'മാപ്പ് പറഞ്ഞിരുന്നെങ്കിൽ അഖിൽ എന്റെ മകനല്ലെന്ന് കരുതിയേനെ, ഹൗസിലെ സ്വഭാവമാണ് വീട്ടിലും'; അച്ഛനും അമ്മയും!
കാത്തിരിപ്പുകൾക്ക് ഒടുവിൽ സീസൺ അഞ്ചിലേക്ക് കഴിഞ്ഞ സീസണുകളിലെ ശക്തരായ മത്സരാർത്ഥികളെ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീസൺ നാലിലെ റോബിനും സീസൺ രണ്ടിലെ രജിത് കുമാറുമാണ് ബിബി ഹൗസിലുള്ളത്. മുൻ സീസണുകളെ അപേക്ഷിച്ച് ഒഴുക്കൻ മട്ടിലൂടെ കടന്നുപോകുന്ന ബിബി ഫൈവിൽ ഒരു ഉണർവുണ്ടാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇപ്പോൾ ഹൗസിൽ പതിനാല് മത്സരാർഥികളാണുള്ളത് അതിൽ ഏറ്റവും ജനപിന്തുണയുളള മത്സരാർഥി സംവിധായകൻ കൂടിയാണ് അഖിൽ മാരാരാണ്.
ഹൗസിലേക്ക് പ്രവേശിച്ച അന്ന് മുതൽ അമ്പത് ദിവസം പിന്നിടുമ്പോഴും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരാണ് അഖിൽ മാരാരുടേത്. ഹൗസിൽ എത്തിയ ശേഷം ഏറ്റവും കൂടുതൽ വിവാദങ്ങൾ ഉണ്ടായതും അഖിലിന്റെ പേരിലാണ്.
ഇപ്പോഴിത അഖിലിനെ കുറിച്ച് താരത്തിന്റെ അച്ഛനും അമ്മയും മഴവിൽ കേരളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഇപ്പോൾ ഹൗസിൽ പ്രേക്ഷകർ കാണുന്ന അഖിൽ മാരാർ തന്നെയാണ് വീട്ടിൽ വരുമ്പോഴുമെന്നും സ്വഭാവത്തിൽ മാറ്റമില്ലെന്നും മാതാപിതാക്കൾ പറയുന്നു.

'അഖിൽ ഈ ലെവലിൽ എത്തിയതിൽ വളരെ അധികം സന്തോഷിക്കുന്നുണ്ട് ഞങ്ങൾ. ചെറുപ്പം മുതൽ നല്ല കഴിവുള്ള മകനാണ്. പടം വരയ്ക്കും. അവന്റെ മനസിൽ സിനിമാ മോഹമുണ്ടെന്ന് ഞങ്ങൾക്ക് നേരത്തെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. അവൻ ഒരുപാട് കഠിന പ്രയത്നം ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായാണ് ഇന്ന് കാണുന്ന ലെവലിൽ അവൻ എത്തി നിൽക്കുന്നത്.'
'ഒരു അമ്മയ്ക്കും അച്ഛനും ഇതിൽ കൂടുതൽ എന്തുവേണം. ബിഗ് ബോസ് എല്ലാ എപ്പിസോഡും കാണാറുണ്ട്. പോരാത്തതിന് ലൈവും കാണാറുണ്ട്. ഹൗസിലേക്ക് പോകും മുമ്പ് പറഞ്ഞിരുന്നു. അവന്റെ ഒറിജിനൽ സ്വഭാവമാണ് അവൻ ഹൗസിൽ കാണിക്കുന്നത്. ദേഷ്യവും പിന്നീട് വന്ന് സോറി പറയുന്നതുമെല്ലാം അവൻ വീട്ടിലും ചെയ്യുന്ന കാര്യങ്ങളാണ്. അഖിൽ മാരാർ ഒറിജിനലാണ്.'

'കൂട്ടം ചേർന്ന് എല്ലാവരും അവനെ ആക്രമിച്ചത് കണ്ട് വിഷമം തോന്നിയിരുന്നു. മോഹൻലാൽ സാർ ദേഷ്യപ്പെട്ട എപ്പിസോഡിൽ അഖിൽ സാഗറിനോട് സോറി പറയേണ്ട കാര്യമില്ലെന്ന് തന്നെയാണ് ഞങ്ങൾക്കും തോന്നിയത്. കാരണം അതിന് മുമ്പ് എല്ലാവരോടുമായി അഖിൽ സോറി പറഞ്ഞതാണ്. അവൻ മാപ്പ് പറയാത്തത് തന്നെയാണ് നല്ലത്.'
'പറഞ്ഞിരുന്നെങ്കിൽ അവൻ എന്റെ മോനല്ലെന്ന് കരുതിയേനെ. മോനിൽ നമുക്കൊരു വിശ്വാസമുണ്ടായിരുന്നു അവൻ അതുപോലെ ചെയ്തു. മാപ്പ് പറഞ്ഞില്ല. മാപ്പ് പറയേണ്ട കാര്യമില്ല. അവനെ അന്ന് എല്ലാവരും ചേർന്ന് ആക്ഷേപിക്കുന്നത് പോലെ തോന്നി. ആ സംഭവത്തിന് ശേഷം അവന്റെ കണ്ണൊക്കെ കലങ്ങിയത് കണ്ടിട്ട് രാത്രി കിടന്നപ്പോൾ ഉറക്കം വന്നില്ല.'
'അഖിൽ മാരാരെ പുറത്താക്കണമെന്ന ചിന്തയാണ് കേറിയപ്പോൾ മുതൽ മറ്റ് മത്സരാർഥികൾ എല്ലാവർക്കും. മറ്റ് എല്ലാ മത്സാർഥികളേയും ഞങ്ങൾക്ക് ഇഷ്ടമാണ്. ആരോടും ദേഷ്യമില്ല. ഞങ്ങളുടെ സമുദായമാണ് മാരാർ. അതുകൊണ്ടാണ് അവൻ പേരിനൊപ്പം ചേർത്തിരിക്കുന്നത്. സ്കൂളിൽ അവന് ഞങ്ങൾ ഇട്ട പേര് അഖിൽ രാജ് എന്നാണ്. വീട്ടിൽ വിളിക്കുന്നത് വിഷ്ണു. ബാക്കിയുള്ള പേരുകൾ അഖിൽ സ്വയം സ്വീകരിച്ചതാണ്.'
അഖിലിന്റെ മാതാപിതാക്കൾ പറഞ്ഞു. താൻ ആരാണെന്ന് തെളിയിക്കാനാണ് ബിഗ് ബോസ് അവസരം ഉപയോഗിക്കുക എന്നാണ് അഖില്‍ മാരാര്‍ ബിഗ്ബോസ് ആദ്യ എപ്പിസോഡില്‍ പറഞ്ഞത്. സത്യത്തിന് വേണ്ടി സംസാരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. ഒരു താത്വിക അവലോകനം എന്ന സിനിമയുടെ സംവിധായകനാണ് അഖിൽ മാരാർ. ജോജു ജോർജായിരുന്നു ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്.


Click it and Unblock the Notifications