അഖിൽ മാരാരെ ആശുപത്രിയിലേക്ക് മാറ്റി, പുതിയ പ്രമോയിലും അഖിൽ ഇല്ല, ആ വഴി അഖിലിനെ വീട്ടിലേക്ക് വിട്ടേക്കാൻ ശോഭ!
പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ റേഷനായി കിട്ടുന്ന കുറച്ച് ഭക്ഷണ സാധനങ്ങൾ മാത്രം വെച്ചുണ്ടാക്കി കഴിച്ച് നൂറ് ദിവസം ബിഗ് ബോസ് ഹൗസിൽ നിൽക്കുകയെന്നത് വലിയൊരു ടാസ്ക്കാണ്. ഭക്ഷണം ആവശ്യത്തിന് ലഭിക്കില്ലെന്നതുകൊണ്ട് തന്നെ പരിപ്പും ചപ്പാത്തിയും ഗോതമ്പ് ദോശയും സ്ഥിരമായി കഴിച്ച് മത്സരാർഥികൾക്ക് മടുപ്പ് തോന്നാറുണ്ട്. അതിൽ നിന്നെല്ലാം അവർക്ക് തെല്ല് ആശ്വാസം പകരുന്നത് ലക്ഷ്വറി ബജറ്റിലൂടെ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളാണ്.
പോഷക സമൃദ്ധമായ ഭക്ഷണം ലഭിക്കാത്തത് കൊണ്ടുതന്നെ പലർക്കും വയറ് സംബന്ധമായ അസുഖങ്ങളും പിടിപെടാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഖിൽ മാരാരെ വയറ് സംബന്ധമായ അസുഖങ്ങളും മറ്റും അലട്ടുന്നുണ്ട്. കൂടാതെ കൈയ്ക്ക് വേദനയുമുണ്ടായിരുന്നു.
ഇപ്പോഴിതാ അഖിലിനെ വിശദമായ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ മുതൽ രണ്ട് തവണ അഖിലിനെ മെഡിക്കൽ റൂമിലേക്ക് വിളിച്ച് വരുത്തി ബിഗ് ബോസ് ടീം പരിശോധിച്ചിരുന്നു. ശേഷമാണ് വിശദമായി പരിശോധിക്കുന്നതിനും മറ്റുമായി ആശുപത്രിയിലേക്ക് മാറ്റിയത്.

ഇതുവരേയും അഖിൽ വീട്ടിലേക്ക് തിരികെ വന്നിട്ടില്ല. പുതിയതായി പുറത്ത് വന്ന പ്രമോയിലും അഖിൽ മാരാരില്ല. അസുഖം കൂടി ലെച്ചുവിനെപ്പോലെ അഖിൽ മാരാരും ഹൗസിലേക്ക് തിരിച്ച് വരാതെയാകുമോയെന്ന ആശങ്ക പ്രേക്ഷകർക്കുണ്ട്. എന്നാൽ അഖിലിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ആശുപത്രിയിലേക്ക് ചെക്കപ്പിനായി മാറ്റിയതുകൊണ്ട് മാത്രമാണ് തിരികെ വരാൻ വൈകുന്നതെന്നാണ് റിപ്പോർട്ട്.
ഇത്രയേറെ ശാരീരിക അസ്വസ്ഥതകളുണ്ടായിട്ടും ഇക്കഴിഞ്ഞ വീക്കിലി ടാസ്ക്കിൽ പോലും ഏറ്റവും മനോഹരമായി അഖിൽ പങ്കെടുത്തിരുന്നു. അഖിലിനെ ആശുപത്രിയിലേക്ക് മാറ്റിയെന്ന വാർത്ത പുറത്ത് വന്നപ്പോൾ മുതൽ ആരാധകരും ബിഗ് ബോസ് പ്രേക്ഷകരും ആശങ്കയിലാണ്.
മാരാർ പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരും, മാരാർ ഉള്ളതുകൊണ്ട് മാത്രമാണ് ഈ സീസൺ കാണുന്നത് എന്നെല്ലാമാണ് ആരാധകർ കുറിക്കുന്നത്. സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥിയാണ് അഖിൽ മാരാർ. ഹൗസിനുള്ളിലേക്ക് ഏറ്റവും കൂടുതൽ ഹേറ്റേഴ്സുമായി കയറിയ അഖിൽ ഇന്ന് അവരെയെല്ലാം തന്റെ ആരാധകരായി മാറ്റിയിരിക്കുകയാണ്.
അതേസമയം അഖിലിനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം സഹമത്സരാർഥി ശോഭ വിശ്വനാഥ് നാദിറ മെഹ്റിനോട് പറഞ്ഞ ചില കാര്യങ്ങൾ പ്രേക്ഷകരെ പ്രകോപിപ്പിച്ചു. അസുഖം മൂലം ആശുപത്രിയിലേക്ക് മാറ്റിയ അഖിൽ ഇനി തിരിച്ച് വരാതിരിക്കട്ടെയെന്നും അഖിലിനെ വീട്ടിലേക്ക് പറഞ്ഞുവിടൂവെന്നുമാണ് ശോഭ നാദിറയോട് സംസാരിക്കവെ ബിഗ് ബോസിനോടായി പറഞ്ഞത്.

ഒരാൾ അസുഖ ബാധിതനായി പോയിട്ടും ശോഭ വൈരാഗ്യ ബുദ്ധിയോടെ സംസാരിക്കുന്നുവെന്നാണ് പുതിയ വീഡിയോ കണ്ട് പ്രേക്ഷകർ കുറിക്കുന്നത്. അഖിൽ എവിടെപ്പോയതാണെന്ന് നാദിറ ചോദിക്കുമ്പോഴാണ് ശോഭ വിശ്വനാഥ് അഖിൽ ഇനി തിരിച്ചുവരരുതേയെന്ന രീതിയിൽ സംസാരിക്കുന്നത്.
'അഖിൽ ചെക്കപ്പിന് വേണ്ടി പോയതാണ്. ആ വഴി അവനെ വീട്ടിലോട്ട് വിട്ടാൽ മതിയായിരുന്നു. ബിഗ് ബോസ്... ആ വഴി അവനെ കൊല്ലത്തേക്ക് ഒന്ന് പാക്ക് ചെയ്താൽ നല്ലതായിരുന്നു. എന്തൊരു സമാധാനമാണ് ഈ വീട്ടിൽ. ഇപ്പോഴാണ് സന്മനസുള്ളവർക്ക് സമാധാനമായത്. അഖിൽ മാരാർ പുറത്തേക്ക് കാലുവെച്ചു... ഇവിടം ഭയങ്കര ശാന്തമായി', എന്നാണ് ശോഭ പറയുന്നത്.
അസുഖം വന്നയാളെ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ ആ വഴിക്ക് വീട്ടിൽ പോകട്ടെയെന്ന് ശോഭ പറഞ്ഞത് വളരെ മോശമായിപ്പോയിയെന്നും ആരാധകർ കുറ്റപ്പെടുത്തി പറയുന്നുണ്ട്. അഖിലിനേയും ശോഭയേയും ടോം ആന്റ് ജെറി കോമ്പോയായി പ്രേക്ഷകർ പറയാറുണ്ടെങ്കിലും പലപ്പോഴും ശോഭ തമാശയായി കാണേണ്ട കാര്യങ്ങൾ പോലും ഗൗരവത്തോടെ കണ്ട് അഖിലുമായി പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.


Click it and Unblock the Notifications











