ബിഗ് ബോസിലേക്ക് പുതിയ അതിഥി എത്തി, പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ അനുവിന് സാധിക്കുമോ?
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് രസകരവും വാശിയേറിയതുമായ പോരാട്ടങ്ങളുമായി മുന്നോട്ട് പോവുകയാണ്. മോഹൻലാൽ എത്താത്ത വീക്കന്റ് എപ്പിസോഡുകളായിരുന്നു കഴിഞ്ഞ ആഴ്ച. ഇന്നിതാ മോഹൻലാൽ ബിഗ് ബോസ് മത്സരാർത്ഥികളെ സൂം മീറ്റിങ് വഴി കാണാൻ എത്തി. കഴിഞ്ഞ ആഴ്ചയിലെ സംഭവ വികാസങ്ങളെ കുറിച്ച് തിരക്കിയ ശേഷം ഒരു പുതി അതിഥിയെ കൂടി ഹൗസിലേക്ക് കയറ്റി വിട്ടിരിക്കുകയാണ് മോഹൻലാലും ബിഗ് ബോസും.
സീസൺ അഞ്ച് തുടങ്ങി ഒരു മാസം പിന്നിട്ടും ഹൗസിൽ ഒരു കോളിളക്കം ഉണ്ടാകാൻ ഇതുവരെ ഹൗസിലുള്ള ആർക്കും തന്നെ സാധിച്ചിട്ടില്ല. പലരും സേഫ് ഗെയിം കളിച്ചും നന്മമരം കളിച്ചും സീസൺ ഫൈവിനെ കൂടുതൽ വിരസത നിറഞ്ഞ ഒന്നാക്കി മാറ്റികൊണ്ടിരിക്കുകയാണ്. ശക്തരായ മത്സരാർഥികളെ ഇറക്കി കളിക്കളകത്തിന് ചൂടുപിടിപ്പിക്കുവെന്നത് വളരെ നാളുകളായി പ്രേക്ഷകരുടെ ആവശ്യമാണ്.

അങ്ങനെയാണ് കഴിഞ്ഞ ആഴ്ച ഒമർ ലുലു ഹൗസിലേക്ക് എത്തിയത്. പക്ഷെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ഒമർ ലുലുവിന് ആയില്ല. നനഞ്ഞ പടക്കമായിരുന്നു ഒമർ ലുലുവെന്നാണ് പ്രേക്ഷകർ പറഞ്ഞത്. ഗ്രൂപ്പിസം അടക്കം കൂടിയതിനാൽ ബിഗ് ബോസ് കാണുന്ന പ്രേക്ഷകരുടെ എണ്ണത്തിൽ വരെ വലിയ ഇടിവുണ്ടായിട്ടുണ്ട്. എല്ലാവർക്കും വളരെ സുപരിചിതമായ പേരും മുഖവുമാണ് പുതിയ വൈൽഡ് കാർഡ് എൻട്രി അനു ജോസഫ്.
കാരണം വളരെ നാളുകളായി സീരിയലും മറ്റുമായി മിനി സ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്നുണ്ട് അനു ജോസഫ്. ബിഗ് ബോസ് സീസൺ അഞ്ചിലെ മൂന്നാമത്തെ വൈൽഡ് കാർഡ് എൻട്രിയാണ് അനു ജോസഫ്. ആദ്യത്തേത് ഹനാനായിരുന്നു. പക്ഷെ ഒരാഴ്ച പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഷോയിൽ നിന്നും ഹനാന് പുറത്ത് പോകേണ്ടി വന്നു. രണ്ടാമത് വന്നതാണ് സംവിധായകൻ ഒമർ ലുലു.

കാസർക്കോട് സ്വദേശിനിയാണ് അനു ജോസഫ്. ഒമ്പതാം ക്ലാസിൽ പഠിയ്ക്കുമ്പോൾ ആദ്യമായി കലാഭവനുവേണ്ടി ഗൽഫ് ഷോ നടത്തി. തുടർന്ന് കലാഭവന്റെ വേൾഡ് ഷോ അടക്കം നിരവധി ഷോകളിൽ അനു ഭാഗമായി. ദൂരദർശന്റെ ഇതെന്റെ മണ്ണ് ഇതെന്റെ താളം എന്ന ആൽബത്തിൽ അഭിനയിച്ച് കൊണ്ട് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ അനുവിന്റെ ആദ്യ സീരിയൽ ഏക ചന്ദ്രികയാണ്.
എന്നാൽ ഇത് സംപ്രേക്ഷണം ചെയ്തില്ല. ശേഷം വന്ന ചിത്രലേഖയിൽ അനു മിനിസ്ക്രീനിൽ പ്രേക്ഷകർക്ക് മുന്നിലെത്തി. തുടർന്ന് മിന്നുകെട്ട് എന്ന സൂപ്പർഹിറ്റ് സീരിയലടക്കം ധാരാളം പരമ്പരകളിൽ അഭിനയിച്ചു. കാര്യം നിസാരം എന്ന പരമ്പരയിലെ അഭിനയം അനു ജോസഫിനെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. പാഠം ഒന്ന് ഒരു വിലാപമാണ് അനു അഭിനയിച്ച ആദ്യ സിനിമ.
തുടർന്ന് പത്തേമാരി, വെള്ളിമൂങ്ങ തുടങ്ങി പത്തിലധികം സിനിമകളിൽ അനു അഭിനയിച്ചിട്ടുണ്ട്. ഏറ്റവും അവസാനം അനുവിന്റേതായി റിലീസ് ചെയ്തത് അടിയാണ്. ഷോ കണ്ടിട്ടുണ്ടെന്നാണ് അനു മോഹൻലാലിനോട് പറഞ്ഞത്. 'പ്ലാനിങ്ങോടെ അല്ല വന്നിരിക്കുന്നത്. എന്താണ് നടക്കാൻ പോകുന്നതെന്ന് പ്രവചിക്കാൻ പറ്റില്ലല്ലോ. ഓരോ സിറ്റുവേഷൻസ് മാറി മാറിഞ്ഞുകൊണ്ടിരിക്കുമല്ലോ. അതുകൊണ്ട് തന്നെ വരുന്ന സിറ്റുവേഷനുകൾക്ക് അനുസരിച്ച് ഹൗസിലെ മറ്റ് അംഗങ്ങൾക്ക് കറക്ട് മറുപടി കൊടുക്കണമെന്നാണ് ഞാൻ വിചാരിക്കുന്നത്. എനിക്ക് ഹൗസിലെ എല്ലാവരേയും ഇഷ്ടമാണ്.'
'പക്ഷെ ആരേയും ഇഷ്ടമല്ല. ശ്രുതി, ഷിജു ചേട്ടൻ എന്നിവർക്കൊപ്പം നേരത്തെ വർക്ക് ചെയ്തിട്ടുണ്ട്. ഞാൻ ഒരു വൈൽഡ് കാർഡായിട്ടാണ് ഹൗസിലേക്ക് പോകാൻ പോകുന്നത്. ഹൗസിലുള്ളവർ എങ്ങനെ അക്സപ്റ്റ് ചെയ്യുമെന്ന് അറിയില്ല. ഇതുവരെ ഞാൻ കാരക്ടർ റോളുകൾ ചെയ്താണ് പ്രേക്ഷകർക്ക് മുമ്പിൽ എത്തിയിട്ടുള്ളത്. ഇനി എന്നെയാണ് പ്രേക്ഷകർ കാണാൻ പോകുന്നത്. നാട്ടിൽ പറയുന്നത് പോലെ തനിക്കൊണം കാണാൻ പോകുന്നതേയുള്ളു' എന്നാണ് അനു ജോസഫ് ഹൗസിലേക്ക് കയറും മുമ്പായി പറഞ്ഞത്.


Click it and Unblock the Notifications