'അനിയൻ മിഥുൻ എന്റെ അനിയൻ അല്ല, എന്റെ അനിയന്റെ പേര് നിതിൻ രമേഷ് എന്നാണ്'; രസകരമായ പോസ്റ്റുമായി നടൻ മിഥുൻ!
ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ അനിയന്‍ മിഥുന്‍ എന്ന മത്സരാര്‍ത്ഥി നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തിലെ പാരാ കമാന്‍ഡോ വിഭാഗത്തില്‍ പെടുന്ന ഒരു വനിതാ ഓഫീസറുമായുള്ള തന്‍റെ പരിചയത്തെക്കുറിച്ചും പ്രണയത്തെ കുറിച്ചും ജീവിതകഥ പറയാനുള്ള ടാസ്കില്‍ മിഥുന്‍ വാചാലനായിരുന്നു.
ഈ ഓഫീസര്‍ കൊല്ലപ്പെട്ടുവെന്നും മിഥുന്‍ പറഞ്ഞിരുന്നു. എന്നാല്‍ വീക്കെൻഡ് എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ വസ്തുതകള്‍ നിരത്തി മിഥുന്‍ പറഞ്ഞ വിവരങ്ങള്‍ പൊള്ളയാണെന്ന് തെളിയിച്ചു.
ഇതേത്തുടര്‍ന്ന് വുഷുവില്‍ നിലവിലെ വേള്‍ഡ് ചാമ്പ്യനാണ് താനെന്ന മിഥുന്‍റെ വാദവും വ്യാജമായിരിക്കാമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. ഇതോടെ ബിഗ് ബോസ് മിഥുനെ കഴിഞ്ഞ ദിവസം കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് അയാളുടെ പ്രൊഫഷണല്‍ കരിയര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിച്ചു.
പ്രൊഫഷണല്‍ ഫൈറ്ററാണ് താനെന്നും അതിലിപ്പോള്‍ നിലവിലെ വേള്‍ഡ് ചാമ്പ്യന്‍ താനാണെന്നും മിഥുൻ ബിഗ് ബോസിനോട് കൺഫഷൻ റൂമിൽ വെച്ച് വീണ്ടും ആവർത്തിച്ചു. പ്രൊ വുഷു സാന്‍ഡയിലാണ് താൻ കഴിഞ്ഞ വർഷം തായ്ലന്‍ഡില്‍ വെച്ച് ഗോള്‍ഡ് മെഡല്‍ അടിച്ചതെന്നും മിഥുൻ ബിഗ് ബോസിനോട് കഴിഞ്ഞ ദിവസം പറഞ്ഞു.

അനിയൻ മിഥുൻ മൂലം ബിഗ് ബോസ് സീസൺ ഫൈവ് വലിയ രീതിയിൽ ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പൊതുവെ ഇത്തരം കാര്യങ്ങൾ ബിഗ് ബോസ് പോലുള്ള വലിയ റിയാലിറ്റിഷോകളിൽ വെച്ച് പറയുമ്പോൾ കൃത്യമായ തെളിവുകൾ ഇല്ലെങ്കിൽ മോശമായ രീതിയിലുള്ള സൈബർ ആക്രമണം, പരിഹാസം പോലുള്ളവ മത്സരാർത്ഥിക്ക് നേരിടേണ്ടി വരും.
മിഥുന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ആർമി ഉദ്യോഗസ്ഥയുമായുള്ള പ്രണയകഥ പറഞ്ഞില്ലായിരുന്നുവെങ്കിൽ ആരും മിഥുന്റെ മറ്റ് പിന്നാമ്പുറ കഥകൾ ചികഞ്ഞ് അന്വേഷിക്കാൻ മുതിരില്ലായിരുന്നു.
മിഥുൻ വിഷയവുമായി ബന്ധപ്പെട്ട് രസകരമായ ഒരു സോഷ്യൽമീഡിയ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടനും അവതാരകനും ആർജെയുമായ മിഥുൻ രമേഷ്. അമ്മയ്ക്കും സഹോദരനുമൊപ്പുള്ള കുടുംബ ചിത്രം പങ്കുവെച്ചാണ് മിഥുന്റെ കുറിപ്പ്. 'എന്റെ അനിയന്റെ പേര് നിതിൻ രമേഷ് എന്നാണ്. അനിയൻ മിഥുൻ എന്റെ അനിയൻ അല്ല', എന്നാണ് കൂപ്പുകൈയുടെ ഇമോജി കൂടി പങ്കുവെച്ചുകൊണ്ട് മിഥുൻ സോഷ്യൽമീഡിയയിൽ കുറിച്ചത്.
അനിയൻ മിഥുന്റെ പേരിനോടുള്ള സാമ്യം കാരണം സംഭവം കൃത്യമായി മനസിലാക്കാത്തവർ സൈബർ ആക്രമണം നടത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്തതുകൊണ്ടാകാം ഇത്തരമൊരു പോസ്റ്റ് ആർജെ മിഥുൻ പങ്കുവെച്ചതെന്നാണ് പ്രേക്ഷകരുടെ നിരീക്ഷണം.

മിഥുന്റെ കുടുംബചിത്രവും ക്യാപ്ഷനും വൈറലായതോടെ നിരവധി രസകരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'മിഥുന്റെ വളരെ ന്യായമായ വിശദീകരണം, ഒരു മുൻകരുതലാണെന്ന് തോന്നുന്നു, നമുക്ക് നമ്മളെ തന്നെ തെളിയിക്കേണ്ട കാലമാണ്', എന്നൊക്കെയാണ് ആർജെ മിഥുനെ അനുകൂലിച്ച് പ്രത്യക്ഷപ്പെട്ട കമന്റുകൾ.
അനിയൻ മിഥുന്റെ പ്രശ്നം ചർച്ചയായശേഷം സൈബർ ആക്രമണം നേരിടേണ്ടി വന്നോ? എന്നും ചിലർ കമന്റിലൂടെ മിഥുനോട് ചോദിക്കുന്നുണ്ട്. കോമഡി ഉത്സവത്തിന്റെ അവതാരകനായ ശേഷമാണ് മിഥുന് കേരളത്തിൽ സ്വീകാര്യത വർധിച്ചത്. മിഥുനിലെ അഭിനേതാവിനേക്കാൾ അവതാരകനോടാണ് പ്രേക്ഷകർക്ക് പ്രിയം.
ഇത്രയേറെ പ്രശ്നങ്ങൾക്ക് കാരണമായിട്ടും അനിയൻ മിഥുനെ മത്സരത്തിൽ നിന്നും പുറത്താക്കാൻ ബിഗ് ബോസ് മടി കാണിക്കുന്നതിലും പ്രേക്ഷകർക്ക് എതിർപ്പുണ്ട്. ഹൗസിൽ തുടരുന്ന ഓരോ ദിവസവും മിഥുന് പുറത്തുള്ള നെഗറ്റീവ് ഇമേജ് വർധിച്ചുകൊണ്ടിരിക്കുമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
ആർമി ഉദ്യോഗസ്ഥയുമായുള്ള മിഥുന്റെ പ്രണയകഥയെ കുറിച്ച് മോഹൻലാൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ മിഥുന് ബോധക്ഷയം വന്നിരുന്നു. കുറച്ച് നേരം മിഥുൻ വിശ്രമിച്ച ശേഷമാണ് മോഹൻലാൽ ചോദ്യങ്ങൾ തുടർന്നത്.


Click it and Unblock the Notifications