'അച്ഛൻ കപ്പടിക്കണം... എല്ലാവരും ഫാൻസാണ്...'; മക്കളെ വാരിപ്പുണർന്നും ഭാര്യയെ കോരിയെടുത്ത് ചുംബിച്ചും അഖിൽ മാരാർ
ബിഗ് ബോസ് സീസൺ ഫൈവിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ കാണാൻ സാധിക്കുന്നത് ഫാമിലി വീക്കിലാണ്. ഇതുവരെ അഞ്ച് കുടുംബങ്ങൾ ബിഗ് ബോസ് ഹൗസിലേക്ക് എത്തി. മാസങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ചയായതിനാൽ ഉറ്റവരെ കണ്ടതും മത്സരാർത്ഥികൾ വികാരഭരിതരായി.
ഷിജു, നാദിറ, സെറീന, റെനീഷ, അഖിൽ മാരാർ എന്നിവരുടെ കുടുംബാംഗങ്ങളാണ് ഇതുവരെ ഹൗസിലേക്ക് എത്തി വിശേഷങ്ങൾ പങ്കുവെച്ചത്. അതിൽ ഏറ്റവും മനോഹരമായ നിമിഷങ്ങളായി പ്രേക്ഷകർ പറയുന്നത് അഖിൽ മാരാരുടെ കുടുംബം ഹൗസിലേക്ക് വന്നതാണ്.
ഭാര്യയും മക്കളായ പ്രാർത്ഥനയും പ്രകൃതിയുമാണ് അഖിലിനെ കാണാൻ എത്തിയത്. മക്കളും ഭാര്യയും പ്രധാന വാതിലിലൂടെ കടന്നുവരുന്നത് കണ്ട് അഖിൽ ഓടിചെന്ന് മക്കളെ വാരിപ്പുണർന്ന് നിർത്താകെ ചുംബിച്ചു. കുറച്ച് സമയം മക്കളെ ചേർത്ത് പിടിച്ച് കിടന്നശേഷമാണ് അഖിൽ ഭാര്യയുടെ അടുത്തേക്ക് എത്തിയത്.
വളരെ നാളുകൾക്ക് ശേഷം അച്ഛനെ കണ്ടതിന്റെ സന്തോഷത്തിൽ പ്രാർത്ഥനയുടെയും പ്രകൃതിയുടെയും കണ്ണുകൾ നിറഞ്ഞു. ഭാര്യ ലക്ഷ്മിയെ കോരിയെടുത്ത് ചുംബിക്കുന്ന അഖിലിന്റെ വീഡിയോ വൈറലാണ്.

അഖിൽ മെലിഞ്ഞ് പോയി എന്ന സങ്കടം ലക്ഷ്മി ബിഗ് ബോസിനോട് പറയുന്നുണ്ടായിരുന്നു. അച്ഛൻ എന്തിനാണ് സിഗരറ്റ് വലിക്കുന്നതെന്ന് ചോദിച്ചായിരുന്നു ഇളയമകൾ പ്രാർത്ഥനയുടെ ശകാരം. താനും മക്കളും സമയം കിട്ടുമ്പോഴെല്ലാം ബിഗ് ബോസ് കാണാറുണ്ടെന്നും എല്ലാവരും ഉറങ്ങി കഴിഞ്ഞിട്ടാണ് താൻ ഉറങ്ങുന്നതെന്നും മത്സരാർത്ഥികളോട് സംസാരിക്കവെ ലക്ഷ്മി പറഞ്ഞു.
പ്രാർത്ഥനയും പ്രകൃതിയും മത്സരാർത്ഥികളുടെ പേരുകൾ ഓരോന്നായി ഓർത്തെടുത്ത് പറയുകയും ചെയ്തു. അഖിലിന് ഭക്ഷണം കഴിക്കാൻ ശോഭ തൈര് കൊടുക്കാതിരുന്നത് താൻ കണ്ടുവെന്നും മൂത്തമകൾ പറയുന്നുണ്ടായിരുന്നു.
ലക്ഷ്മിയും മക്കളും ഹൗസിലേക്ക് എത്തിയപ്പോൾ എല്ലാവരും സ്നേഹം കൊണ്ട് പൊതിഞ്ഞു. 'അച്ഛൻ കപ്പ് അടിക്കണം... സ്കൂളിൽ എല്ലാവരും അച്ഛന്റെ ഫാൻസാണ്. അച്ഛൻ കാറിൽ വന്ന് ഫ്രണ്ട്സിന് ഹായ്ഫൈ കൊടുക്കണം. നാട്ടിലൊക്കെ അച്ഛന്റെ ഫ്ലക്സ് വെച്ചിട്ടുണ്ട്. അച്ഛൻ നല്ലതായതുകൊണ്ടാണ് എല്ലാവരും ഫാൻസായതെന്നാണ് നാട്ടിൽ എല്ലാവരും പറയുന്നതെന്നാണ്', മക്കൾ അഖിലിനോട് സംസാരിക്കവെ പറഞ്ഞത്.
അഖിലിനൊപ്പം മനപ്പൊരുത്തം ടാസ്ക് കൂടി കളിച്ചശേഷമാണ് ഭാര്യ ലക്ഷ്മിയും മക്കളും മടങ്ങിയത്. തനിക്ക് ഹൗസിൽ ഏറ്റവും ഇഷ്ടം ജുനൈസിനെയാണെന്നും ലക്ഷ്മി പറഞ്ഞു. വഴക്കുണ്ടാക്കിയ ശേഷം കട്ടിലിൽ പോയി കിടക്കരുതെന്ന ഉപദേശവും ജുനൈസിന് ലക്ഷ്മി നൽകി. അഖിലിനും സഹമത്സരാർത്ഥികൾക്കുമായി ഉണ്ണിയപ്പവും മീൻ അച്ചാറും ലക്ഷ്മി കൊണ്ടുവന്നിരുന്നു. ജുനൈസും ശോഭയുമെല്ലാം അഖിലിന്റെ മക്കളെ താലോലിച്ചു.

മക്കളുടെ പ്രിയപ്പെട്ട മത്സരാർത്ഥി റിനോഷാണെന്നും ലക്ഷ്മി പറയുന്നു. തന്നെ ഇപ്പോൾ എല്ലാവരും കലിപ്പന്റെ കാന്താരി എന്നാണ് വിളിക്കുന്നതെന്നും ഇപ്പോൾ കളിക്കുന്നത് പോലെ മുന്നോട്ടും ഗെയിം കളിക്കണമെന്നും കപ്പില്ലാതെ നാട്ടിലേക്ക് വന്നാൽ നാട്ടുകാർ തല്ലുമെന്നും അഖിലിനോട് ഭാര്യ പറഞ്ഞു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഫാമിലി വീക്ക് നടക്കുന്നത്.
ഇനി മിഥുൻ, ശോഭ, ജുനൈസ് എന്നിവരുടെ കുടുംബാംഗങ്ങളാണ് വരാനുള്ളത്. അഖിലിന്റെ കുടുംബം ബിഗ് ബോസിലേക്ക് വരുന്നതിന്റെ പ്രമോ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽമീഡിയയിൽ വൈറലാണ്. ഒരു തരത്തിലുള്ള ദേഷ്യവും പ്രകടിപ്പിക്കാതെ വളരെ സ്നേഹത്തോടെയാണ് ലക്ഷ്മി മറ്റുള്ള മത്സരാർത്ഥികളോട് സംസാരിച്ചത്.
ഹൗസിൽ നടന്ന കാര്യങ്ങളെല്ലാം ഗെയിമായി മാത്രമെ താൻ എടുത്തിട്ടുള്ളുവെന്നും അതുകൊണ്ട് എല്ലാം ക്ഷമിച്ചുവെന്നും ലക്ഷ്മി മത്സരാർത്ഥികളോട് തമാശയായി പറഞ്ഞു. സീസൺ ഫൈവ് കപ്പ് അഖിൽ ഉയർത്തുമെന്നാണ് സോഷ്യൽമീഡിയ പ്രവചനങ്ങൾ. ശോഭ, ജുനൈസ്, റെനീഷ, റിനോഷ് എന്നിവരാണ് ജനപിന്തുണ കൂടുതലുള്ള മറ്റ് മത്സരാർത്ഥികൾ.


Click it and Unblock the Notifications