അൻപതാം ദിവസം കണ്ണീർ കളമായി ബിഗ് ബോസ് ഹൗസ്; നിമിഷയുടെ എവിക്ഷനിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ
ബിഗ് ബോസ് സീസൺ ഫോർ അൻപതാം ദിവസത്തിൽ എത്തിയപ്പോൾ വളരെ സന്തോഷത്തോടെയാണ് എപ്പിസോഡ് ആരംഭിച്ചതെങ്കിലും പ്രേക്ഷകർ പ്രതീക്ഷിച്ചതുപോലെതന്നെ നിമിഷയുടെ എവിക്ഷനിൽ ബിഗ് ബോസ് വീട് കണ്ണീർക്കളമായി മാറുകയായിരുന്നു.
അൻപത് ദിനം പൂർത്തിയാക്കിയതിന് മത്സരാർത്ഥികൾക്ക് മധുരം നൽകിയാണ് മോഹൻലാൽ ഷോ ആരംഭിച്ചത്. തുടർന്ന് അൻപത് ദിവസം പൂർത്തിയാക്കിയ മത്സരാർത്ഥികൾക്ക് ട്രോഫിയും നൽകി. എല്ലാവരും സന്തോഷത്തോടെ ഗാർഡൻ ഏരിയയിൽ ഫോട്ടോ എടുക്കുകയും ചെയ്തു.
തുടർന്ന് ക്യാപ്റ്റൻസി ടാസ്ക്ക് ആയ ജല പീരങ്കിയിൽ അഖിൽ വിജയിക്കുകയും അടുത്ത ആഴ്ചത്തെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. തുടർന്ന് എവിക്ഷൻ പ്രക്രിയക്കായി നോമിനേഷനിൽ ഉണ്ടായിരുന്ന ബ്ലെസ്ലി, ദിൽഷ, റോബിൻ, റോൻസൺ, ജാസ്മിൻ, നിമിഷ എന്നിവരെ ഗാർഡൻ ഏരിയയിലേക്ക് മോഹൻലാൽ അയച്ചു.

ഗാർഡൻ ഏരിയയിൽ ഓരോരുത്തർക്കുമായി ഓരോ ബോക്സ് തയ്യാറാക്കിയിരുന്നു. ദിൽഷ, റോബിന്‍റെ ബോക്സ് തുറക്കാൻ ബിഗ് ബോസ് പറഞ്ഞു, റോബിൻ സേവ്ഡ് എന്ന കാർഡായിരുന്നു അതിൽ.
പിന്നാലെ നിമിഷ, റോൻസണിന്‍റെ ബോക്സ് തുറന്നു. റോൻസൺ സേവ്ഡ് എന്നായിരുന്നു കാർഡിൽ എഴുതിയിരുന്നത്.
തുടർന്ന് ബ്ലെസ്ലി, ദിൽഷയുടെ ബോക്സ് തുറന്നു, ദിൽഷ സേവ്ഡ് ആയിരുന്നു . റോൻസൺ, ജാസ്മിന്‍റെ ബോക്സ് തുറന്നു, ജാസ്മിനും സേവ്ഡ് ആയിരുന്നു.ശേഷം റോബിൻ, ബ്ലെസ്ലിയുടെ ബോക്സ് തുറക്കുകയായിരുന്നു. ബ്ലെസ്ലിയും സേവ്ഡ്,
ഒടുവിൽ ജാസ്മിൻ, നിമിഷയുടെ ബോക്സ് തുറന്നു. പക്ഷേ കാർഡ് എടുത്തിട്ട് ജാസ്മിൻ ഒന്നുംമിണ്ടാതെ നിന്നു. ഒടുവിൽ നിമിഷ എവിക്റ്റഡ് എന്നെഴുതിയ കാർഡ് ജാസ്മിൻ രണ്ടായി കീറി.

ഇത് കണ്ടതോടെ റിയാസ് കരഞ്ഞു, ഒപ്പം ജാസ്മിനും. നീയാണിവിടെ നിൽക്കാൻ എന്നേക്കാളും ബെറ്റര്‍ എന്ന് നിമിഷയോട് പറഞ്ഞുകൊണ്ടാണ് ജാസ്മിൻ കരഞ്ഞത്. നീ ഇങ്ങനെ കരഞ്ഞാൽ ഞാനെങ്ങനെ പോകുമെന്ന് നിമിഷവും ചോദിച്ചു.
തനിക്ക് നിമിഷയെ സേവ് ചെയ്യാമായിരുന്നുവെന്ന് പറഞ്ഞാണ് റിയാസ് കരഞ്ഞത്. വൈൽഡ് കാർഡ് എൻട്രിയിൽ വന്ന വിനയ്‌ക്കും റിയാസിനും നോമിനേഷനിൽ ഉണ്ടായിരുന്നവരിൽ ഒരാളെ രക്ഷപെടുത്താമെന്ന് ബിഗ്‌ബോസ് പറഞ്ഞിരുന്നു.
ആദ്യം നിമിഷയുടെ പേരാണ് ഇരുവരും പറഞ്ഞതെങ്കിലും പിന്നീട് ലക്ഷ്മിപ്രിയ ഒരു വീക്ക് കണ്ടസ്റ്റന്റ് ആണെന്ന് പറഞ്ഞാണ് ലക്ഷ്മിപ്രിയയെ സേവ് ചെയ്തത്. ഇതിൽ റിയാസിന് നല്ല കുറ്റബോധം ഉണ്ടായിരുന്നു.
വീട്ടിലെ ഓരോരുത്തരേയും കെട്ടിപിടിച്ച് നിമിഷ യാത്ര പറഞ്ഞു. ആദ്യം കെട്ടിപിടിച്ച് യാത്ര പറഞ്ഞത് വീട്ടിൽ ഏറ്റവും അധികം കലഹിച്ച ലക്ഷ്മിയെ ആയിരുന്നു. പിന്നാലെ സോറി പറഞ്ഞുകൊണ്ട് ദിൽഷയുമെത്തി. ജാസ്മിനെ പൊന്നുപോലെ നോക്കാമെന്നും ദിൽഷാ പറയുന്നുണ്ടായിരുന്നു.

നിമിഷ പുറത്തയത് ഒട്ടും താങ്ങാനാവാതെ ജാസ്മിൻ പൊട്ടിക്കരഞ്ഞുകൊണ്ടേയിരുന്നു. ഒന്നല്ലെങ്കിൽ ഞാനിവിടെ എല്ലാം തകർക്കുമെന്നും, ഇത് ശരിയല്ലെന്നും തന്നെക്കാൾ നന്നായി നിമിഷ കളിച്ചുവെന്നും നിമിഷക്കാണ് വീട്ടിൽ നിൽക്കാൻ യോഗ്യതയെന്നും പറഞ്ഞ് വീണ്ടും കരയുന്ന ജാസ്മിനെയാണ് കാണാൻ സാധിച്ചത്.
വാതിൽ തുറന്ന് നിമിഷ പുറത്തേക്ക് പോയപ്പോൾ ജാസ്മിൻ നിലത്തിരുന്ന് കരയുകയായിരുന്നു. പുറത്ത് മോഹൻലാലിൻറെ അടുത്ത് പോയ നിമിഷ ഒരിക്കൽ കൂടി വീട്ടിനുളിൽ ഉള്ളവരെ കാണണമെന്നും ജാസ്മിനോട് ചില കാര്യങ്ങൾ പറയണമെന്നും പറഞ്ഞു.
തുടർന്ന് ഉള്ളിൽ ഉള്ളവരെ കാണിച്ചപ്പോൾ ജാസ്മിനോട് നീ ഒരു യോദ്ധാവാണ്, ഈ ഗെയിം നീ എനിക്കായി ജയിക്കണം എന്നും നിമിഷ പറഞ്ഞു. കുറ്റബോധം വേണ്ടെന്ന് റിയാസിനോടും നിമിഷ പറയുകയുണ്ടായി.
അൻപതാമത്തെ എപ്പിസോഡിൽ നിമിഷ ഔട്ടായതോടെ ബിഗ് ബോസ് വീട്ടിലെ കളികൾ ഇനി മുഴുവനായി മാറാൻ പോവുകയാണ്. നിമിഷ ഇല്ലാതെ ജാസ്മിൻ ഇനി എങ്ങനെയാവും വീട്ടിലെ മറ്റ് മത്സരാർത്ഥികളോട് പെരുമാറുക എന്നത് കണ്ട് തന്നെ മനസിലാക്കേണ്ട കാര്യമാണ്.


Click it and Unblock the Notifications