എവിടെങ്കിലും ഇറങ്ങി പോയി തരാമോന്ന് ഭാര്യ, ഇങ്ങനൊരു മകന്‍ ജനിച്ചിട്ടില്ലെന്ന് അമ്മ! അഖില്‍ മാരാരുടെ ജീവിതകഥ
ബിഗ് ബോസ് വീട്ടില്‍ തീപാറുന്ന മത്സരങ്ങളാണ് കണ്ട് കൊണ്ടിരിക്കുന്നത്. ഷോ തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ മത്സരാര്‍ഥികളെല്ലാവരും ഒന്നിനൊന്ന് ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. അതേ സമയം ഈ സീസണില്‍ ശക്തനായി മാറാന്‍ സകല സാധ്യതയുമുള്ള മത്സരാര്‍ഥിയാണ് അഖില്‍ മാരാര്‍.
സംവിധായകന്‍ കൂടിയായ അഖില്‍ ബിഗ് ബോസിനകത്ത് മിന്നുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. അതേ സമയം സമൂഹ മാധ്യമങ്ങളില്‍ താരത്തിന് വലിയ തോതില്‍ വിമര്‍ശനങ്ങളും ലഭിക്കുന്നുണ്ട്. ഇന്നത്തെ അവസ്ഥയിലേക്ക് അഖില്‍ വളര്‍ന്നത് പ്രതിസന്ധികളില്‍ നിന്നുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ നന്ദു കൃഷ്ണ എന്നയാള്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണിപ്പോള്‍.

അഖില്‍ മാരാരുടെ ജീവിതത്തിലൂടെ....
'ജീവിതം പൂര്‍ണമായും അവസാനിക്കാന്‍ പോകുന്നു എന്ന അവസ്ഥയില്‍ നിന്നും സ്വപ്നം കണ്ടിരുന്നതെല്ലാം ഒരിക്കലും നടക്കില്ല എന്ന യാഥാര്‍ഥ്യത്തില്‍ നിന്നും ഓടി കയറി വന്നവന്‍. ക്‌ളീഷേ ആയി തോന്നുന്നവര്‍ക്ക് അവഗണിക്കാം. 10 ക്ലാസ് വരെ സ്വന്തമായി വീടില്ലായിരുന്നു. പല ഇടങ്ങളിലായി ഏഴിലധികം വാടക വീട്ടില്‍ താമസിച്ച എനിക്ക് മാമന്റെ മരണമാണ് സ്വന്തമായി ഒരു വീട് ലഭിക്കാന്‍ കാരണമാകുന്നത്. മാമന്റെ ഓഹരി അമ്മയ്ക്ക് ലഭിച്ചതാണ് കാരണം.
കുട്ടിക്കാലം മുതല്‍ നേരിട്ട അവഗണന ആയിരുന്നു എന്നില്‍ ഒരു തീ സൃഷ്ടിച്ചത്. അമ്മയറിയാതെ ആകെ ചെയ്തിരുന്നത് ക്രിക്കറ്റ് കളിക്കാന്‍ പോകുന്നതും ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ പോകുന്നതുമായിരുന്നു. സ്വന്തമായി ഒരു ടിവിയൊക്കെ സ്വപ്നമായിരുന്ന അക്കാലത്ത് ആരെയെങ്കിലും വീടിന്റെ ജനലിലൂടെ കളി കണ്ട് നില്‍ക്കും. ഒരിക്കല്‍ ഒരു വീട്ടില്‍ കളി കണ്ട് നില്‍ക്കുമ്പോള്‍ ഒരു വലിയ കാര്‍ അവിടെ വന്ന് നിന്നു. അംബാസിഡര്‍ മാത്രം കണ്ട് ശീലിച്ച എന്റെ മുന്നില്‍ ഒരു ഒരു സൂപ്പര്‍ കാര്‍ വന്ന് കിടക്കുന്നു.
മാരുതി എസ്റ്റീം ആണ്. വന്ന ആള്‍ വെളിയില്‍ നിന്ന എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി. സ്‌കൂള്‍ യൂണിഫോമില്‍ കളി കണ്ട് നിന്നതാവാം അയാളുടെ നോട്ടത്തിന്റെ രൂക്ഷതയ്ക്ക് കാരണം എന്നെനിക്ക് തോന്നി. കളി കണ്ട് നിന്ന എന്റെ ശ്രദ്ധ കാറിലായി. ഞാന്‍ പതിയെ കാറിന്റെ അടുത്തു ചെന്ന് നിന്ന് വണ്ടിയില്‍ കുറച്ചു സമയം നോക്കി. തുറന്ന് നോക്കി അകമൊന്ന് കണ്ടാലോ. മനസ് കൊതിച്ചു. തുറക്കാനായി ഡോറില്‍ ഒന്ന് പിടിച്ചതും പിടലിക്ക് ശക്തമായ ഒരടി.
അടി കൊണ്ട് തിരിഞ്ഞ എന്നെ പിടിച്ചു വലിച്ചു അയാള്‍ വെളിയില്‍ ആക്കി. ഇത് കണ്ടിറങ്ങി വന്ന വീട്ടുകാരനെ നോക്കി അയാളുടെ വക ഒരുപദേശവും ഇവനെ പോലുള്ളവന്മാരെ ഒന്നും വീടിന്റെ പരിസരത്തു കയറ്റരുത്. കളിയും പറിയുമൊന്നും കാണാന്‍ അല്ല ഓരോന്ന് മോഷ്ടിക്കാന്‍ കയറുന്നതാ. കരഞ്ഞു കൊണ്ട് നിന്ന എനിക്ക് ജനലിന് താഴെ വെച്ച എന്റെ ബാഗ് എടുക്കണം എന്നുണ്ടായിരുന്നു. ഞാന്‍ അയാളോട് ബാഗ് എന്ന് പറഞ്ഞു.
അപ്പോഴാണ് എന്റെ ബാഗ് ജനലിനു പുറത്തിരിക്കുന്നത് അയാള്‍ കണ്ടത്. ബാഗ് എടുത്തു ഉയര്‍ത്തിയ ശേഷം 'അയാള്‍ എന്തേലും പറക്കി ഇതില്‍ ഇട്ടിട്ടുണ്ടോടാ..' അതും പറഞ്ഞ് അയാള്‍ സിപ്പ് തുറന്ന് ബാഗ് തലകീഴായി കുലുക്കി. പുസ്തകത്തിനും ഉച്ചയൂണിനും ഒപ്പം ബാഗില്‍ പറക്കി ഇട്ട കുറച്ചു കശുവണ്ടിയും താഴെ വീണു. താഴെ വീണ കശുവണ്ടി നോക്കി താന്‍ പറഞ്ഞത് എത്ര ശരിയെന്ന മട്ടില്‍ അയാള്‍ വീട്ടുകാരനെ നോക്കി പറഞ്ഞു.
കണ്ടോ, സ്‌കൂളില്‍ പോകും എന്ന് പറഞ്ഞു ഇറങ്ങി ഓരോ വീട്ടില്‍ കയറി ഇത് പോലെ ഓരോന്ന് പെറുക്കി നടക്കും. പത്തു വീട്ടില്‍ നിന്ന് പത്തെണ്ണം കിട്ടിയാല്‍ പോരെ? എടുത്തോണ്ട് പോടാ, അയാള്‍ ഒന്നലറി. കരഞ്ഞു കൊണ്ട് പുസ്തകവും ചോറും, വഴിയില്‍ നിന്ന് പെറുക്കി ബാഗില്‍ ഇട്ട കശുവണ്ടിയും എടുത്തു ബാഗില്‍ ഇടുമ്പോള്‍ മനസില്‍ ആഗ്രഹിച്ചതാണ് വലുതാവുമ്പോള്‍ വില കൂടിയ ഒരു കാര്‍ വാങ്ങണമെന്ന്. പിന്നീട് പലവിധ പ്രശ്‌നങ്ങളിലൂടെ ജീവിതം മുന്നോട്ട് പോയി.
ജീവിതത്തില്‍ എന്തെങ്കിലും ആകണം എന്ന വാശിയില്‍ തോന്നിയ ചിന്ത ആണ് സിനിമയ്ക്ക് തിരക്കഥ എഴുതണം എന്നത്. ആദ്യമായി ഒരു തിരക്കഥ എഴുതി കൂട്ടുകാര്‍ക്ക് മുന്നില്‍ വായിച്ചപ്പോള്‍ മുതല്‍ കേട്ട് തുടങ്ങിയ പരിഹാസം ആണ് എന്നില്‍ വാശി കൂട്ടിയത്. പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് എഴുതാന്‍ കഴിയും എന്ന് ബോധ്യപ്പെട്ട സുഹൃത്തുക്കളില്‍ ചിലര്‍ പറഞ്ഞു.
നീ എഴുതിക്കോ സംവിധാനം നിനക്ക് പറ്റിയ പണിയല്ല. അന്ന് തീരുമാനിച്ചു സംവിധായകനും ആവണം. പിന്നീട് പലവിധ ജീവിത സാഹചര്യങ്ങള്‍ തരണം ചെയ്തു മുന്നോട്ട് പോകുമ്പോള്‍ 2018 അവസാനത്തോടെ ഷെയര്‍ മാര്‍ക്കറ്റിലും അല്ലാതെ ചെയ്ത ബിസിനസ്സിലും വലിയ നഷ്ടങ്ങള്‍ സംഭവിച്ചു.
രാഷ്ട്രീയം ഉപേക്ഷിച്ചതോടെ സമൂഹത്തിന് എന്റെ ആവശ്യം ഇല്ലാതായി. കൈയില്‍ അഞ്ചു പൈസ ഇല്ലാത്തത് കൊണ്ടും ജീവിതം കൊണ്ട് കളഞ്ഞവന്‍ എന്ന പേരുദോഷം കൊണ്ടും പണ്ടേ അച്ഛനും അമ്മയ്ക്കും എന്നെ കൊണ്ട് യാതൊരു ഗുണവുമില്ലായിരുന്നു.
പിന്നെ ഭാര്യ, മക്കള്‍. പൂര്‍ണമായും അവര്‍ അവരുടെ വീട്ടുകാരുടെ ചിലവില്‍ ജീവിക്കുന്നു. ചുരുക്കത്തില്‍ ഞാന്‍ ജീവിച്ചിരുന്നത് കൊണ്ട് ആര്‍ക്കും ഒരു ഗുണമില്ലാത്ത അവസ്ഥ. എന്റെ കാഴ്ചപ്പാടില്‍ ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുന്നത് കൊണ്ട് അയാള്‍ക്കെങ്കിലും ഗുണം ഉണ്ടാവണം. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ഒരു സന്തോഷം ഉണ്ടാവണം.
അഹങ്കാരിയും ആരും പറഞ്ഞാല്‍ കേള്‍ക്കാത്തവനും നിഷേധിയുമായ ഞാന്‍ നശിച്ചു കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു സമൂഹവും. ഇങ്ങനൊരു മോന്‍ ജനിച്ചിട്ടില്ല എന്ന് ഞാന്‍ കരുതിക്കോളാം എന്ന് മുഖത്തു നോക്കി പറഞ്ഞ അമ്മയും. ഒരു കാലത്തും നീ ഗുണം പിടിക്കില്ല എന്ന് ശപിച്ച അച്ഛനും. ഇവിടെ നിന്ന് എവിടെങ്കിലും അങ്ങ് ഇറങ്ങി പോയി തരാമോ എന്ന് തെറി കൂട്ടി ഭാര്യയും.

ജീവിതം ആകെ മടുത്ത അവസ്ഥ. ലക്ഷ്യങ്ങള്‍ നേടി എടുക്കാന്‍ പരമാവധി ഞാന്‍ ശ്രമിച്ചു എന്നതാണ് എല്ലാവരെയും വെറുപ്പിക്കാന്‍ ഉള്ള കാരണമായത്. അപ്പോഴും ഞാന്‍ ചിന്തിച്ചത് ഒരിക്കല്‍ പരിഹസിച്ചവര്‍ക്ക് മുന്നില്‍ അച്ഛനും അമ്മയ്ക്കും അഭിമാനം ഉണ്ടാവണം.
എന്റെ മക്കള്‍ക്ക് ഭാവിയില്‍ ലഭിക്കുന്ന ഏറ്റവും വലിയ സ്വത്ത് അവരുടെ അച്ഛന്‍ ആവണം. എന്റെ നാട്ടുകാര്‍ക്ക് മറ്റുള്ളവര്‍ക്കിടയില്‍ കൂടുതല്‍ അഭിമാനം ഉണ്ടാവണം.അവര്‍ എന്റെ പേര് പറഞ്ഞു അഭിമാനിക്കണം. പക്ഷെ ഞാന്‍ ഈ ചിന്തിച്ചതൊന്നും ആരും ചിന്തിച്ചില്ല.
അവര്‍ക്കെല്ലാം നാളെയെ കുറിച്ചുള്ള ചിന്ത ഇല്ലായിരുന്നു. എന്നാല്‍ എന്റെ ഉള്ളിലെ സത്യം പ്രകൃതി തിരിച്ചറിഞ്ഞു. പൂര്‍ണമായും ഇരുട്ട് വീണ ജീവിതത്തില്‍ വെളിച്ചം വീശി എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ശ്രീഹരി, ഹരീഷ്, അനീഷ് അമ്പാടി, പ്രവീണ്, ശങ്കര്‍ എന്നിവര്‍ മാനസികമായും സാമ്പത്തികമായും കരുത്തു നല്‍കി.
ഉള്ളിലെ ലക്ഷ്യം സത്യമായത് കൊണ്ട് ദൈവം യോഹന്നാന്‍ സാറിന്റെ രൂപത്തില്‍ എനിക്ക് മുന്നില്‍ അവതരിച്ചു. എന്നാല്‍ ലോക്ഡൗണ്‍ എന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. കൊച്ചിയില്‍ നിന്നും ഞാന്‍ നാട്ടിലേക്ക്. ഭാര്യ വീട്ടില്‍ നിന്നും ഭാര്യ തന്നെ അടിച്ചിറക്കിയ എനിക്ക് കയറി കിടക്കാന്‍ ആരും ഒരു വാടക വീട് പോലും തരാന്‍ ഇല്ലാത്ത അവസ്ഥ. എത്രയൊക്കെ ശപിച്ചാലും മക്കളെ തള്ളി പറയാന്‍ അമ്മയ്ക്കും അച്ഛനും കഴിയിലല്ലോ.
ഞാന്‍ സ്വന്തം വീട്ടിലേക്ക് വിട്ടു. എന്നാല്‍ അനിയനും കുടുംബവും അവിടെ താമസിക്കുന്നത് കൊണ്ട് വീടിന് വെളിയില്‍ പുറത്തെ ബാത്‌റൂമിനോട് ചേര്‍ന്ന് ഒരു ഷെഡ് അടിച്ചു അതില്‍ താമസം തുടങ്ങി. 6 മാസം ഈ ഷെഡില്‍ ആയിരുന്നു താമസിച്ചത്. പിന്നീട് സിനിമയുടെ ഷൂട്ടിംഗ് വരെ കാര്യങ്ങള്‍ എത്തിക്കുന്നതില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ എന്റെ വിധി നേരത്തെ എഴുത്തപ്പെട്ടതാണ്. ഞാന്‍ ആരാകണം, എന്താകണം എന്ന് തീരുമാനിച്ച ഒരു വിധി എന്റെ സ്വപ്നങ്ങള്‍ എന്റെ ലക്ഷ്യങ്ങള്‍ എനിക്കായി നേടി തന്നു..
എല്ലാം അവസാനിച്ചു എന്ന ഒരു നിമിഷം 16 ആം നിലയില്‍ നിന്നും താഴേക്ക് ചാടി നോക്കിയാലോ എന്ന് ചിന്തിച്ച അവസ്ഥയില്‍ നിന്നും.. മാരുതി എസ്റ്റീം ഡോറില്‍ പിടിച്ചതിന് അനുഭവിച്ചത് ഓര്‍ക്കുന്ന എനിക്കിന്ന് സ്വന്തമായി ഒരു BMW 730യും, ഹാരിയര്‍ ഔട്ടോമാറ്റിക്കും, പോളോ ജിടി യും യും, ഭാര്യയ്ക്ക് ഒരു ഔട്ടോമാറ്റിക്ക് ക്വിഡ് ഉം ഉണ്ട്. പലരും ചോദിക്കുന്നു ചേട്ടാ അടുത്ത പ്രോജക്ട് എന്നാണെന്ന്.
സകല പരിഹാസങ്ങളും കേട്ട് നിരവധി പ്രതിസന്ധികളും തരണം ചെയ്തു അതിലുപരി നിലപാടുകളില്‍ ഉറച്ചു നിന്നും അത് പരസ്യമാക്കിയും പ്രത്യേകിച്ചൊരു ഗോഡ് ഫാദറുമില്ലാതെ നാലു പേര്‍ അറിഞ്ഞ ആദ്യ സിനിമ എടുത്ത എനിക്ക് രണ്ടാമത്തെ പ്രോജക്ട് എത്രയോ എളുപ്പമാണ്. പക്ഷെ കഴിഞ്ഞ കുറച്ചു നാള്‍ ഞാന്‍ മറ്റ് പല ലക്ഷ്യങ്ങള്‍ക്കും പിന്നാലെ ആയിരുന്നു.
ഇപ്പോള്‍ എന്റെ മനസ്സ് പറയുന്നു. അടുത്ത സിനിമ തുടങ്ങണം. ആര്‍ക്കെങ്കിലും അവസരം കൊടുക്കാം എന്ന ചിന്തയില്‍ പലരുടെയും കഥ വായിച്ചു. ഒന്നും തൃപ്തി തന്നില്ല വ്യക്തിപരം ആണ്. മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം). അപ്പോഴാണ് എന്റെ സുഹൃത്തു ഹരി എന്നോട് ഒരാളുടെ ജീവിതത്തിന്റെ ഒരു രംഗം പറഞ്ഞത്. അത് എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു. അതില്‍ നിന്നും ഞാനൊരു കഥ ഉണ്ടാക്കി.
ഒരു സൂപ്പര്‍ യുവതാരം ഗസ്റ്റ് ആയി വരുന്ന ഒരു കുഞ്ഞു ഫീല്‍ ഗുഡ് മൂവി. ഞാന്‍ തന്നെ തിരക്കഥ എഴുതുകയാണ്. ഈ കാണുന്ന ഞാന്‍ അല്ല ഇന്നലെകളിലെ ഞാന്‍. നേടി എടുത്തു എന്ന് നിങ്ങള്‍ക്ക് തോന്നുന്നതൊന്നും അത്ര എളുപ്പമായിരുന്നില്ല. പ്രത്യേകിച്ച് ഒഴുക്കിനെതിരെ നീന്തി ശീലിച്ച എനിക്ക്. നിങ്ങളുടെ ലക്ഷ്യവും സത്യമാണെങ്കില്‍ ഈശ്വരന്‍ ആരുടെ എങ്കിലും രൂപത്തില്‍ നിങ്ങളുടെ മുന്നിലെത്തും.. അഖില്‍ മാരാര്‍.


Click it and Unblock the Notifications











