'ജുവൽ മേരി മത്സരാർഥിയായി വരണമെന്ന് ആഗ്രഹമുണ്ട്, കാരണം ഇതാണ്'; അനുഭവങ്ങൾ പറഞ്ഞ് റിതു മന്ത്ര!
ബിഗ് ബോസ് നാലാം സീസൺ ആരംഭിക്കാൻ പോവുകയാണ്. മലയാളത്തിൽ ബിഗ് ബോസ് ഷോ ഏഷ്യാനെറ്റിലും അതുപോലെ ഹോട്ട്സ്റ്റാറിലുമാണ് സംപ്രേക്ഷണം ചെയ്യാൻ പോകുന്നത്. നടൻ മോഹൻലാലാണ് മലയാളം ബിഗ് ബോസിന്റെ അവതാരകൻ. ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തിൽ നടന്നിട്ടുളളത്. അതിൽ തന്നെ രണ്ട് സീസണുകളിൽ മാത്രമേ വിജയിയെ കണ്ടെത്താൻ പ്രേക്ഷകർക്ക് സാധിച്ചോള്ളൂ. ഒരെണ്ണം കോവിഡ് സാഹചര്യങ്ങൾ കാരണം പാതിവഴിയിൽ നിർത്തിയിരുന്നു. ഈ കഴിഞ്ഞ ബിഗ് ബോസ് സീസണിൽ വിജയിയായത് നടൻ മണിക്കുട്ടനായിരുന്നു. മൂന്നാം സീസണിൽ ആദ്യ ആഴചയിൽ തന്നെ പ്രകടനത്തിലൂടെ ആരാധകരെ സമ്പാദിച്ച വ്യക്തിയാണ് നടിയും മോഡലുമായ റിതു മന്ത്ര.

സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധനേടിയിട്ടുള്ള റിതു മന്ത്ര മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്നു. അതിമനോഹരമായി പാടുകയും ചെയ്യുന്ന മത്സരാർഥി കൂടിയായിരുന്നു റിതു മന്ത്ര. നാലാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ബിഗ് ബോസ് അനുഭവങ്ങൾ വീണ്ടും പൊടി തട്ടിയെടുത്തിരിക്കുകയാണ് റിതു മന്ത്ര. ഒപ്പം പുതിയ സീസൺ ആരംഭിക്കാൻ പോകുമ്പോഴുള്ള ആകാംഷയും പ്രതീക്ഷയും റിതു മന്ത്ര ഇടൈംസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു.
'ഇരുമ്പ് യുഗത്തിലേക്ക് തിരിച്ച് ചെന്ന അവസ്ഥയായിരുന്നു ബിഗ് ബോസ് ഷോയിൽ എത്തിയപ്പോൾ. ഫോൺ ഇല്ല, ക്ലോക്ക് ഇല്ല, കലണ്ടർ ഇല്ല സൂര്യനെ നോക്കിയാണ് ഞങ്ങൾ സമയം മനസിലാക്കിയത് പോലും. തുടക്കത്തിൽ അതെല്ലാം വളരെ അധികം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പിന്നെ എല്ലാം ശീലിച്ചു. ഞാൻ ബിഗ് ബോസിലേക്ക് കടന്ന നിമിഷം മറക്കാനാവാത്തതാണ്. അപരിചിതമായ ഒരു ലോകത്തേക്ക് കടന്ന കുട്ടിയുടെ അവസ്ഥയായിരുന്നു എനിക്ക്. വളരെ അധികം ധീരത തോന്നിയ നിമിഷമാണത്. 98 ദിവസം ബിഗ് ബോസ് ഹൗസിൽ ജീവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഷോയ്ക്ക് ശേഷം എന്റെ ജീവിതം മൊത്തത്തിൽ മാറി. ജനങ്ങൾ ഇത്രയധികം സ്‌നേഹം നൽകുന്നത് എനിക്ക് സങ്കൽപിക്കാൻ കഴിയുന്നില്ല. ഒരു സിനിമയിൽ അഭിനയിച്ചാൽ ഇത്രയധികം ശ്രദ്ധ കിട്ടും എന്ന് ഞാൻ കരുതുന്നില്ല.'
'ഇപ്പോൾ എനിക്ക് ഒരുപാട് നല്ല സിനിമകൾ വരുന്നുണ്ട്. എന്റെ ക്രാഫ്റ്റ് എത്രത്തോളമാണെന്ന് ഹൗസിൽ വച്ച് അവർ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഞങ്ങളെ പോലെ മറ്റ് പലരുടെയും സ്വപ്‌നം സാക്ഷാത്കരിക്കാൻ ബിഗ് ബോസിന്റെ നാലാം സീസണിനും സാധിക്കും. കഴിവുള്ള ഒരുപാട് പേർക്ക് മികച്ച അവസരം ഷോ നൽകും. ടിവി അവതാരക ജൂവൽ മേരി ഷോയിൽ ഉണ്ടെങ്കിൽ നന്നായിരിയ്ക്കും എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾ അവർക്ക് കൈകാര്യം ചെയ്യാൻ എളുപ്പത്തിൽ സാധിച്ചേക്കും' റിതു മന്ത്ര പറയുന്നു.


Click it and Unblock the Notifications