാരിക്കുന്നത്.

വഴക്കുകള്‍ പറഞ്ഞു തന്നെ തീര്‍ക്കണമെന്ന് ലാലേട്ടന്‍ എപ്പോഴും പറയാറുള്ളതാണ്. എന്നാല്‍ അത് കയ്യാങ്കളിയിലേക്കും തെറിവിളിയിലേക്കും പോകുന്നത് ഇത്ര വലിയ ഷോയില്‍ നടക്കാന്‍ പാടില്ലാത്തതാണെന്ന് ലാലേട്ടന്‍ പറയുന്നു. ജാസ്മിനോട് ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കാനും ലാലേട്ടന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും പൂച്ചയെപ്പോലെ ലാലേട്ടന് മുന്നിലിരിക്കുന്ന റോബിനെക്കണ്ട് ജാസ്മിന് കുറേക്കൂടി ദേഷ്യം വരികയാണ് ചെയ്തത്. ഇടയ്ക്ക് ബ്രേക്കിന്റെ സമയത്ത് റോബിന്റെയും റിയാസിന്റെയും കുഴപ്പം മൂലം തന്നെ വഴക്ക് പറയുന്നതിന്റെ ദേഷ്യവും ജാസ്മിന്‍ ഉറക്കെ ഹൗസിനുള്ളില്‍ എല്ലാവരും കേള്‍ക്കാന്‍ പാകത്തില്‍ പറഞ്ഞിരുന്നു. ദേഷ്യം തണുക്കാതിരുന്ന ജാസ്മിന്‍ ലാലേട്ടനെക്കുറിച്ചും പറയുന്നു. അദ്ദേഹം തന്റെ വ്യക്തിത്വത്തെ അപമാനിക്കും വിധമാണ് പെരുമാറിയതെന്നു ജാസ്മിന്‍ ഉറക്കെ പറഞ്ഞു.
എന്നാല്‍ പിന്നീട് ബ്രേക്കിന് ശേഷം വന്ന ലാലേട്ടന്‍ ഇക്കാര്യത്തില്‍ ജാസ്മിന് വ്യക്തത നല്‍കുകയായിരുന്നു. പിന്നീട് ജാസ്മിനെ ഒന്ന് തണുപ്പിക്കാന്‍ ജാസ്മിന്റെ പ്രിയപ്പെട്ട നായ്ക്കുട്ടി സിയാലോയുടെ വീഡിയോയും കാണിച്ചുകൊടുത്തു. ഇതുകണ്ടപ്പോഴാണ് അല്പമെങ്കിലും ജാസ്മിന്‍ അടങ്ങിയത്.

കൂടാതെ മത്സരാര്‍ത്ഥികളുടെ സമ്മര്‍ദ്ദവും ദേഷ്യവും കുറയ്ക്കാന്‍ ലാലേട്ടന്‍ മറ്റൊരു പുതിയ ടാസ്‌കും കൊടുത്തു. ഒരു ബോക്‌സിങ്ങ് ബാഗ് കൊടുത്ത് അതില്‍ ഇടിക്കേണ്ടവരുടെ ചിത്രത്തില്‍ ദേഷ്യം തീരുന്നതുവരെ ഇടിച്ച് തീര്‍ക്കാനായിരുന്നു ലാലേട്ടന്‍ മത്സരാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഓരോരുത്തരും തനിക്ക് ഇടിക്കേണ്ടവരുടെ ചിത്രം ബാഗില്‍ ഒട്ടിച്ചുവെച്ച് ദേഷ്യം തീര്‍ക്കുന്നതു വരെ ഇടിച്ചു. തെറി വിളിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാതെ ഓരോരുത്തരോടുമുള്ള ദേഷ്യം ഇടിച്ചു തീര്‍ക്കാനായിരുന്നു ലാലേട്ടന്‍ ആവശ്യപ്പെട്ടത്.
ആദ്യം ഇടിക്കാന്‍ അവസരം കിട്ടിയത് ജാസ്മിനായിരുന്നു. തന്റെ മുഖ്യശത്രു റോബിനെത്തന്നെയാണ് ജാസ്മിന്‍ ഇടിച്ച് പരുവമാക്കിയത്. തന്റെ അച്ഛന് വിളിച്ചതിനും തെറി പറഞ്ഞതിനുമായിരുന്നു ജാസ്മിന്റെ മാരക ഹിറ്റ്. വെറും ചീപ്പായിട്ടുള്ള മൂന്നാം കിട കളിയാണ് റോബിന്റേതെന്ന് ജാസ്മിന്‍ തുറന്നു പറയുന്നു. ധന്യയുടെ അവസരമായിരുന്നു അടുത്തത്. റോണ്‍സണെ അടിക്കാനായിരുന്നു ധന്യയുടെ തീരുമാനം.
പിന്നീട് നിമിഷയ്ക്കായിരുന്നു അവസരം. തന്നെ വെറും പെണ്ണെന്നുവിളിച്ച് അധിക്ഷേപിച്ച വിനയ് മാധവിനെ ഇടിച്ച് തീര്‍ത്തായിരുന്നു നിമിഷ ദേഷ്യം തീര്‍ത്തത്. അഖില്‍ ഇടിച്ചത് റിയാസിനെയായിരുന്നു. കഴിഞ്ഞ ആഴ്ച വന്ന റിയാസിനോട് അടങ്ങാന്‍ പറഞ്ഞായിരുന്നു അഖിലിന്റെ ഇടി.

ബ്ലെസ്‌ലി റോണ്‍സണെയും റോണ്‍സണ്‍ ബെസ്‌ലിയെയുമാണ് ഇടിച്ചിട്ടത്. അപര്‍ണ്ണയും ബെസ്‌ലിയെയാണ് ഇടിച്ചത്. സൂരജ് റോണ്‍സണെ അടിക്കുകയായിരുന്നു. ലക്ഷ്മിപ്രിയയുടെ ഊഴമെത്തിയപ്പോള്‍ റോബിനെയാണ് ഇടിച്ചിട്ടത്. നിനക്ക് പറഞ്ഞാല്‍ കേട്ട് മര്യാദക്ക് കളിച്ചാല്‍ പോരെ, എന്തിനാ വെറുതെ മറ്റുള്ളവരുടെ വായിലിരിക്കുന്നത് കേള്‍ക്കുന്നത് എന്ന് ചോദിച്ചായിരുന്നു ലക്ഷ്മിപ്രിയയുടെ അടി.
ഇനി റോബിനോട് ചോദിച്ചപ്പോള്‍ ആദ്യം തന്നെത്തന്നെ ഇടിയ്ക്കാനായിരുന്നു റോബിന്റെ ആഗ്രഹം. എന്നാല്‍ അതു പറ്റില്ലെന്നു പറഞ്ഞ ലാലേട്ടന്‍ പിന്നീട് റിയാസിനെ റോബിന്‍ തിരഞ്ഞെടുക്കുകയായിരുന്നു. എന്നെ ആര്‍ക്കെങ്കിലും ഇടിയ്ക്കാന്‍ തോന്നുന്നുണ്ടോ എന്നും ഒടുവില്‍ ലാലേട്ടന്‍ മത്സരാര്‍ത്ഥികളോട് ചോദിച്ചിരുന്നു.
ബിഗ് ബോസ് സീസണ്‍ 4 അമ്പത് ദിവസങ്ങള്‍ പിന്നിടുകയാണ്. ഇതിനിടെ ആഴ്ചയവസാനം ഹൗസിനുള്ളില്‍ നിന്ന് ഒരാള്‍ പുറത്തുപോകുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ മത്സരം കൂടുതല്‍ മുറുകുമെന്നാണ് ബിഗ് ബോസ് നിരീക്ഷകരുടെ വിലയിരുത്തല്‍. അതിനായി പുതിയ ഗെയിം പ്ലാനുകളും വ്യക്തമായ സ്ട്രാറ്റജികളും തയ്യാറാക്കുകയാണ് ഹൗസിനുള്ളിലെ പല മത്സരാര്‍ത്ഥികളും.
മാര്‍ച്ച് 27ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4ല്‍ ഇപ്പോള്‍ 14 മത്സരാര്‍ത്ഥികളാണുള്ളത്. വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്‌ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, അപര്‍ണ, ജാസ്മിന്‍, നിമിഷ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്.


Click it and Unblock the Notifications