'ലാലേട്ടനെ കണ്ടപ്പോൾ പേടിച്ച് പോയതിനാൽ അന്ന് അവിടെ സത്യം പറയാൻ പറ്റിയില്ല, എനിക്ക് പറ്റിയ അബദ്ധമാണത്'; മിഥുൻ!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അവസാനിക്കുമ്പോൾ വിജയിയായ അഖിൽ മാരാരെക്കാൾ റീച്ച് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയ മത്സരാർത്ഥിയാണ് അനിയൻ മിഥുൻ. ഒരു പട്ടാള പ്രണയകഥ പറഞ്ഞതിന്റെ പേരിലാണ് അനിയൻ മിഥുൻ വാർത്തകളിൽ നിറഞ്ഞത്. ഷോയിൽ നൽകിയൊരു ടാസ്കിന്റെ ഭാഗമായി സംസാരിക്കവെയാണ് തന്റെ നഷ്ടപ്പെട്ടുപോയ പ്രണയത്തെ കുറിച്ച് മിഥുൻ വെളിപ്പെടുത്തിയത്.
പട്ടാള ഉദ്യോഗസ്ഥയായ സന എന്ന പെൺകുട്ടിയുമായി തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും ഒരു ഘട്ടത്തിൽ സന വെടിയേറ്റ് മരിച്ചുവെന്നും അന്ന് താൻ ത്രിവർണ്ണ പതാക പുതപ്പിച്ച് കിടത്തിയ ബോഡിയിൽ കെട്ടിപിടിച്ച് കരഞ്ഞുവെന്നുമാണ് മിഥുൻ ഹൗസിൽ വെച്ച് പറഞ്ഞത്.
ഇന്ത്യൻ ആർമിയെ കുറിച്ച് പൊതുവെ ആരും പരസ്യമായി ഇത്തരം പ്രസ്താവനകൾ നടത്താറില്ല. നമ്മുടെ രാജ്യം ഏറ്റവും കൂടുതൽ ബഹുമാനത്തോടെ കാണുന്ന ഫോഴ്സാണത്. ഒരു പട്ടാളക്കാരന് ജനങ്ങൾക്കിടയിൽ ലഭിക്കുന്ന ബഹുമാനം അത്രയേറെ മുകളിലാണ്.

അതുകൊണ്ട് തന്നെ മിഥുന്റെ കഥ വേഗത്തിൽ വൈറലാവുകയും മേജർ രവി, മോഹൻലാൽ തുടങ്ങിയവർ കഥയിലെ സത്യം അന്വേഷിക്കുകയും ചെയ്തു. എന്നാൽ അങ്ങനൊരു ഉദ്യോഗസ്ഥ ഇന്ത്യൻ ആർമിയിൽ ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ശേഷം മിഥുനോട് ഈ കഥ നുണയല്ലേയെന്ന് പലവട്ടം മോഹൻലാൽ ചോദിച്ചു. പക്ഷെ താൻ പറഞ്ഞത് സത്യമാണെന്ന് പറഞ്ഞ് ഉറച്ച് നിന്നു.
ഇപ്പോഴിതാ ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ മിഥുൻ താൻ അന്ന് പറഞ്ഞതെല്ലാം അബദ്ധമാണെന്ന് ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മോഹൻലാലിന്റെ മുന്നിൽ വെച്ച് തിരുത്താതിരുന്നത് ഭയന്നിട്ടാണെന്നും മിഥുൻ പറഞ്ഞു.
ടോപ്പ് ഫൈവിൽ എത്തിയ എല്ലാവരും ഡിസർവിങായിട്ടുള്ള മത്സരാർത്ഥികളായിരുന്നുവെന്ന് പറഞ്ഞാണ് മിഥുൻ സംസാരിച്ച് തുടങ്ങിയത്. 'റിനോഷ് ഹെൽത്ത് ഇഷ്യു കാരണം ഷോയിൽ നിന്നും ക്വിറ്റ് ചെയ്ത് പോയത് വിഷമുണ്ടാക്കി. ഫിനാലെയിൽ വെച്ച് അവനെ ഞാൻ കണ്ടിരുന്നു. അവൻ ബെറ്ററായിട്ടുണ്ട്. അവനും സ്ട്രോങ് കൺടസ്റ്റന്റായിരുന്നു.'
'കപ്പ് എന്ന പ്രതീക്ഷിയോടെയല്ല ഷോയിൽ പങ്കെടുക്കാൻ ഞാൻ വന്നത്. എല്ലാ മനുഷ്യർക്കും ഉള്ളതുപോലെ ആഗ്രങ്ങൾ എനിക്കുമുണ്ട്. അതൊക്കെ പുറത്ത് ഇറങ്ങിയ ശേഷം നേടിയെടുക്കണം. അതിന്റെ വിവരങ്ങൾ വഴിയെ പറായമെന്നും', മിഥുൻ പറഞ്ഞു. ശേഷമാണ് ആർമി കഥയിൽ എത്രത്തോളം സത്യമുണ്ടെന്നതിനെ കുറിച്ച് മിഥുൻ സംസാരിച്ചത്.

'ഞാൻ ആ കഥ പറഞ്ഞശേഷവും നാട്ടുകാർ എന്നെ കൈവിട്ടില്ല.... അവർ സ്നേഹിച്ചത് കണ്ട് സന്തോഷം തോന്നി. ആ സമയത്ത് അവരെല്ലാം എന്നെ ചേർത്ത് പിടിച്ചു. പൊതുവായ കാര്യങ്ങളിൽ ഇടപെടണമെന്നാണ് എന്റെ ആഗ്രഹം. ബിഗ് ബോസ് കഴിഞ്ഞപ്പോൾ ഞാൻ ആ വിഷയത്തിൽ സോറി പറഞ്ഞു. ലാലേട്ടന് മുമ്പിൽ പക്ഷെ എനിക്ക് അത് പറയാൻ പറ്റിയില്ല. പേടിച്ച് പയതുകൊണ്ടാണ് പറയാതിരുന്നത്.'
'എനിക്ക് പറ്റിയ അബദ്ധമാണ് ആ കഥ. ട്രോളൊക്കെ ഞാൻ കണ്ടിരുന്നു. കുറച്ച് വിഷമം വന്നു. ഞാൻ മീഡിയക്കാർ ആരെയും കുറ്റപ്പെടുത്തുന്നില്ല. എനിക്ക് വിഷമം ആകുന്ന ചോദ്യം നിങ്ങൾ ചോദിച്ചതിന് കുറ്റപ്പെടുത്താൻ പറ്റില്ല. അത് നിങ്ങളുടെ ജോലി അല്ല. ചില സമയത്ത് നമ്മൾ ക്യാമറ മറക്കും അപ്പോൾ സംഭവിക്കുന്നതാണെന്നും', മിഥുൻ പറഞ്ഞു.
തൊണ്ണൂറ്റി ഒന്ന് ദിവസം ഹൗസിൽ പൂർത്തിയാക്കിയ ശേഷമാണ് മിഥുൻ എവിക്ടായത്. മിഥുന്റെ കഥയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടക്കുന്നതിനാൽ മത്സരാർത്ഥികളെല്ലാം ഒറ്റ കെട്ടായി മിഥുനൊപ്പമുണ്ട്. ഇരുപത്തിയൊന്ന് മത്സരാർത്ഥികളാണ് ഈ സീസണിൽ ടൈറ്റിലിനായി മത്സരിച്ചത്.


Click it and Unblock the Notifications