'അയാളെ രാഹുൽ ഗാന്ധി അഭിനന്ദിച്ചപ്പോൾ വിമർശിച്ചതിന് തെറി വിളികേട്ടു, അഗതികളെപ്പോലെ നടന്നിട്ടുണ്ട്'; അഖിൽ
ദിവസവും എയർകേറ്റിവിടാൻ ഒരാളെ കിട്ടി എന്ന മനോഭാവത്തോടെയാണ് പ്രേക്ഷകരിൽ ഒരു വിഭാഗം അഖിൽ മാരാർ എന്ന മത്സരാർഥി ബിഗ് ബോസിലേക്ക് എത്തിയപ്പോൾ സ്വീകരിച്ചത്. കാരണം മാളികപ്പുറം അടക്കമുള്ള സിനിമകളുടെ റിലീസിന് ശേഷം നടന്ന വിവാദങ്ങളിൽ ഇടപെട്ട് വെറുപ്പ് സമ്പാദിച്ചിരുന്നു അഖിൽ മാരാർ.
എന്നാലിപ്പോൾ അഖിൽ മാരാരെ അടുത്ത് അറിഞ്ഞശേഷം വെറുപ്പ് മാറി സ്നേഹം വോട്ടായി നൽകുന്നുണ്ട് ജനങ്ങൾ. 'റൗഡിയാണെന്ന് പുറമേയ്ക്ക് ഒരു സംസാരമുണ്ട്. അതല്ലെന്ന് തെളിയിക്കാനാണ് വന്നിരിക്കുന്നത്. മെയില്‍ ഷോവനിസ്റ്റ് എന്ന വിളിപ്പേര് കേട്ട ഒരാളാണ് താൻ.'

'സോഷ്യല്‍ മീഡിയയില്‍ ഓരോ നിലപാട് അനുസരിച്ചാണ് എനിക്ക് ഓരോ പേര് ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഞാൻ ഇതൊന്നും അല്ല. സത്യത്തിന് വേണ്ടി സംസാരിക്കുക എന്നതാണ്. പാവങ്ങള്‍ക്ക് വേണ്ടി സംസാരിക്കുക എന്നതാണ് തനിക്ക് എപ്പോഴും പ്രധാനം. സത്യത്തിന് വേണ്ടി സംസാരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുന്നില്‍ പോലും സംസാരിക്കാൻ പേടി വേണ്ടെന്ന് കരുതുന്നയാളാണ് ഞാൻ.'
'ലാഭ നഷ്‍ടങ്ങള്‍ക്കായി സംസാരിക്കുന്ന ആളല്ല' എന്നാണ് ഉദ്ഘാടന എപ്പിസോഡിൽ അഖിൽ മാരാർ പറഞ്ഞത്. അഖിൽ മാരാർ ഹൗസിൽ കയറി ഒരാഴ്ച പിന്നിടുമ്പോൾ തന്നെ പുറത്താക്കണമെന്ന തരത്തിൽ വരെ സൈബർ ലോകത്ത് ചർച്ചകൾ നടന്നിരുന്നു.
എന്നാലിപ്പോൾ കഥയാകെ മാറി അഖിൽ മാരാർ ഡിസർവിങ് കണ്ടസ്റ്റന്റാണ്. കുറച്ചെങ്കിലും എന്റർടെയ്ൻമെന്റ് തരുന്ന മത്സരാർഥിയാണ് എന്നൊക്കെയാണ് പ്രേക്ഷകർ പറയുന്നത്. മത്സരാര്‍ഥികള്‍ സ്വന്തം ജീവിതം അവതരിപ്പിക്കുന്ന എന്‍റെ കഥയില്‍ പോലും സങ്കടമോ സഹതാപമോ കിട്ടുന്ന തരത്തിൽ ഒരു കാര്യം പോലും അഖില്‍ മാരാർ അവതരിപ്പിച്ചിട്ടില്ല.
കടന്നുവന്ന കടുപ്പമേറിയ വഴികളെയൊക്കെ നര്‍മ്മം നിറച്ച് ആസ്വാദ്യകരമായാണ് അഖില്‍ അവതരിപ്പിച്ചത്. ഇപ്പോഴിത ബിഗ് ബോസ് ഹൗസിലേക്ക് പോകും മുമ്പ് ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.

'കഷ്ടപ്പാടുകൾ തന്റെ ജീവിതത്തിൽ നിരവധി ഉണ്ടായിട്ടുണ്ടെന്നും അതിൽ തളർന്ന് ഇരുന്നിട്ടില്ലെന്നുമാണ് അഖിൽ പറഞ്ഞത്. സ്ട്രഗിളിങ് ഇഷ്ടംപോലെയുണ്ടായിട്ടുണ്ട്. സിനിമയുെട ഷൂട്ടിങ് പത്ത്, പന്ത്രണ്ട് ദിവസം പിന്നിട്ടപ്പോൾ അതുവരെ ഷൂട്ട് ചെയ്ത ക്ലിപ്പ് അടങ്ങിയ മെമ്മറി കാർഡ് എററായി പോയിട്ടുണ്ട്. അതുപോലെ കൂട്ടുകരനോട് കടം വാങ്ങിയ നാല് ലക്ഷം രൂപ ഒരു സുപ്രഭാതത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്.'
'അന്ന് ആകെ ഉണ്ടായിരുന്ന കാറ് വിറ്റാണ് കുറച്ച് പണം കണ്ടെത്തിയത്. കുട്ടിക്കാലത്ത് വയലിൽ ചെറിയ വീട് കെട്ടിയാണ് ഞാനും കുടുംബവും താമസിച്ചിരുന്നത്. മഴ പെയ്യുമ്പോൾ വീട് മുഴുവൻ വെള്ളം കയറും. പിന്നെ അഗതികളെപ്പോലെ ഭാണ്ഡകെട്ട് കെട്ടി ബന്ധു വീടുകളിൽ താമസിക്കാൻ ആശ്രയം തേടി പോകും.'
'അതുകൊണ്ട് തന്നെയാണ് പ്രളയ സമയത്ത് ആളുകൾക്ക് ചവിട്ടി ബോട്ടിൽ കയറാൻ വെള്ളത്തിൽ കുനിഞ്ഞ് നിന്ന് മുതുക് കാണിച്ച വ്യക്തിയെ രാഹുൽ ഗാന്ധി അഭിനന്ദിച്ചപ്പോൾ ഞാൻ വിമർശിച്ച് പോസ്റ്റിട്ടത്. അയാൾ മുട്ടിൽ കുനിഞ്ഞ് നിന്നാണ് മറ്റുള്ളവർക്ക് ബോട്ടിലേക്ക് കയറാൻ ചവിട്ട് പടിയായത്. അയാൾ കുനിഞ്ഞ് നിന്നപ്പോൾ വളരെ കുറച്ച് വെള്ളം മാത്രമെ ഉള്ളൂവെന്ന് മനസിലാക്കാം.'
'അപ്പോൾ വെറുതെ കയറിയാൻ പോരെ അല്ലാതെ ഷോഓഫ് വേണമോ എന്നാണ് ഞാൻ ചോദിച്ചത്. അന്ന് തെറിയുടെ പൂരമായിരുന്നു. പക്ഷെ ഞാൻ ഇതൊക്കെ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തരം വാർത്തകൾ സംഭവമായി തോന്നാത്തത്. ഞാൻ ഒരു കാര്യത്തിലും ടെൻഷൻ അടിക്കാറില്ല. കാരണം ഞാൻ അതിനെയെല്ലാം ഓവർകം ചെയ്യും.'
'മാത്രമല്ല എനിക്ക് പണത്തിനോട് ആർത്തി തോന്നിയിട്ടില്ല. പേരും പ്രശസ്തിയും വേണമെന്നെ തോന്നിയിട്ടുള്ളു. പിന്നെ ഈ ലോകത്ത് ജാതി, മതം വേർതിരിവ് അല്ല... ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവാണ് ഉള്ളത്. 2018ലൊക്കെ സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത സാഹചര്യമായിരുന്നു.'
'മക്കൾക്കോ ഭാര്യയ്ക്കോ കൊടുക്കാൻ കൈയ്യിൽ ഒരു രൂപപോലും ഇല്ലാതിരുന്ന സമയമായിരുന്നു. എന്തിനാണ് ജീവിക്കുന്നതെന്ന് എനിക്ക് തന്നെ ഐഡിയ ഇല്ലാത്ത കാലമായിരുന്നു. ബിഗ് സീറോയായിരുന്നു. അതിനവ് ശേഷമാണ് പണവും ആവശ്യമാണെന്ന് മനസിലായത്' അഖിൽ മാരാർ പറഞ്ഞു.


Click it and Unblock the Notifications