'ഞങ്ങൾ ടെൻഷൻ അടിച്ചാണ് ഇവിടെ ഇരുന്നത്, ശോഭയുടെ ആ കമന്റ് മാതാപിതാക്കളെയും വിഷമിപ്പിച്ചു'; അഖിലിന്റെ ഭാര്യ
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അവസാനിക്കാൻ വെറും മൂന്ന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഫൈനലിസ്റ്റുകളായി ആറ് പേരാണ് ഇപ്പോൾ ഹൗസിലുള്ളത്. അഖിൽ മാരാർ, ഷിജു എ.ആർ, ജുനൈസ് വി.പി, നാദിറ മെഹ്റിൻ, സെറീന ആൻ ജോൺസൺ, റെനീഷ റഹ്മാൻ എന്നിവരാണ് ആ ഫൈനലിസ്റ്റുകൾ.
നാദിറയാണ് ഏറ്റവും അവസാനം ഹൗസിൽ നിന്നും എവിക്ടായി പുറത്തേക്ക് പോയത്. പണപ്പെട്ടി ടാസ്കിൽ ലഭിച്ച ഏഴേമുക്കാൽ ലക്ഷം രൂപയും എടുത്താണ് നാദിറ ഷോ ക്വിറ്റ് ചെയ്ത് പോയത്. പണപ്പെട്ടി ടാസ്ക് ആരംഭിച്ചപ്പോൾ മുതൽ ആരായിരിക്കും പെട്ടി എടുക്കുക എന്ന് അറിയാൻ പ്രേക്ഷകരും ആകാംഷയിലായിരുന്നു.
നല്ലൊരു തുക ലഭിച്ചാൽ അത് സ്വന്തമാക്കി പുറത്ത് പോകണമെന്ന് നാദിറയും മനസിൽ ഉറപ്പിച്ചിരുന്നു. ടാസ്കിന്റെ രണ്ടാം ദിവസം ആയപ്പോഴേക്കും നാദിറ ഏഴേമുക്കാൽ ലക്ഷം രൂപയുമെടുത്ത് ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോവുകയായിരുന്നു. ടിക്കറ്റ് ടു ഫിനാലെ വാശിയോടെ കളിച്ചാണ് നാദിറ ഫിനാലെ വീക്കിലെത്തിയത്.
സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിച്ചത് ഫാമിലി വീക്ക് നടന്നപ്പോഴായിരുന്നു. അതിലും അഖിൽ മാരാരുടെ കുടുംബം ഹൗസിലേക്ക് എത്തിയപ്പോഴാണ് ലൈവ് കാണാൻ അടക്കം പ്രേക്ഷകർ എത്തിയത്.

ഫാമിലി വീക്കിന്റെ മൂന്നാം ദിവസമാണ് അഖിൽ മാരാരുടെ കുടുംബം ഹൗസിലെത്തിയത്. മക്കളെ ഓടി വന്ന് വാരിപ്പുണർന്ന അഖിലിന്റെ പ്രമോ വീഡിയോയ്ക്ക് നിമിഷങ്ങൾക്കുള്ളിലാണ് ലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിച്ചത്. ഇപ്പോഴിതാ ഹൗസിൽ പോയി വന്നശേഷമുള്ള അനുഭവം മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് അഖിലിന്റെ ഭാര്യ ലക്ഷ്മി.
നെഗറ്റീവിന്റെ പീക്കിൽ നിന്നാണ് അഖിൽ ഷോയിലേക്ക് പോയതെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഇപ്പോൾ പ്രേക്ഷകരിൽ നിന്നും കിട്ടുന്ന സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നുമാണ് ലക്ഷ്മി പറയുന്നത്. 'അച്ഛനെ കണ്ട സന്തോഷത്തിലാണ് മക്കൾ അങ്ങനെ ഓടി ചെന്നത്. ഞാനും അത് കണ്ട് ഞെട്ടി.'
'മൂത്തമോളുടെ കണ്ണിൽ നിന്നും വെള്ളമൊക്കെ വന്നിട്ടുണ്ടായിരുന്നു. ആ പാട്ട് കേട്ടപ്പോൾ ഇമോഷണലായി മാറിയിരുന്നു. കരയരുതെന്ന് മനസിൽ ഉറപ്പിച്ചാണ് പോയത്. കാരണം ഞങ്ങൾ ഒന്ന് താന്ന് പോയാൽ അണ്ണൻ ചിലപ്പോൾ ഞങ്ങളുടെ കൂടെ ഇറങ്ങി വരും. അങ്ങനെ വന്നാൽ മലയാളികൾ എന്നെ വെച്ചേക്കുമോയെന്നും', ലക്ഷ്മി ചോദിക്കുന്നു.
ഭർത്താവിനൊപ്പമല്ല ഹൗസിലെ മറ്റ് മത്സരാർത്ഥികൾക്കൊപ്പമാണ് താൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചതെന്നും ലക്ഷ്മി പറയുന്നു. അഖിൽ മാരാർ കഴിഞ്ഞാൽ ഹൗസിൽ ആരെയാണ് ഏറ്റവും ഇഷ്ടമെന്ന് ചോദിച്ചപ്പോൾ ജുനൈസിന്റെ പേരാണ് ലക്ഷ്മി പറഞ്ഞത്. ആഴ്ചയിൽ രണ്ട് ദിവസം ജുനൈസിനും മൂന്ന് ദിവസം അഖിലുമായി വോട്ട് ചെയ്ത സമയം ഉണ്ടായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.

'ഏത് എപ്പിസോഡ് കണ്ടപ്പോഴാണ് ഏറ്റവും കൂടുതൽ വിഷമം തോന്നിയതെന്ന് ചോദിച്ചപ്പോൾ ശോഭ അഖിലിന് തൈര് കൊടുക്കാതിരുന്നപ്പോഴും അഖിലിനെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് അറിയിപ്പ് വന്നപ്പോൾ ശോഭ പറഞ്ഞ കമന്റ് കേട്ടപ്പോഴുമാണെന്നും ലക്ഷ്മി പറയുന്നു. അണ്ണന് തൈര് അടക്കമുള്ള ഭക്ഷണ സാധനങ്ങൾ കൊടുക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങൾ നടന്നത് കണ്ടപ്പോൾ സങ്കടം തോന്നി.'
'കാരണം എല്ലാ ഭക്ഷണവും കഴിക്കാൻ സാധിക്കുന്ന ആളല്ല അണ്ണൻ. അതുപോലെ തന്നെ അസുഖം വന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്ന് കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും ടെൻഷൻ അടിച്ചു. അപ്പോഴാണ് ആശുപത്രിയിൽ നേരിട്ട് വീട്ടിലേക്ക് പാക്ക് ചെയ്തോളൂവെന്ന കമന്റ് ശോഭ പറഞ്ഞത്. അതും ഞങ്ങളെ വിഷമിപ്പിച്ചു. ആ കമന്റ് മാതാപിതാക്കളെയും വിഷമിപ്പിച്ചിരുന്നുവെന്നും', ലക്ഷ്മി പറയുന്നു.


Click it and Unblock the Notifications