കാത്തിരുന്ന് കിട്ടി... അവസാന ആഴ്ചയിലെ ക്യാപ്റ്റനായി റിയാസ് സലിം, 'കപ്പും നിനക്ക് തന്നെയെന്ന്' ആരാധകർ!
ഇതുവരെ ബിഗ് ബോസ് മലയാളം സീസണിൽ വന്നിട്ടുള്ള വൈൽഡ് കാർഡുകളിൽ ഏറ്റവും മികച്ച് നിന്നിട്ടുള്ള വൈൽഡ് കാർഡാണ് റിയാസ് സലിം. കാരണം റിയാസ് വന്ന ശേഷം സീസൺ ഫോറിന്റെ കളിയൊട്ടാകെ മാറി. ആരും പ്രതീക്ഷിക്കാത്ത പല ട്വിസ്റ്റുകളും സംഭവിച്ചു.
അതിനാല് തന്നെ ബിഗ് ബോസ് പ്രേക്ഷകർ റിയാസായിരുന്നു ഈ സീസണിലെ ഗെയിം ചേഞ്ചർ എന്നാണ് പറയുന്നത്.
മത്സരം നാൽപ്പത്തി രണ്ട് ദിവസത്തിൽ എത്തിയപ്പോഴാണ് സീസൺ ഫോറിലേക്ക് വൈൽഡ് കാർഡായി റിയാസ് വന്നത്. കഴിഞ്ഞ ആഴ്ച പുറത്തായ വിനയ് മാധവും റിയാസ് ഒരുമിച്ചാണ് വീട്ടിലേക്ക് വന്നത്.
പിന്നാലെ വീട്ടിൽ അപ്രതീക്ഷിതമായ പല സംഭവങ്ങളും നടന്നു. ഈ സീസണിലെ ഏറ്റവും ശക്തരായ രണ്ടുമത്സരാർഥികളാണ് റിയാസ് വന്ന ശേഷം പുറത്ത് പോയത്. അതിൽ ഒരാൾ റോബിനും മറ്റൊരാൾ ജാസ്മിനുമായിരുന്നു.
റിയാസും റോബിനും തമ്മിൽ നടന്ന തർക്കത്തിനിടെ റോബിൻ റിയാസിനെ തല്ലുന്ന സാഹചര്യമുണ്ടായിരുന്നു. പരസ്പരം മത്സരാർഥികൾ തമ്മിൽ കായികമായി ഏറ്റുമുട്ടുന്നത് ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾക്ക് എതിരാണ്. അതിനാൽ തന്നെ റോബിനെ ബിഗ് ബോസിന് പുറത്താക്കേണ്ടി വന്നു. അതുവരെ വീട്ടിൽ ഏറ്റവും കൂടുതൽ പ്രേക്ഷക സപ്പോർട്ട് റോബിനായിരുന്നു.

റോബിന് പിന്നാലെ വീട്ടിൽ നിന്നും മറ്റൊരു മത്സരാർഥിയായ ജാസ്മിനും ക്വിറ്റ് ചെയ്ത് പോയി. ജാസ്മിൻ വാക്ക് ഔട്ട് നടത്തുമെന്നത് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ തന്നെ എല്ലാവർക്കും അത്ഭുതമായിരുന്നു.
റോബിനും ജാസ്മിനും വീട്ടിലുണ്ടായിരുന്നപ്പോൾ മറ്റുള്ള മത്സരാർഥികളുടെ പ്രകടനങ്ങൾ അത്രത്തോളം പ്രതിഫലിച്ച് ഷോയിൽ കാണാൻ സാധ്യമായിരുന്നില്ല. എന്നാൽ ഇരുവരും പുറത്തായതോടെ വീട്ടിലെ മറ്റ് മത്സരാർഥികൾക്ക് കൂടുതൽ സ്പേസ് കിട്ടി തുടങ്ങി.
ഇവരെ പ്രേക്ഷകർ ശ്രദ്ധിക്കാനും വിലയിരുത്താനും തുടങ്ങി. ദിൽഷ അടക്കമുള്ള മത്സരാർഥികൾ എത്രത്തോളം കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നത് പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.

ജാസ്മിനും റോബിനും ഇപ്പോഴും വീട്ടിലുണ്ടായിരുന്നെങ്കിൽ റിയാസ് നേരത്തെ തന്നെ പുറത്താകുമായിരുന്നു. പക്ഷെ ഇപ്പോൾ റിയാസിനും നിരവധി ആരാധകരുണ്ട്. മാത്രമല്ല റിയാസ് കപ്പുയർത്തണമെന്ന് ആഗ്രഹിക്കുന്നവരും നിരവധിയാണ്.
വീട്ടിലേക്ക് വന്നപ്പോൾ മുതൽ ക്യാപ്റ്റനാവുക എന്നത് റിയാസിന്റെ ലക്ഷ്യമായിരുന്നു. പക്ഷെ ഇതുവരെയും സാധിച്ചിരുന്നില്ല. നിരന്തരമായി ജയിലിലേക്ക് പോകാൻ വേണ്ടി മാത്രമാണ് മറ്റുള്ള മത്സരാർഥികൾ റിയാസിനെ തെരഞ്ഞെടുത്തിരുന്നത്.
എന്നാലിപ്പോൾ കാത്തിരുന്ന് കാത്തിരുന്ന് ക്യാപ്റ്റൻസി റിയാസിന്റെ കൈയ്യിലേക്ക് വന്നിരിക്കുകയാണ്. ഈ സീസണിലെ അവസാന ക്യാപ്റ്റൻസി മത്സരത്തിൽ റിയാസാണ് വിജയിയായത്.
Recommended Video

ധന്യ, ദിൽഷ എന്നിവർക്കൊപ്പമാണ് റിയാസ് ക്യാപ്റ്റൻസിക്ക് വേണ്ടി മത്സരിച്ചത്. താഴെ വീഴാതെ കട്ടകൾ കൊളുത്തിൽ തൂക്കുക എന്നതായിരുന്നു ടാസ്ക്ക്. അതിൽ നാലെണ്ണം അതിവേഗത്തിൽ തൂക്കി റിയാസ് വിജയിയായി. പക്ഷെ മത്സരത്തിൽ ബിഗ് ബോസ് തന്നെ ചതിവ് നടത്തിയെന്നാണ് ക്യാപ്റ്റൻസി ടാസ്ക്ക് മത്സരം കണ്ട പ്രേക്ഷകർ പറയുന്നത്.
റിയാസിനെ വിജയിപ്പിക്കണമെന്ന് ബിഗ് ബോസ് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും അതിനാൽ നാല് കൊളുത്തിൽ റിയാസ് കട്ടകൾ തൂക്കിയപ്പോഴേക്കും ബിഗ് ബോസ് ബസറടിച്ച് റിയാസിനെ വിജയിപ്പിച്ചുവെന്നും പ്രേക്ഷകർ ആരോപിക്കുന്നു.
അഞ്ച് കൊളുത്തിലും കട്ടകൾ ആദ്യം ആര് കൊളുത്തുന്നുവോ അവർ വിജയിക്കുമെന്നാണ് ടാസ്ക്ക് ഫയലിൽ ഉണ്ടായിരുന്നത്. അതേസമയം റിയാസ് ക്യാപ്റ്റനായതിൽ താരത്തിന്റെ ആരാധകരും ആവേശത്തിലാണ്. ക്യാപ്റ്റൻസി നേടിയ റിയാസ് തന്നെ അവസാനം ബിഗ് ബോസ് കപ്പുയർത്തുമെന്നാണ് ആരാധകർ സോഷ്യൽമീഡിയയിൽ കുറിക്കുന്നത്.


Click it and Unblock the Notifications