'റോൺസൺ ആറാടുകയാണ്, മരവാഴ വിളികൾക്കുള്ള മറുപടി'; വീക്കിലി ടാസ്കിലെ പ്രകടനത്തെ കുറിച്ച് പ്രേക്ഷകർ!
മറ്റ് സീസണുകളെ അപേക്ഷിച്ച് പ്രേക്ഷകരുടെ മുൻ ധാരണകൾ തിരുത്തുന്ന പ്രകടനമാണ് പതിനാറ് മത്സരാർഥികളും കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. നാലാം സീസണിലെ മൂന്നാം ആഴ്ചയിൽ പുതിയ പ്രശ്നങ്ങളും വീട്ടിൽ ആരംഭിച്ചിട്ടുണ്ട്. രണ്ടാം ആഴ്ചയിൽ നിമിഷയെ ബിഗ് ബോസ് സീക്രട്ട് റൂമിലേക്ക് മാറ്റിയെങ്കിലും മത്സരാർഥികൾ കരുതിയത് നിമിഷ പുറത്തായി എന്നാണ്. ചൊവ്വാഴ്ചത്തെ എപ്പിസോഡിൽ രണ്ട് ദിവസത്തെ സീക്രട്ട് റൂം വാസത്തിന് ശേഷം നിമിഷ തിരികെ വീട്ടിലെത്തിയിരിക്കുകയാണ്.
വീക്കിലി ടാസ്ക് മത്സരാർഥികൾക്ക് വായിച്ച് കൊടുത്തതും നിമിഷയായിരുന്നു. കൺഫെഷൻ റൂമിലൂടെയാണ് ബിഗ് ബോസ് ഹൗസിലേക്ക് നിമിഷയ്ക്ക് പ്രവേശനം അനുവദിച്ചത്. ആളെ തിരിച്ചറിയാത്ത രീതിയിൽ ഒരു കറുത്ത വസ്ത്രവും ഒരു മുഖംമൂടിയും ധരിച്ചാണ് നിമിഷ വീട്ടിലേക്ക് തിരികെയെത്തിയത്. മുഖംമൂടി വച്ച് എത്തിയ ആളെ ആർക്കും പെട്ടെന്ന് മനസിലായില്ല. ടാസ്കിൻറെ നിയമങ്ങൾ അടങ്ങിയ കുറിപ്പോടെയാണ് നിമിഷ മത്സരാർഥികൾക്കിടയിലേക്ക് എത്തിയത്. ആ സമയം എല്ലാവരെയും ഹാളിലേക്ക് ബിഗ് ബോസ് വിളിച്ചിരുത്തിയിരുന്നു.

മുഖംമൂടി മാറ്റാതെതന്നെ നിമിഷ ടാസ്ക് നിയമങ്ങൾ വായിക്കാൻ തുടങ്ങി. ശബ്ദം കേട്ട മറ്റുള്ളവർ തങ്ങളുടെ സഹമത്സരാർഥിയെ വേഗത്തിൽ തിരിച്ചറിഞ്ഞു. ഇതുവരെയുള്ള വീക്കിലി ടാസ്‍കുകൾ കായികവും ബുദ്ധിപരവുമായ മത്സരക്ഷമത പരിശോധിക്കുന്നവയായിരുന്നെങ്കിൽ ഇത്തവണത്തേത് കലാപ്രകടനങ്ങളുടേതായിരുന്നു. ബിബി ഫോക്കസ് എന്ന് പേര് നൽകിയിരിക്കുന്ന ടീം അവതരിപ്പിച്ച ടെലിവിഷൻ വാരഫലം പ്രേക്ഷകർക്ക് നർമ്മം കലർന്ന നിരവധി നിമിഷങ്ങൾ സമ്മാനിച്ചു. ജ്യോതിഷിയായി റോൺസണും അവതാരകയായി നിമിഷയും പരിപാടിയിലേക്ക് കോളുകൾ വിളിക്കുന്നവരായി ബ്ലെസ്‍ലിയും നവീനും എത്തി.

വീക്ക്ലി ടാസ്കിൽ ആദ്യ പ്രകടനം കാഴ്ചവെച്ചതും ബിബി ഫോക്കസ് ടീം ആയിരുന്നു. എല്ലാവരേയും അമ്പരപ്പിച്ചത് ജ്യോതിഷിയായി റോൺസൺ കാഴ്ചവെച്ച അഭിനയമാണ്. അത്രത്തോളം മനോഹരമായാണ് കൗണ്ടറുകളും മറ്റും റോൺസൺ അവതരിപ്പിച്ചത്. റോൺസണിന്റെ പ്രകടനം പ്രേക്ഷക പ്രീതിയും താരത്തിന് നേടികൊടുത്തിട്ടുണ്ട്. റോൺസണിന്റെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി കുറിപ്പുകളാണ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. 'ഒന്നിലും സജീവമായി പങ്കെടുക്കിന്നില്ല, മസിലും പെരുപ്പിച്ച് വീട്ടിൽ വെറുതെ നടക്കുന്നു' തുടങ്ങിയ വിമർശനങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോൺസണിനെതിരെ ഉയർന്ന് വന്നത്. മൂന്നാമത്തെ ആഴ്ചയിലെ വീക്ക്ലി ടാസ്ക്കിലെ പ്രകടനത്തിലൂടെ വിമർശനങ്ങളെ നിഷ്പ്രഭമാക്കിയിരിക്കുകയാണ് റോൺസൺ.

'റോൺസൻ ആറാടുകയായിരുന്നു എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും. അറിഞ്ഞ് അങ്ങ് തകർത്ത് തൂത്ത് വാരുക ആയിരുന്നു ഇന്ന്. ഒരുപക്ഷെ പ്രതീക്ഷിക്കാത്ത ഒരു വ്യക്തി തകർത്ത കൊണ്ടാണോ എന്ന് അറിയില്ല... ഒറ്റ പ്രകടനത്തിലൂടെ.... ഫാൻ ആക്കി കളഞ്ഞു' തുടങ്ങി റോൺസണിനെ പ്രശംസിച്ച് നിരവധി സോഷ്യൽമീഡിയ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. വീക്കിലി ടാസ്‍കിൽ ആദ്യം കലാപ്രകടനവുമായെത്തിയ ടീം ഫോക്കസിൻറെ പ്രകടനം പ്രേക്ഷകർക്കും മറ്റ് മത്സരാർഥികൾക്കും ആസ്വാദ്യകരമായ അനുഭവമായി. റോൺസൺ, നിമിഷ, നവീൻ, ബ്ലെസ്‍ലി എന്നിവരുടെ പ്രകടനത്തിന് മറ്റ് മൂന്ന് ടീമുകളും ഫൈവ് സ്റ്റാർ റേറ്റിങാണ് നൽകിയത്. ടെലിവിഷൻ താരവും മോഡലുമാണ് റോൺസൺ വിൻസെന്റ്.
Recommended Video

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‍ത വിഗ്രഹണം എന്ന പരമ്പരയിലൂടെയാണ് ടെലിവിഷൻ സീരിയൽ രംഗക്കേത്ത് റോൺസൺ എത്തിയത്. തുടർന്ന് ഭാര്യ, സീത, അനുരാഗം, കൂടത്തായി തുടങ്ങി നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു. സീത, ഭാര്യ, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളായിരുന്നു താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമായിരുന്നു റോൺസൺ. തെലുങ്ക് സിനിമകളിൽ അഭിനയിച്ചതിന് ശേഷമായാണ് മിനിസ്‌ക്രീനിലേക്ക് എത്തിയത്. ചില മലയാള സിനിമകളിലും റോൺസൺ മുഖം കാണിച്ചിട്ടുണ്ട്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് താരം.


Click it and Unblock the Notifications