'എന്റെ പേര് പറഞ്ഞല്ലേ നിങ്ങളെ കുറ്റപ്പെടുത്തുന്നത്'; ഷിജു പുറത്താകുമോയെന്ന ഭയത്തിൽ പൊട്ടിക്കരഞ്ഞ് അഖിൽ മാരാർ!
ബിഗ് ബോസിലെ ഏറ്റവും വലിയ കടമ്പയാണ് നോമിനേഷൻ പ്രക്രിയ. അത് താണ്ടാൻ വേണ്ടിയാണ് എല്ലാ ആഴ്ചയിലും മത്സരാർഥികൾ കിണഞ്ഞ് പരിശ്രമിക്കുന്നത്. സഹമത്സരാർത്ഥികളുടെ പ്രകടനം വിലയരുത്തിയാണ് ഓരോരുത്തരും നോമിനേഷൻ ലിസ്റ്റിലേക്ക് പേര് നിർദേശിക്കുന്നത്.
വീക്കിലി ടാസ്ക്ക്, ഹൗസിലെ പങ്കാളിത്തം എന്നിവയെല്ലാമാണ് ഘടകങ്ങളായി പരിഗണിക്കുക. പൊതുവെ ശാന്തതയും സേഫ് സോണും നോക്കി കളിക്കുന്നവർ ഇത്തരം നോമിനേഷൻ പ്രക്രിയയിൽ ഉൾപ്പെടാതെ അടുത്ത ആഴ്ചയിലേക്ക് കടക്കും.
ഹൗസിൽ ആക്ടീവായി അഭിപ്രായ പ്രകടനം നടത്തുന്നവർ മറ്റുള്ളവരുടെ കണ്ണിലെ കരടാവുകയും നോമിനേഷനിൽ ഉൾപ്പെടുകയും ചെയ്യും. സീസൺ ഫൈവിലെ പതിനൊന്നാം ആഴ്ചയിലെ നോമിനേഷൻ പ്രക്രിയ പൂർത്തിയായി. ആറുപേരാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
അഖിൽ മാരാർ, സെറീന, അനിയൻ മിഥുൻ, ഷിജു, റിനോഷ്, റെനീഷ എന്നിവരാണത്. നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ മുതൽ അഖിൽ മാരാർ സങ്കടത്തിലാണ്. ഉറ്റ ചങ്ങാതി ഷിജു നോമിനേഷനിൽ ഉൾപ്പെട്ടതാണ് കാരണം.

ആർക്കൊക്കെയാണ് ഹൗസിന് പുറത്ത് പിന്തുണയുള്ളതെന്ന കാര്യത്തിൽ വ്യക്തമായ ധാരണ അഖിലിനുണ്ട്. താനും ഷിജുവും ഒരുമിച്ച് നോമിനേഷനിൽ വന്നാൽ ഷിജുവിന് വോട്ട് കുറയുമെന്ന് അഖിൽ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പരമാവധി ഒരുമിച്ച് നോമിനേഷനിൽ വരാതിരിക്കാനുള്ള ബുദ്ധി അഖിൽ ടാസ്ക്കുകളിൽ പ്രയോഗിച്ചിരുന്നു.
നാല് വോട്ടുകൾ ലഭിച്ചാണ് ഷിജു നോമിനേഷനിൽ വന്നത്. വിഷ്ണു, മിഥുൻ, ജുനൈസ്, ശോഭ എന്നിവരാണ് ഷിജുവിന്റെ പേര് നിർദേശിച്ചത്. അഖിലിനൊപ്പം നിന്ന് സേഫ് ഗെയിം കളിക്കുന്നുവെന്നതായിരുന്നു പ്രധാന കാരണം. ഇപ്പോഴിതാ ഷിജു പുറത്താകുമെന്ന ഭയത്തിൽ കരയുന്ന അഖിലിന്റെ വീഡിയോയാണ് വൈറലാകുന്നത്.
തന്നോടുള്ള വൈരാഗ്യം കൊണ്ടാണ് ഷിജുവിന്റെ പേര് മറ്റുള്ളവർ നോമിനേറ്റ് ചെയ്തതെന്ന് അഖിലിന് അറിയാം. അക്കാര്യം അഖിൽ കരഞ്ഞുകൊണ്ട് ഷിജുവിനോട് പറയുന്നുമുണ്ട്. 'എന്റെ പേര് പറഞ്ഞല്ലേ നിങ്ങളെ കുറ്റപ്പെടുത്തുന്നതെന്ന്' ചോദിച്ചാണ് അഖിൽ ഷിജുവിന് അരികിൽ കിടന്ന് പൊട്ടിക്കരഞ്ഞത്. അഖിലിന്റെ സങ്കടം കണ്ട് ഷിജുവും മറുപടി പറയാൻ വിഷമിക്കുന്നുണ്ട്.
'നിങ്ങളോട് ആർക്കാണ് ഇവിടെ ദേഷ്യം?. ഇവർക്ക് എന്നോടുള്ള ദേഷ്യമാണ് നിങ്ങളോട് കാണിക്കുന്നത്. അല്ലാതെ നിങ്ങളെ നോമിനേറ്റ് ചെയ്യേണ്ട കാര്യം അവർക്കില്ല. നിങ്ങൾ ആരേയും വെറുപ്പിച്ചിട്ടില്ലല്ലോ. എന്നെ നിങ്ങൾ സപ്പോർട്ട് ചെയ്തുവെന്നതാണ് ഏറ്റവും വലിയ പ്രശ്നം.'

'ഞാൻ കാരണം നിങ്ങൾക്കൊരു നെഗറ്റീവും വരാൻ പാടില്ല. ഞാൻ അതിന് സമ്മതിക്കില്ല. എന്റെ പേര് പറഞ്ഞല്ലേ നിങ്ങളെ കുറ്റപ്പെടുത്തുന്നത്', എന്നാണ് പൊട്ടിക്കരഞ്ഞുകെണ്ട് അഖിൽ ഷിജുവിനോട് പറയുന്നത്. ആദ്യമായാണ് മാനസീകമായി തകർന്ന് അഖിൽ പൊട്ടിക്കരയുന്നത് പ്രേക്ഷകർ കാണുന്നത്. ഹൗസിലെ ഏറ്റവും നല്ല സൗഹൃദം ഷിജുവും അഖിലും തമ്മിലുള്ളതാണ്.
മുമ്പ് ഇവർക്കൊപ്പം വിഷ്ണുവുമുണ്ടായിരുന്നു. പക്ഷെ പൊളി ഫിറോസും റിയാസും ഹൗസിൽ വന്ന് പോയശേഷം വിഷ്ണു ഗെയിം മാറ്റി. അഖിലിനെ എതിർക്കുന്ന കാര്യത്തിൽ വിഷ്ണുവും ഇപ്പോൾ മടി കാണിക്കാറില്ല. ഫൈനല്‍ ഫൈവിലേക്ക് എത്തും മുമ്പ് അവശേഷിക്കുന്നവരിൽ നിന്ന് അഞ്ചുപേര്‍ കൂടി പുറത്തുപോകും. ഏറ്റവും അവസാനം പുറത്തായത് സീരിയൽ താരം അനു ജോസഫാണ്.


Click it and Unblock the Notifications











