'ഒരു തേപ്പ് കിട്ടിയിട്ടുണ്ടെന്ന് ആ ചിരിയിൽ നിന്നും വ്യക്തമാണ്'; പ്രണയതകർച്ചയെ കുറിച്ച് ഡോ.മച്ചാൻ പറഞ്ഞത്!
ബിഗ് ബോസ് നാലാം സീസൺ ആരംഭിച്ചത് മുതൽ ഏറ്റവും കൂടുതൽ കേൾക്കുന്ന അല്ലെങ്കിൽ ചർച്ച ചെയ്യപ്പെടുന്ന പേരാണ് ഡോ.റോബിന്റേത്. ബിഗ് ബോസ് നാലാം സീസണിൽ എത്തി ചുരുങ്ങിയ സമയം കൊണ്ട് ഡോ.റോബിന് പ്രേക്ഷകരുടെ മനസിൽ തന്റെ പേര് പതിപ്പിക്കാൻ സാധിച്ചു. മോട്ടിവേഷണൽ സ്‍പീക്കറെന്ന നിലയിൽ ആയിരക്കണക്കിന് ആരാധകരുള്ള ഡോ. റോബിൻ രാധാകൃഷ്‍ണൻ സോഷ്യൽ മീഡിയയിലും പുറത്തും ഒരുപോലെ താരമാണ്. ഡോ.മച്ചാൻ എന്ന പേരിൽ പ്രശസ്‍തനായ അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ ആയിരങ്ങൾക്ക് ഉപകാരപ്രദമാകാറുണ്ട്.
ഇപ്പോൾ ഡോ.റോബിന്റെ പഴയൊരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. പ്രണയതകർച്ചകൾ ഉണ്ടാകുമ്പോൾ അതിനെ എങ്ങനെ മറികടക്കാം എന്നതടക്കമുള്ള കാര്യങ്ങളാണ് റോബിൻ വീഡിയോയിലൂടെ പറയുന്നത്. സ്വന്തം ജീവിതത്തിൽ പ്രണയത്തകർച്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ അതിനുള്ള മറുപടിയും റോബിൻ നൽകുന്നുണ്ട്. കൗമുദി ടിവിക്ക് 2019ൽ റോബിൻ നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. ബിഗ് ബോസ് വീട്ടിൽ എത്തിയശേഷം നാലാം സീസണിൽ ആദ്യമായി ലവ് സ്ട്രാറ്റജി പയറ്റിയ മത്സരാർഥി കൂടിയാണ് റോബിൻ.

സഹമത്സരാർഥികളടക്കം റോബിന് ലവ് സ്ട്രാറ്റജി ഉള്ളതായി പരസ്പരം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. സഹ മത്സരാർഥിയായ ദിൽഷയോടാണ് റോബിൻ പ്രണയം പറയാൻ ശ്രമിച്ചത്. 'പ്രണയം എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാകും. അത്തരം പ്രണയങ്ങളിൽ ചിലതിന് ശുഭപര്യവസാനവും മറ്റ് ചിലത് പാതി വഴിയിൽ തകരുകയും ചെയ്യും. പ്രണയതകർച്ച എന്നത് വലിയൊരു കുഴിയാണ്. ആ കുഴിയിലേക്ക് അറിഞ്ഞുകൊണ്ട് വീഴുന്നവരും അറിയാതെ വീഴുന്നവരുമുണ്ട്. അറിഞ്ഞുകൊണ്ട് വീഴുന്നവർ വൈകാതെ ജീവിതത്തിലേക്ക് തിരിച്ച് വരും പുതിയ കാര്യങ്ങളിലേക്ക് കടക്കും.'

'എന്നാൽ അപ്രതീക്ഷിതമായി പ്രണയതകർച്ച നേരിടേണ്ടി വരുന്നവർ വലിയ വിഷാദത്തിലേക്ക് വീണേക്കും. ചിലപ്പോൾ ഒരുപാട് നാളുകൾ അവർക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ ആവശ്യമായി വരും. പ്രണയം തകർന്നവർ ആ പ്രണയത്തെ കുറിച്ചുള്ള ഓർമകൾ മറക്കാനായിരിക്കും ശ്രമിക്കുക. എന്നാൽ ശരിക്കും ചെയ്യേണ്ടത് അവയെ കുറിച്ചത് വീണ്ടും ഓർത്ത് പ്രണയം തകർന്നുവെന്ന് ഉൾക്കൊണ്ട് അതിനനുസരിച്ച് പാകപ്പെട്ട് ജീവിക്കുക എന്നതാണ്. പ്രണയതകർച്ച തുടരെ തുടരെ സംഭവിക്കാൻ തിരിക്കാൻ ആവശ്യമായതെല്ലാം ചെയ്യുക. ഒരാളുമായി പ്രണയത്തിലാകുമ്പോൾ അയാളുടെ ഇഷ്ടങ്ങളെ അവഗണിക്കാതിരിക്കുക' പ്രണയം തകർച്ച സംഭവിച്ചവർക്കും പ്രണയിക്കുന്നവർക്കും വേണ്ടി ഡോ.റോബിൻ പറഞ്ഞു.

ബിഗ് ബോസിൽ ഡോ.റോബിൻ മത്സരാർഥിയായ ശേഷമാണ് പ്രേക്ഷകർ അദ്ദേഹത്തിന്റെ പഴയ വീഡിയോകൾ വീണ്ടും കുത്തിപൊക്കിയിരിക്കുന്നത്. വീഡിയോ അവസാനിക്കുമ്പോൾ പ്രണയതകർച്ച സ്വന്തം ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് അവതാരക ചോദിച്ചപ്പോൾ മൗനം നിറഞ്ഞ പുഞ്ചിരിയാണ് ഡോ. റോബിൻ നൽകിയത്. വീഡിയോ വൈറലായതോടെ റോബിനും തേപ്പ് കിട്ടിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പ്രേക്ഷകരും. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്ന റോബിൻ രാധാകൃഷ്‍ണൻ സോഷ്യൽ മീഡിയയിലൂടെയാണ് ഡോക്ടർ മച്ചാൻ എന്ന പേരിൽ താരമായത്.

അഭിനയ രംഗത്തും തിരക്കഥയിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ചിദംബരം ഗവ. മെഡിക്കൽ കോളേജിലാണ് മെഡിക്കൽ പഠനം പൂർത്തിയാക്കിയത്. 31 വയസുകാരനായ ഡോ.റോബിൻ രാധാകൃഷ്‍ണൻ അവിവാഹിതനാണ്. നാഷണൽ യൂത്ത് ഐക്കൺ അവാർഡ് കമ്മിറ്റി ഏർപ്പെടുത്തിയ ഗ്ലോബൽ യൂത്ത് ഐക്കൺ അവാർഡിനും റോബിൻ അർഹനായിരുന്നു. അയ്യായിരത്തിലധികം പേരിൽ നിന്ന് ഓൺലൈൻ വോട്ടിങിലൂടെയും വിധികർത്താക്കളുടെ തീരുമാനപ്രകാരവും തെരഞ്ഞെടുത്ത 25 പേരിൽ ഉൾപ്പെട്ട ഒരേയൊരു മലയാളിയായിരുന്നു അദ്ദേഹം. മോട്ടിവേഷണൽ ആന്റ് ഇൻസ്‍പെയറിങ് യൂത്ത് വിഭാഗത്തിലാണ് അവാർഡ്.


Click it and Unblock the Notifications