ജാസ്മിന്റെ ജീവിതാനുഭവമൊക്കെ കൊള്ളാം... പക്ഷെ അസഭ്യത്തിന് നിയന്ത്രണമില്ല, ഇങ്ങനെപോയാൽ ഇമേജ് തകരും!
ബിഗ് ബോസ് നാലാം സീസൺ ആദ്യ ആഴ്ചയുടെ അവസാനത്തോട് അടക്കുകയാണ്. ഇത്തവണ വന്ന പതിനേഴ് മത്സരാർഥികളിൽ ഉദ്ഘാടന ദിവസം മുതൽ സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു ജാസ്മിൻ എം മൂസ. തുടക്കം മുതൽ പ്രേക്ഷക ശ്രദ്ധ ജാസ്മിന് ലഭിക്കാൻ കാരണമായത് അവരുടെ ജീവിതാനുഭവങ്ങൾ ആയിരുന്നു. തീയിൽ കുരുത്ത പെൺകരുത്ത് എന്നാണ് ജാസ്മിനെ വിശേഷിപ്പിച്ചിരുന്നത്. തീർത്തും വിപരീതമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് സ്വന്തം പ്രയത്നത്താൽ സ്വയം അടയാളപ്പെടുത്തി ബിഗ് ബോസിലെത്തിയ മത്സാർഥി കൂടിയാണ് ജാസ്മിൻ. ജിം ട്രെയ്‍നറും ബോഡി ബിൽഡറുമാണ് ജാസ്‍മിൻ എം മൂസ.
ഏതൊരു മനുഷ്യനും പ്രചോദനമാവുന്ന ജാസ്‍മിൻറെ ജീവിതകഥ മാധ്യമങ്ങളിലൂടെ നേരത്തേ ജനശ്രദ്ധ നേടിയിട്ടുള്ളതാണ്. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ പിറന്ന ജാസ്‍മിൻ രണ്ട് തവണ വിവാഹിതയാവുകയും ആ രണ്ട് ബന്ധങ്ങളും വേർപിരിഞ്ഞ ആളുമാണ്. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ 18ആം വയസിലായിരുന്നു ജാസ്മിന്റെ ആദ്യ വിവാഹം. രണ്ടാം വിവാഹബന്ധത്തിൽ നേരിടേണ്ടി വന്ന കടുത്ത പീഡനങ്ങളാണ് ജാസ്‍മിനെ ഒരർഥത്തിൽ സ്വയം കരുത്തയാവാൻ പ്രേരിപ്പിച്ചത്. കൊച്ചിയിലെ ഒരു പ്രമുഖ ഫിറ്റ്നസ് സെൻററിൽ റിസപ്ഷനിസ്റ്റായി ലഭിച്ച ജോലിയാണ് അവരുടെ ജീവിതത്തിൽ വഴിത്തിരിവായത്.

ബോഡി ബിൽഡിംഗിലേക്ക് ഇറങ്ങിയ ജാസ്‍മിൻ നിലവിൽ ബെംഗളൂരുവിൽ ഒരു ഫിറ്റ്നസ് ട്രെയ്‍നർ ആയി പ്രവർത്തിക്കുകയാണ്. മോണിക്ക ഷമി എന്ന തൻറെ സ്ത്രീ സുഹൃത്തുമൊത്ത് ലിവ് ഇൻ റിലേഷൻഷിപ്പിലാണ് ജാസ്‍മിൻ. ഷോയിലെത്തിയ ആദ്യ ദിവസം മുതൽ റിയൽ ആയി നിന്നാണ് ജാസ്മിൻ കളിക്കുന്നത്. ഇത്തവണത്തെ മത്സരാർഥികളിൽ ഏറ്റവും നന്നായി കളിച്ച് മുന്നേറുന്ന ഒരാൾ കൂടിയാണ് ജാസ്മിൻ. നിരവധി പ്രേക്ഷകർ ഇതിനോടകം തന്നെ ജാസ്മിന്റെ ആരാധകരായി മാറിയിട്ടുണ്ടെങ്കിലും രണ്ട് ദിവസം പിന്നിട്ടപ്പോഴേക്കും ജാസ്മിൻ ഉപയോഗിക്കുന്ന പദങ്ങളുടെ പേരിൽ വിമർശനങ്ങൾ നേരിടുകയാണ്. ജാസ്മിന്റെ ആരാധകർ പോലും അവർ മറ്റ് മത്സരാർഥികളോട് നടത്തുന്ന ഭാഷാ പ്രയോഗത്തിൽ അസംതൃപ്തരാണ്. ശാരീരികമായും മാനസികമായും ജാസ്മിൻ നേടിയ അനുഭവം മാതൃകയാക്കാവുന്നതാണെങ്കിലും ആ ജീവിതത്തിൽ അവർ ശീലിച്ച സംസാര രീതി മാത്രം മോശമായി പോയി എന്നാണ് ഉയരുന്ന വിമർശനം.

'വളരെ മോശമായ രീതിയിലാണ് ജാസ്മിൻ സംസാരിക്കുന്നത്. സംസാരത്തിൽ സംസ്‌കാരമില്ല. വീട്ടിലെ കിടപ്പുമുറിയിൽ സംസാരിക്കുന്നത് പോലെ അല്ല എന്ന് ഓർമിപ്പിക്കേണ്ടിയിരിയ്ക്കുന്നു. കുട്ടികളും പ്രായമായവരും അടക്കം കുടുംബ പ്രേക്ഷകർ എല്ലാവരും കാണുന്ന ഷോ ആണെന്നിരിക്കെ ഇത്രയും മോശമായ സംസാര രീതി ഒഴിവാക്കേണ്ടതാണ്. ചിലപ്പോൾ തോന്നും ഓടി നടന്ന് വഴക്കുണ്ടാക്കി താൻ ആക്ടീവ് ആണ് എന്ന് കാണിക്കാനുള്ള തത്രപ്പാടിലാണ് ജാസ്മിൻ. തെണ്ടി, പെണ്ണുമ്പിള്ള, തള്ള തുടങ്ങിയ പ്രയോഗങ്ങളെല്ലാം ജാസ്മിൻ വളരെ അധികം സംഭാഷണങ്ങളിൽ ഉൾപ്പെടുത്തുന്നു' തുടങ്ങിയ വിമർശനങ്ങളാണ് ജാസ്മിന് നേരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കൂടാതെ തെറ്റ് സമ്മതിച്ചാലും പിന്നാലെ നടന്ന് വഴക്ക് ഉണ്ടാക്കുന്ന ജാസ്മിന്റെ രീതിയും വെറുപ്പ് ഉളവാക്കുന്നു എന്ന വിമർശനങ്ങളും വരുന്നുണ്ട്.
Recommended Video

ലക്ഷ്മി പ്രിയയുടെ പെരുമാറ്റത്തെയും അവസരം കിട്ടുമ്പോൾ എല്ലാം ജാസ്മിൻ വിമർശിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നുണ്ട്. ഡോ. റോബിനേയും പിന്നാലെ നടന്ന് സംസാരികച്ച് ആക്രമിക്കാൻ ജാസ്മിൻ ശ്രമിക്കുന്നുണ്ട്. തന്നോട് സംസാരിക്കുന്നവരെ കളിയാക്കുകയും പുച്ഛിച്ച് തള്ളുകയും ജാസ്മിൻ ചെയ്യാറുണ്ട്. ക്യാപ്റ്റനറിയാതെ മുറിയിൽ കയറിയ റോബിനെതിരെ രൂക്ഷ വിമർശനമാണ് ജാസ്മിൻ ഉന്നയിച്ചത്. ഡോക്ടർ റോബിന് ലക്ഷ്വറി പോയിൻറ് ഒന്നും പ്രധാനമല്ലെന്നും വ്യക്തിപരമായ ഗെയിമിന് വേണ്ടി അയാൾ നഷ്ടപ്പെടുത്തിയത് 500 പോയിൻറുകളാണെന്നും ജാസ്മിൻ തുറന്നടിച്ചിരുന്നു. പാവ എടുത്തതിനെ ചൊല്ലി പലതവണ ജാസ്മിനും റോബിനും തമ്മിൽ ഏറ്റുമുട്ടി. അത്യാഗ്രഹം കൊണ്ട് ഞാനത് എടുത്താതണെന്ന് അങ്ങ് പറഞ്ഞാ മതി എന്ന് ജാസ്മിൻ പറഞ്ഞതോടെ അത് പറയാൻ മനസില്ലെന്ന് പറഞ്ഞ് റോബിനും പൊട്ടിതെറിച്ചു. എല്ലാവരോടും അസഭ്യ പ്രയോഗങ്ങൾ നടത്തുന്നതിൽ ജാസ്മിൻ നിയന്ത്രണം വരുത്തിയില്ലെങ്കിൽ ഇമേജ് തകരുമെന്നും സോഷ്യൽമീഡിയ അഭിപ്രായപ്പെടുന്നുണ്ട്.


Click it and Unblock the Notifications











