'ഞാൻ പോവുകയാണ്... എല്ലാവരോടും സ്നേഹം... പൂക്കട്ടെ കാവടി...'; റിനോഷിന് പിന്നാലെ അനിയൻ മിഥുനും പുറത്തേക്ക്!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ ഒരാൾ കൂടി ഹൗസിനോട് വിടപറഞ്ഞിരിക്കുന്നു. അനിയൻ മിഥുനാണ് പതിമൂന്നാം ആഴ്ച എവിക്ടായിരിക്കുന്നത്. എല്ലാവരും പ്രതീക്ഷിച്ചിരുന്നൊരു പുറത്താകൽ തന്നെയായിരുന്നു അനിയൻ മിഥുന്റേത്.
നാദിറ മെഹ്റിൻ ഒഴികെ ബാക്കിയുള്ള എട്ടുപേരും ഇത്തവണ നോമിനേഷനിൽ ഉൾപ്പെട്ടിരുന്നു. റിനോഷ് ത്വക്ക് രോഗം മൂലം ചികിത്സയിലായിരുന്നതിനാൽ കഴിഞ്ഞ ദിവസം ഷോയിൽ നിന്നും ക്വിറ്റ് ചെയ്തു. ഏറ്റവും ശക്തനായൊരു മത്സരാർത്ഥിയായിരുന്നു റിനോഷ്. ഉറ്റ ചങ്ങാതി പുറത്തായത് അനിയൻ മിഥുനെ ബാധിച്ചിരുന്നു.
റിനോഷ് കപ്പ് ഉയർത്തണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നതും അനിയൻ മിഥുനായിരുന്നു. ഒരു വീക്കിലി ടാസ്ക്കിനിടെ ജീവിതാനുഭവങ്ങൾ പറഞ്ഞപ്പോൾ പ്രണയം, വുഷു എന്നിവ സംബന്ധിച്ച് അനിയൻ മിഥുൻ ഹൗസിൽ പറഞ്ഞ ചില കാര്യങ്ങൾ വലിയ രീതിയിൽ വിവാദം സൃഷ്ടിച്ചിരുന്നു.
ശേഷമാണ് അനിയൻ മിഥുന് ലഭിച്ചിരുന്ന ജനപിന്തുണയിലും കുറവ് സംഭവിച്ചത്. ഇത്തവണത്തെ എവിക്ഷൻ വളരെ രസകരമായൊരു ടാസ്കിലൂടെയാണ് നടത്തിയത്.

ടിവി സ്ക്രീനിന് മുന്നിലായി വെച്ചിരിക്കുന്ന ടേബിളിന് മുകളില്‍ ഒരു കൂട്ടം മാജിക് നാണയങ്ങള്‍ നല്‍കുകയാണ് ബിഗ് ബോസ് ചെയ്തത്. നോമിനേഷനിലുള്ള മത്സരാര്‍ഥികളുടെ മുഖം ആലേഖനം ചെയ്തിട്ടുള്ള നാണയങ്ങളാണ് ഇവ. തന്‍റെ മുഖം ചിത്രീകരിച്ചിരിക്കുന്ന 100 നാണയങ്ങള്‍ ലഭിക്കുന്ന മത്സരാര്‍ഥി നോമിനേഷനില്‍ നിന്ന് സേവ് ആകും.
ഷിജുവാണ് ആദ്യം സേവായത്. പിന്നാലെ ജുനൈസ്, സെറീന, ശോഭ, അഖിൽ മാരാർ തുടങ്ങി ഓരോരുത്തരായി സേഫായി. അവസാനം അവശേഷിച്ചത് റെനീഷയും മിഥുനുമായിരുന്നു. അതിൽ മിഥുന് ഒടുവിൽ 99 നാണയങ്ങൾ മാത്രമെ ലഭിച്ചുള്ളു. ഇതോടെ മിഥുൻ പുറത്തായിയെന്ന് മോഹൻലാൽ അറിയിക്കുകയായിരുന്നു.
മിഥുനാണ് പുറത്തായതെന്ന പ്രഖ്യാപനം വന്നതോടെ ശോഭ, ജുനൈസ് എന്നിവരെല്ലാം നിരാശയിലായി. ജുനൈസിന്റെ ഉറ്റ ചങ്ങാതിയായിരുന്നു മിഥുൻ. എല്ലാവരോടും ചെയ്തിട്ടുള്ളതും പറഞ്ഞിട്ടുള്ളതുമായ എല്ലാ കാര്യങ്ങൾക്കും ക്ഷമ ചോദിച്ചശേഷമാണ് മിഥുൻ ഇറങ്ങിയത്.
'ഞാൻ പോവുകയാണ്. എല്ലാവരോടും സ്നേഹം. ജുനൈസേ.. നീ എന്റെ ബാലേട്ടൻ തന്നെയാണ്. എന്തെങ്കിലും ഞാൻ നിങ്ങളെ പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. ഞാൻ പോകുമ്പോൾ എന്നെ കുറിച്ച് നല്ലത് പറയണേ...', എന്നാണ് മിഥുൻ മത്സരാർത്ഥികളോട് വീട്ടിൽ വെച്ച് പറഞ്ഞത്. ലിവിങ് റൂമിൽ വെച്ചിരിക്കുന്ന ബസർ അടിക്കണമെന്ന് അതിയായ മോഹമുണ്ടെന്ന് പറഞ്ഞ് ആ ബസറും അമർത്തിയ ശേഷമാണ് മിഥുൻ ഹൗസിൽ നിന്നും ഇറങ്ങിയത്.

പുറത്തായാൽ സങ്കടമാകുമോയെന്ന് എവിക്ഷന് മുമ്പ് മോഹൻലാൽ ചോദിച്ചപ്പോൾ ഹൗസിൽ തുടരണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് മിഥുൻ പറഞ്ഞത്. തെണ്ണൂറ് ദിവസങ്ങൾ പൂർത്തിയാക്കിയാണ് മിഥുൻ ബിഗ് ബോസ് വീടിനോടും മത്സരാർത്ഥികളോടും യാത്ര പറഞ്ഞത്. 'പ്രതീക്ഷയും പ്രതീക്ഷക്കേടൊന്നും ഇല്ല. പോകയാണെങ്കിൽ പുറത്തെ പിള്ളേര്. അകത്താണെങ്കിൽ അകത്തെ പിള്ളേര് എന്നുള്ള മൂഡിലാണ്.'
'ആഴ്ചയിൽ വന്ന് മോനേ അനിയാ എന്നൊക്കെ ലാലേട്ടൻ വിളിക്കുന്നത് മിസ് ചെയ്യും. ഇത്രയും നാളും എനിക്ക് വോട്ട് തന്നതിന് നന്ദി. ബിഗ് ബോസിന്റെയും ഏഷ്യാനെറ്റിന്റെയും ഭാഗമായതിൽ സന്തോഷം. എല്ലാം എന്റെ ഉള്ളിൽ ഉണ്ട്. അതെന്നും ഉണ്ടാകും. ബിഗ് ബോസ് ഹൗസ് മിസ് ചെയ്യും. എന്റെ ഏറ്റവും നല്ല സുഹൃത്താണ് റിനോഷ്.'
'അവനെ പറ്റി പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ. എന്നും അങ്ങനെ തന്നെ ഉണ്ടാകും', എന്നാണ് മോഹൻലാലിനോട് സംസാരിക്കവെ മിഥുൻ പറഞ്ഞത്. ജൂലൈ രണ്ടാം തീയതിയാണ് ബിഗ് ബോസ് സീസൺ അഞ്ചിന്റെ ഫിനാലെ.


Click it and Unblock the Notifications