'ഇതിലും വലിയ സന്തോഷം നാദിറയ്ക്ക് ഇനിയെന്താണ് ലഭിക്കാനുള്ളത്..?'; നാദിറയുടെ കുടുംബത്തോടൊപ്പം അഖിൽ മാരാർ!
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ച് സീസണുകളിലുമായി ട്രാൻസ്ജെന്റർ വിഭാഗത്തിൽ നിന്ന് നിരവധി മത്സരാർത്ഥികൾ പങ്കെടുത്തിട്ടുണ്ട്. എന്നാൽ നാദിറ മെഹ്റിനെപ്പോലെ വലിയൊരു മാറ്റം സ്വന്തം ജീവിതത്തിൽ ഉണ്ടാക്കിയെടുത്ത മറ്റൊരു മത്സരാർത്ഥിയുണ്ടാകില്ല. ഒരു ഗെയിമർ എന്ന രീതിയിലും നാദിറ മെഹ്റിൻ മറ്റുള്ള മത്സരാർത്ഥികളെക്കാൾ മികച്ച് നിന്നു.
ടിക്കറ്റ് ടു ഫിനാലെ ഏറ്റവും നന്നായി കളിച്ച് നേടുകയും ചെയ്ത താരത്തിന് ബിഗ് ബോസിൽ പങ്കെടുത്തശേഷം കുടുംബത്തെ തിരിച്ച് കിട്ടി. നജീബിൽ നിന്നും നാദിറയിലേക്ക് മാറാനുള്ള തീരുമാനം എടുത്തപ്പോഴാണ് കുടുംബത്തെ താരത്തിന് ഉപേക്ഷിക്കേണ്ടി വന്നത്.
വളരെ വർഷങ്ങളായി ട്രാൻസ്ജെന്റർ വിഭാഗത്തിൽപ്പെട്ടവരായിരുന്നു താങ്ങും തണലുമായി നാദിറയ്ക്ക് ഒപ്പമുണ്ടായിരുന്നത്. എന്നാൽ താരം ബിഗ് ബോസിൽ പങ്കെടുത്തശേഷം കുടുംബം നാദിറയെ സ്വീകരിക്കാൻ തയ്യാറായി.
പിതാവുമായിട്ടായിരുന്നു നാദിറയ്ക്ക് ഏറ്റവും കൂടുതൽ അകൽച്ച. എന്നാലിപ്പോൾ നാദിറയുടെ വിജയത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഉപ്പയാണ്.

ഫാമിലി വീക്ക് നടന്നപ്പോഴാണ് തന്റെ കുടുംബത്തെ തനിക്ക് തിരിച്ച് കിട്ടിയെന്നത് സഹോദരിയിലൂടെ നാദിറ അറിഞ്ഞത്. ഇപ്പോഴിതാ ബിഗ് ബോസ് പൂർത്തിയാക്കിയ ശേഷം നാദിറ കാസർഗോഡുള്ള തന്റെ കുടുംബത്തെ കാണാൻ എത്തിയിരിക്കുകയാണ്. വളരെ വർഷങ്ങൾക്ക് ശേഷമാണ് നാദിറ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയത്. കുടുംബത്തോടൊപ്പം തിരികെ ചേർന്ന നാദിറയെ കാണാൻ ബിഗ് ബോസ് സീസൺ ഫൈവ് വിന്നർ അഖിൽ മാരാരുമെത്തി.
അഖില്‍ മാരാരും നാദിറയും നാദിറയുടെ ഉപ്പയും ഉമ്മയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം നാദിറ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 'അഖിലേട്ടനും എന്‍റെ കുടുംബത്തിനൊപ്പമുള്ള അവിസ്മരണീയമായ നിമിഷങ്ങള്‍', എന്നാണ് ചിത്രത്തിന് നാദിറ നല്‍കിയ തലക്കെട്ട്.
നാദിറകുട്ടിയുടെ വീട്ടിൽ എന്ന തലക്കെട്ടോടെ അഖിൽ മാരാരും നാദിറയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടെയും സോഷ്യൽമീഡിയ പോസ്റ്റ് വൈറലായതോടെ ആരാധകരും സന്തോഷത്തിലാണ്.
'നജീബിൽ നിന്നും നദിറയിലേക്ക് ഉള്ള മാറ്റം കുടുംബം അംഗീകരിച്ച പോലെ... ട്രാൻസ് കമ്മ്യൂണിറ്റിയ്ക്കും അവരുടെ കുടുംബങ്ങൾക്കും പുതു അറിവ് നൽകട്ടെ', എന്നാണ് ഒരാൾ കമന്റ് ചെയ്തത്. നാദിറയുടെ സന്തോഷത്തിൽ പങ്കുചേരാൻ മടികൂടാതെ അഖിൽ എത്തിയതിനെയും ആരാധകർ പ്രശംസിച്ചു. സെലിബ്രിറ്റികൾ അടക്കം നാദിറയുടെ സന്തോഷത്തിൽ കമന്റിലൂടെ പങ്കുചേർന്നു.

പുറത്തിറങ്ങിയ ശേഷം എന്ത് ആവശ്യം വന്നാലും താൻ വിളിപ്പുറത്ത് ഉണ്ടാകുമെന്ന് നാദിറ ഉൾപ്പടെയുള്ള സഹമത്സരാർത്ഥികൾക്ക് അഖിൽ മാരാർ വാഗ്ദാനം നൽകിയിരുന്നു. ടിക്കറ്റ് ടു ഫിനാലെ ജയിച്ചെങ്കിലും പണവുമായി നാദിറ പുറത്തേക്ക് പോകുക ആയിരുന്നു. പണപ്പെട്ടി ടാസ്ക് വന്നപ്പോൾ ഏഴേമുക്കാൽ ലക്ഷം രൂപ അടങ്ങിയ പെട്ടിയുമെടുത്ത് നാദിറ സ്വയം ഷോ ക്വിറ്റ് ചെയ്ത് പുറത്തുപോയി.
ആദ്യമായാണ് ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഒരാൾ പണപ്പെട്ടിയുമെടുത്ത് ഷോ ക്വിറ്റ് ചെയ്ത് പുറത്തുപോകുന്നത്. നാദിറയുടെ തീരുമാനത്തെ പ്രേക്ഷകരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
വിജയ സാധ്യത നാദിറയ്ക്ക് കുറവായിരുന്നു. അതുകൊണ്ട് തന്നെ ഫൈനൽ ഫൈവിൽ എത്തിയാലും ടൈറ്റിൽ നാദിറയ്ക്ക് ലഭിക്കുമായിരുന്നില്ല. എന്നാൽ പണപ്പെട്ടി എടുത്തതിനോട് ഉപ്പയ്ക്ക് യോജിപ്പില്ലായിരുന്നുവെന്നും താൻ ഗെയിം പറഞ്ഞ് മനസിലാക്കി കൊടുത്തപ്പോഴാണ് ഉപ്പയ്ക്ക് കാര്യങ്ങൾ പിടികിട്ടിയതെന്നും നാദിറ പറഞ്ഞിരുന്നു.
നേരത്തെ മാതൃദിനത്തിൽ ബിഗ് ബോസിനകത്ത് വെച്ചെഴുതിയ കത്ത് ഉമ്മയ്ക്ക് നേരിട്ട് കൊടുത്ത സന്തോഷം നാദിറ പങ്കുവെച്ചിരുന്നു. കയ്യിൽ കത്തുമായി ഇരിക്കുന്ന ഉമ്മയുടെ ഫോട്ടോയും നാദിറ ഷെയർ ചെയ്തിരുന്നു. അതോടൊപ്പം ബിഗ് ബോസ് ഹൗസിൽ നിന്നും കൊണ്ടുവന്ന ടിക്കറ്റ് ടു ഫിനാലെ ടോക്കൺ അടക്കമുള്ള സാധനങ്ങളും ഉമ്മയ്ക്ക് നാദിറ കൈമാറിയിരുന്നു.


Click it and Unblock the Notifications