സൗഹൃദം അവസാനിപ്പിച്ച് റോബിനും ദിൽഷയും, സ്വപ്നങ്ങളെല്ലാം സഫലമാകാൻ ദിൽഷയ്ക്ക് ആശംസ നേർന്ന് റോബിൻ!
ബിഗ് ബോസ് മലയാളം സീസൺ ഫോർ ഇതുവരെ മലയാളത്തിൽ വന്നിട്ടുള്ള സീസണുകളിൽ ഏറ്റവും ജനപ്രീതി നേടിയതായിരുന്നു. ന്യൂ നോർമൽ എന്ന ടാഗുമായി വന്ന ഷോ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷക പ്രീതി നേടിയിരുന്നു.
Recommended Video
20 പേരാണ് സീസൺ ഫോറിൽ മത്സരിച്ചത്. അതിൽ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കും മൂന്നാം സ്ഥാനം റിയാസ് സലീമിനുമായിരുന്നു. ദിൽഷ പ്രസന്നന് ഒന്നാം സ്ഥാനം ലഭിച്ചത് മുതൽ വലിയ രീതിയുള്ള വിവാദങ്ങളും പ്രശ്നങ്ങളും നടക്കുന്നുണ്ട്.
ദിൽഷയ്ക്ക് വിജയിയാകാൻ അർഹതയില്ലെന്നാണ് വിജയിയെ പ്രഖ്യാപിച്ചപ്പോൾ മുതൽ ബിഗ് ബോസ് പ്രേക്ഷകരിൽ ചിലർ കുറിച്ചിരുന്നത്. അതിന് കാരണമായി പറഞ്ഞത് പുറത്തായ റോബിന്റെ ആരാധകരുടെ പിന്തുണ ദിൽഷയ്ക്ക് ലഭിച്ചുവെന്നതാണ്.
റോബിൻ എഴുപതാം ദിവസം ഹൗസിൽ നിന്നും പുറത്തായ മത്സരാർഥിയാണ്. സഹമത്സരാർഥി റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലായിരുന്നു റോബിനെ പുറത്താക്കിയത്. റോബിൻ പുറത്തായ ശേഷം ഹൗസിനുള്ളിൽ റോബിന് വേണ്ടി വാദിച്ചതും കളിച്ചതുമെല്ലാം ദിൽഷയായിരുന്നു.

ഹൗസിൽ നിന്ന് പുറത്ത് വന്ന ശേഷം റോബിൻ ദിൽഷയ്ക്ക് വേണ്ടി വോട്ട് ചോദിച്ചിരുന്നില്ല. ഗ്രാന്റ് ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് റോബിൻ തന്റെ ആരാധകരോട് ദിൽഷയ്ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചത്.
ഇതോടെ റോബിന്റെ ആരാധകകരുടെ പിന്തുണ ദിൽഷയ്ക്ക് ലഭിക്കുകയും വോട്ടിങിൽ ഒന്നാം സ്ഥാനത്ത് എത്തുകയുമായിരുന്നു. ദിൽഷയ്ക്ക് ഹൗസിൽ ഏറ്റവും കൂടുതൽ സൗഹൃദം ഉണ്ടായിരുന്ന രണ്ടുപേർ ബ്ലെസ്ലിയും റോബിനുമായിരുന്നു.
ഇവർ രണ്ടുപേരും ദിൽഷയോട് പ്രണയം പറയുകയും ചെയ്തിരുന്നു. പക്ഷെ രണ്ടും ദിൽഷ സ്വീകരിച്ചിരുന്നില്ല. റോബിൻ തന്റെ നല്ല സുഹൃത്തും ബ്ലെസ്ലി തനിക്ക് സഹോദരനെപ്പോലെ മാത്രമാണെന്നുമാണ് ദിൽഷ പറഞ്ഞിരുന്നത്.

ദിൽഷയും റോബിനും തമ്മിലുള്ളത് സൗഹൃദമല്ല പ്രണയമാണെന്ന തരത്തിലും ദിൽറോബ് ആരാധകരുടെ ഇടയിൽ ചർച്ചയുണ്ടായിരുന്നു. ദിൽഷയെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് റോബിനും പലപ്പോഴായി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
ഇതുവരെ അടുത്ത സൗഹൃദം കൊണ്ടുനടന്നിരുന്നവർ ഇപ്പോൾ പിരിഞ്ഞിരിക്കുകയാണ്. ബിഗ് ബോസ് ജയിച്ച് പുറത്ത് വന്നപ്പോൾ മുതൽ കേൾക്കുന്നതാണ് കുറ്റപ്പെടുത്തലുകളെന്ന് പറഞ്ഞിരിക്കുകയാണ് ദിൽഷ.
താൻ അടുത്ത സുഹൃത്തുക്കളെന്ന് കരുതിയിരുന്ന റോബിനോ ബ്ലെസ്ലിയോ തനിക്ക് വേണ്ടി സംസാരിക്കാൻ ഉണ്ടായിരുന്നില്ലെന്നും ഇപ്പോഴും പ്രശ്നങ്ങൾ നേരിടുന്നത് താൻ മാത്രം ആയതിനാൽ ഇരുവരുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയാണെന്നുമാണ് ദിൽഷ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പറയുന്നത്.

മാത്രമല്ല റോബിനെ സോഷ്യൽമീഡിയയിൽ ദിൽഷ അൺഫോളോ ചെയ്യുകയും ചെയ്തു. സൗഹൃദം അവസാനിപ്പിക്കുകയാണെന്ന ദിൽഷയുടെ വീഡിയോ വന്നതോടെ റോബിൻ സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
'സന്തോഷമായി ഇരിക്കൂ ദിൽഷ.... ബഹുമാനം മാത്രമെയുള്ളൂ... നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ... എല്ലാവിധ ആശംസകളും നേരുന്നു. നീ നൽകിയ എല്ലാ ഓർമകൾക്കും നന്ദി.... നൽകിയ പിന്തുണയ്ക്കും നന്ദി പറയുന്നു...' എന്നാണ് റോബിൻ കുറിച്ചത്.

മറുപടിയായി ദിൽഷ കുറിച്ചത് ഇങ്ങനെയായിരുന്നു... 'ബിഗ് ബോസ് ഹൗസിൽ നമ്മൾ ഒരുമിച്ചുണ്ടായിരുന്നപ്പോഴുള്ള എല്ലാ നല്ല ഓർമകൾക്കും താങ്കളോട് നന്ദി പറയുന്നു ഡോക്ടർ. ആ ഓർമകൾ എന്റെ ജീവിത കാലം മുഴുവൻ ഞാൻ ഒപ്പം കൊണ്ടുനടക്കും.'
'നിങ്ങളുടെ സ്വപ്നങ്ങളെല്ലാം നേടാൻ സാധിക്കട്ടയെന്ന് ആശംസിക്കുന്നു. നിങ്ങളുടെ വരാനിരിക്കുന്ന ഭാവിക്ക് എല്ലാവിധ ആശംസകളും' ദിൽഷ മറുപടിയായി കുറിച്ചു. റോബിന് തന്നെ ഉടൻ വിവാഹം കഴിക്കണമെന്നാണെന്നും പക്ഷെ തനിക്ക് അതിന് ഇപ്പോൾ സാധിക്കില്ല സമയം വേണമെന്ന് പറഞ്ഞിരുന്നുവെന്നും ദിൽഷ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്.


Click it and Unblock the Notifications