'നിനക്ക് പ്രിയപ്പെട്ടവർ എനിക്കും പ്രിയപ്പെട്ടവർ'; ജാസ്മിന്റെ പങ്കാളിക്കും പട്ടിക്കുട്ടിക്കുമൊപ്പം നിമിഷ!
ബിഗ് ബോസ് സീസൺ ഫോറിലെ ഏറ്റവും നല്ല സൗഹൃദങ്ങളിൽ ഒന്നായിരുന്നു ജാസ്മിനും നിമിഷയും തമ്മിലുള്ളത്. തല്ലുണ്ടാക്കാനും തർക്കിക്കാനും മത്സരിക്കാനും കോമഡി പറയാനുമെല്ലാം ഇരുവരും ഒരുമിച്ചായിരുന്നു. രണ്ടാം ആഴ്ച പുറത്തായി പിന്നീട് സീക്രട്ട് ടാസ്ക്കിലൂടെ നിമിഷ തിരികെ വീട്ടിലെത്തിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ച വ്യക്തികളിൽ ഒരാൾ ജാസ്മിനായിരുന്നു.
നിമിഷ പുറത്തായപ്പോൾ തകർന്ന് പോയിരുന്നു ജാസ്മിൻ. ഒറ്റക്കായപ്പോലെ തോന്നുന്നുവെന്നും താനും നിമിഷയ്ക്കൊപ്പം പുറത്ത് പോകാൻ ആഗ്രഹിക്കുന്നുവെന്നും ജാസ്മിൻ പലവട്ടം പറയുകയുണ്ടായി. മുൻ പരിചയമൊന്നും നിമിഷയ്ക്കും ജാസ്മിനും ഉണ്ടായിരുന്നില്ല.
ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും വീടിനുള്ളിൽ വെച്ചാണ്. ഇപ്പോൾ ഹൗസിന് പുറത്തെത്തിയ നിമിഷ ജാസ്മിന്റെ പ്രിയപ്പെട്ടവരെ സന്ദർശിച്ചിരിക്കുകയാണ്. ജാസ്മിന്റെ പങ്കാളി മോണിക്കയേയും വളർത്തുനായ സിയാലോയേയുമാണ് നിമിഷ സന്ദർശിച്ചത്.
ഇരുവർക്കുമൊപ്പം പകർത്തിയ ചിത്രങ്ങളും നിമിഷ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. മാത്രമല്ല അമ്പത് ദിവസം തികച്ചതിന്റെ ഉപഹാരമായി ബിഗ് ബോസ് അണിയറപ്രവർത്തകർ ജാസ്മിന് നൽകിയ ട്രോഫിയും ഭദ്രമായി ജാസ്മിന്റെ പ്രിയപ്പെട്ടവർക്ക് കൈമാറി.

'നിന്റെ ട്രോഫി സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. സിയാലോയ്ക്ക് ശരിക്കും നിന്നെ മിസ് ചെയ്യുന്നുണ്ട്. നിന്നെ വീണ്ടും കാണാനായി കാത്തിരിക്കുകയാണ് ഞാൻ.'
'മോണിക്ക നല്ലൊരു വ്യക്തിയാണെന്നും' നിമിഷ സോഷ്യൽമീഡിയയിൽ കുറിച്ചു. മോണിക്കയ്ക്കും സിയാലോയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും നിമിഷ പോസ്റ്റ് ചെയ്തിരുന്നു. മോണിക്കയുൾപ്പടെ നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തത്.
വൈകാതെ തന്നെ താൻ മോണിക്കയേയും സിയാലോയിനേയും കാണാൻ പോവുമെന്ന് വീടിന് പുറത്തിറങ്ങും മുമ്പ് നിമിഷ ജാസ്മിനോട് വ്യക്തമാക്കിയിരുന്നു. തനിക്കേറെ പ്രിയപ്പെട്ട അമ്മമ്മയ്‌ക്കൊപ്പമുള്ള ചിത്രവും നിമിഷ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

ബിഗ് ബോസ് സീസൺ 4 തനിക്ക് സമ്മാനിച്ചതാണ് ജാസ്മിൻ എന്ന സുഹൃത്തിനേയെന്ന് പലപ്പോഴായി നിമിഷ പറഞ്ഞിരുന്നു. ജാസ്മിനോട് ദേഷ്യം കുറയ്ക്കാനും സംയമനത്തോടെ മുന്നേറാനുമായിരുന്നു നിമിഷ അവസാനമായി നൽകിയ നിർദേശം.
ഷോയിലെ മികച്ച മത്സരാർത്ഥിയാണെങ്കിലും മോശം വാക്കുകൾ ഉപയോഗിച്ച് വഴക്കുണ്ടാക്കുന്നതാണ് ജാസ്മിന്റെ നെഗറ്റീവ്. അത് ശ്രദ്ധിക്കണമെന്നും നിമിഷ പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു എലിമിനേഷനിലൂടെ നിമിഷ പുറത്തേക്ക് വന്നത്.
ബിഗ് ബോസ് അനുഭവത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം നിമിഷ തുറന്നുപറഞ്ഞിരുന്നു. ജാസ്മിനും ഞാനും ഒരമ്മപെറ്റ മക്കളെപ്പോലെയാണെന്നും ഇത്രയും നല്ലൊരു സുഹൃത്തിനെ തന്നതിന് ബിഗ് ബോസിനോടാണ് നന്ദി പറയുന്നുവെന്നും നിമിഷ പറഞ്ഞിരുന്നു.

ബിഗ് ബോസ് വീട്ടിൽ ജാസ്മിൻ ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കിയിരിക്കുന്നത് നിമിഷയ്ക്ക് വേണ്ടിയാണ്. നിമിഷയ്ക്ക് വേണ്ടി സംസാരിക്കുന്നതും വഴക്കുണ്ടാക്കുന്നതുമെല്ലാം ജാസ്മിനായിരുന്നു.
നിമിഷ അപ്രതീക്ഷിതമായി എവിക്ടായത് ജാസ്മിനെ വല്ലാതെ തളർത്തിയിട്ടുണ്ട്. മാത്രമല്ല പഴയപോലെ ഗെയിമിൽ പോലും ജാസ്മിൻ ആക്ടീവല്ല.
തുടക്കത്തിൽ വളരെ അധികം ജനപിന്തുണയുണ്ടായിരുന്ന മത്സരാർഥിയായിരുന്നുവെങ്കിലും പിന്നീട് ജാസ്മിന്റെ പെരുമാറ്റങ്ങൾ ന്യായത്തിന് നിരക്കാത്തതായി മാറിയതോടെയാണ് ആരാധകർ കുറഞ്ഞത്. ഇപ്പോൾ വൈൽഡ് കാർഡായി വന്ന റിയാസ് സലീമാണ് ജാസ്മിന്റെ ചങ്ങാതി.

ജാസ്മിൻ പെരുമാറ്റത്തിൽ മാറ്റം കൊണ്ടുവന്നില്ലെങ്കിൽ വൈകാതെ ജാസ്മിൻ പുറത്താകാൻ സാധ്യതയുണ്ടെന്ന് നിമിഷ തന്നെ പറഞ്ഞിരുന്നു. അതേസമയം ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നത് പതിമൂന്ന് മത്സരാർഥികളാണ്.
അതിൽ ഒരാൾ ഇയാഴ്ച പുറത്തായേക്കും. ജാസ്മിൻ ഇത്തവണത്തെ എലിമിനേഷനിലില്ല. അപർണ മൾബറിയാണ് പുറത്താകാൻ പോവുന്നത് എന്നാണ് സോഷ്യൽമീഡിയയുടെ കണക്ക് കൂട്ടൽ.
അപർണ, ധന്യ, ലക്ഷ്‍മിപ്രിയ, വിനയ് മാധവ്, ഡോ. റോബിൻ, ദിൽഷ, ബ്ലസ്‍ലി എന്നിങ്ങനെ ഏഴ് പേരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്.


Click it and Unblock the Notifications