അഖിലിന്റെ പിരിഞ്ഞ് പോക്ക് കരളലിയിക്കും കാഴ്ചയായി; ഞെട്ടൽ മാറാതെ റോബിൻ ആരാധകർ
ബിഗ് ബോസ് പ്രേക്ഷകർക്ക് ഇന്നത്തെ എവിക്ഷൻ നിറകണ്ണുകളോടെ അല്ലാതെ കാണാൻ കഴിഞ്ഞിരുന്നില്ല. ആരും പ്രതീക്ഷിക്കാത്ത ഒരു മത്സരർഥിയാണ് ഇത്തവണ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോയത്. ബിഗ് ബോസ് വീടിന് അകത്തും പുറത്തും അധികം വിരോധികൾ ഇല്ലാത്ത അഖിൽ.
ബിഗ് ബോസ് വീട്ടിൽ തന്റെ നിലപാടുകൾ ശക്തമായി തുറന്ന് പറയുകയും പല പ്രശ്നങ്ങളും ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുള്ള ഒരു മത്സരാർഥിയാണ് അഖിൽ. ബിഗ് ബോസ് വീട്ടിൽ ഈ സീസണിൽ മൂന്ന് തവണ ക്യാപ്റ്റൻ ആയ ഏക മത്സരാർത്ഥി.
എന്നാൽ മൂന്നാം തവണ ക്യാപ്റ്റൻ സ്ഥാനത്ത് ഇരുന്ന് ഒരാഴ്ച പൂർത്തീകരിക്കാൻ അഖിലിന് കഴിയാതെപോയി. സുഹൃത്ത് സുചിത്രക്ക് സംഭവിച്ച അതെ കാര്യമാണ് ഇത്തവണ അഖിലിനും സംഭവിച്ചത്. ക്യാപ്റ്റൻ ആയിരിക്കെ വീട്ടിൽ നിന്നും പുറത്ത് പോയി.

ഇത്തവണത്തെ എവിക്ഷൻ ലിസ്റ്റിൽ വന്നത് ലക്ഷ്മിപ്രിയ, റിയാസ്, റൊൺസൺ, ബ്ലെസ്ലി, അഖിൽ, സൂരജ്, വിനയ് മാധവ് എന്നിവരാണ്. ദിൽഷയും ധന്യയും ഇത്തവണത്തെ എവിക്ഷൻ ലിസ്റ്റിൽ വന്നില്ല.
ലിസ്റ്റിൽ ഉള്ള ഏഴ് മത്സരാർഥികളിൽ ലക്ഷ്മിപ്രിയ സേവ് ആയെന്ന് കഴിഞ്ഞ ദിവസം തന്നെ മോഹൻലാൽ പറഞ്ഞിരുന്നു. മറ്റ് മത്സരാർഥികളിൽ ആരാവും പുറത്ത് പോവുക എന്ന കാര്യത്തിൽ ആശങ്കയിലായിരുന്നു മത്സരാർഥികളും പ്രേക്ഷകരും.
പ്രേക്ഷകരിൽ പലരും കരുതിയിരുന്നത് റിയാസ് പുറത്താകും എന്നാണ് എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. എവിക്ഷനിൽ ഉള്ളവരുടെ പേരിൽ റിയാസും റൊൺസനും രക്ഷപെട്ടുവെന്ന് മോഹൻലാൽ പറഞ്ഞു.
മറ്റ് നാലുപേരോട് ഗാർഡൻ ഏരിയയിൽ അവരവരുടെ പേരിലുള്ള പോടിയത്തിന് അരികിലായി സ്ഥാനം ഉറപ്പിക്കാൻ ആവശ്യപ്പെട്ടു. എല്ലാ പോടിയതിലും ഓരോ പെട്ടികൾ ഉണ്ടായിരുന്നു. ഓരോരുത്തരോടും കണ്ണ് മൂടി പെട്ടിക്കുള്ളിൽ കൈ ഇടാൻ ആവശ്യപ്പെട്ടു.

ബിഗ് ബോസ് പറയുമ്പോൾ മാത്രമേ ഓരോരുത്തരും കൈ ഉയർത്താൻ പാടുണ്ടായിരുന്നുള്ളു. കൈയിൽ പച്ച നിറത്തിലുള്ള ചായം ആണെങ്കിൽ അകത്തും ചുവപ്പ് നിറത്തിലുള്ള ചായം ആണെങ്കിൽ ബിഗ് ബോസ് വീടിനു പുറത്തും ആവും.
ബ്ലെസ്ലി ആദ്യം കൈ ഉയർത്തി. പിന്നാലെ വിനയും. അഖിലിനെയും സൂരജിനെയും അവസാനമാണ് കൈ ഉയർത്താൻ ആവശ്യപ്പെട്ടത്. ഇരുവരും ഒരുമിച്ച് ഉയർത്തിയപ്പോൾ അഖിലിന്റെ കൈയിൽ ചുവപ്പ് നിറം ആയിരുന്നു.
തുടർന്ന് വീട്ടിൽ നടന്നത് നാടകീയമായ രംഗങ്ങളായിരുന്നു. സൂരജ് വളരെ വൈകാരികമായാണ് പെരുമാറിയത്. അഖിലിനെ കെട്ടിപിടിച്ച് കരഞ്ഞ സൂരജ്, താനും ഒപ്പം വരുന്നു എന്ന് പറഞ്ഞ് അഖിലിനെ വിടാതെ പിടിച്ചുവയ്ക്കുകയായിരുന്നു. ഈ രംഗങ്ങൾ കണ്ടുനിന്ന മറ്റ് മത്സരാർഥികൾക്കും കണ്ണീർ അടക്കാൻ ആയില്ല.
സഹോദരങ്ങളെപോലെയായിരുന്നു ഇരുവരും ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞിരുന്നത്.

പ്രേക്ഷകരും അഖിലിന്റെ എവിക്ഷനിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഒരു പരിധിവരെ സെയ്ഫ് ആയി കളിച്ചിരുന്ന മത്സരാർഥി ആയിരുന്നു അഖിലെങ്കിലും പല കാര്യങ്ങളിലും തനിക്കുള്ള നിലപാടുകൾ താരം വെട്ടി തുറന്ന് പറഞ്ഞിരുന്നു. ഇത്തവണത്തെ എവിക്ഷനിൽ റോബിൻ ആരാധകരും വലിയ നിരാശയിലാണ്.
റിയാസ് പുറത്ത് പോകും എന്ന് കരുതിയിരുന്ന റോബിൻ ആരാധകർക്ക് ഈ വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല. ടാസ്ക്കിൽ മനോഹരമായി കളിച്ചത് കാരണം അടുത്ത ആഴ്ചയിലെ എവിക്ഷനിൽ നിന്നും റിയാസ് ഒഴിവാക്കപ്പെട്ടതും റോബിൻ ആരാധകരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


Click it and Unblock the Notifications