'മിഥുനെ പുറത്താക്കൂ... ഹൗസിൽ നിന്നാൽ ഒരുപാട് മാനസിക സംഘർഷം അയാൾക്ക് ഉണ്ടാകും'; ശ്രദ്ധനേടി പുതിയ പ്രമോ!
ലോകമൊമ്പാടുമുള്ള എല്ലാ പ്രായത്തിലും ഉൾപ്പെട്ട ആളുകൾ പ്രേക്ഷകരായുള്ള ഷോയാണ് ബിഗ് ബോസ് മലയാളം. സീസൺ ഫൈവിൽ എത്തി നിൽക്കുന്ന ഷോ, ഗ്രാന്റ് ഫിനാലെയ്ക്ക് തൊട്ടരികിലാണ്. അതുകൊണ്ട് തന്നെ മത്സരവും മുറുകി കഴിഞ്ഞു. പത്ത് പേരാണ് സീസൺ ഫൈവിന്റെ ടൈറ്റിലിന് വേണ്ടി മത്സരിക്കുന്നത്.
ബിഗ് ബോസ് ജനപ്രിയ ഷോയായതുകൊണ്ടാണ് മത്സരാർത്ഥികൾ പറയുന്ന ഓരോ കാര്യവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ഹൗസിനുള്ളിൽ നിന്ന് സംസാരിക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം.
അത്തരത്തിൽ കഴിഞ്ഞ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് അനിയൻ മിഥുൻ പതിനൊന്നാം ആഴ്ചയിലെ വീക്ക്ലി ടാസ്ക്കായ അനുഭവങ്ങൾ പാളിച്ചകളിൽ പറഞ്ഞ ചില കാര്യങ്ങൾ. കുറച്ച് വർഷം മുമ്പ് തനിക്കുണ്ടായിരുന്ന ഒരു പ്രണയത്തെ കുറിച്ചാണ് അനിയൻ മിഥുൻ വെളിപ്പെടുത്തിയത്.
മിഥുൻ പറഞ്ഞ കഥയിലെ പ്രണയിനി ആർമി ഉദ്യോഗസ്ഥയായിരുന്നു. സന എന്നാണ് പെൺകുട്ടിയുടെ പേരെന്നാണ് മിഥുൻ പറഞ്ഞത്. ആയുധങ്ങൾക്കൊപ്പം സന നിൽക്കുന്നത് കണ്ടുവെന്നും പ്രണയം പറയാനായി കാത്തിരുന്ന സമയത്ത് സന വെടിയേറ്റ് മരിച്ചുവെന്നെല്ലാമാണ് മിഥുൻ പറഞ്ഞത്.

ആ പെൺകുട്ടിയുടെ വീട്ടിൽ പോയിട്ടുണ്ടെന്നും ഒരുമിച്ച് ഇന്ത്യ മുഴുവൻ സഞ്ചരിച്ചിട്ടുണ്ടെന്നും മിഥുൻ പറഞ്ഞിരുന്നു. എപ്പിസോഡ് പുറത്ത് വന്നതോടെ മിഥുന്റെ കഥ ചർച്ചയായി. കഴിഞ്ഞ ദിവസം വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ, കഥയിൽ എത്രമാത്രം സത്യമുണ്ടെന്ന് മിഥുനോട് ചോദിച്ചു. എന്നാൽ താൻ പറഞ്ഞതെല്ലാം സത്യമാണെന്ന് മിഥുൻ മോഹൻലാലിനോട് പറയുന്നുണ്ട്. സന എന്ന പേരിൽ ഇന്ത്യൻ ആർമിയിൽ ഒരു ഉദ്യോഗസ്ഥ ജോലി ചെയ്തിട്ടില്ലെന്നും വെടിയേറ്റ് മരിച്ചുവെന്നത് സത്യമായി വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും മോഹൻലാൽ വീണ്ടും ആവർത്തിച്ചു.
പക്ഷെ അനിയൻ മിഥുൻ ഒന്നും തിരുത്തി പറയാൻ തയ്യാറായില്ല. വെറുതെ പറഞ്ഞതാണെന്ന് തിരുത്താൻ തയ്യാറായാൽ അത് നല്ലതിനാണെന്നും അല്ലാത്ത പക്ഷം പരിണിത ഫലം ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വരുമെന്നും മോഹൻലാൽ വ്യക്തമാക്കി.
പക്ഷെ താൻ പറഞ്ഞതെല്ലാം സത്യമാണെന്ന് മിഥുൻ ആവർത്തിച്ചുകൊണ്ടിരുന്നു. ഇപ്പോഴിതാ ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്. അതിൽ തനിക്ക് ഹൗസിൽ തുടരാൻ താൽപര്യമില്ലെന്നും പുറത്ത് പോകണമെന്ന് ആഗ്രഹിക്കുന്നുവെന്നും മിഥുൻ മോഹൻലാലിനോട് പറഞ്ഞു.
'മുന്നോട്ട് പോകണം ഹൗസിൽ നിൽക്കണമെന്നുള്ള ആഗ്രഹം തന്നെയായിരുന്നു. പക്ഷെ ഞാൻ പറഞ്ഞ കാര്യങ്ങൾ ഏതെങ്കിലും രീതിയിൽ ബാധിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് നന്നായി അറിയാം. ഞാൻ ന്യായീകരിക്കുകയല്ല. പക്ഷെ എനിക്ക് ഇവിടുന്ന് ഇറങ്ങണം', എന്ന് മിഥുൻ മോഹൻലാലിനോട് പറയുന്നു.

സംഭവത്തിൽ ബിഗ് ബോസും മോഹൻലാലും എന്ത് തീരുമാനമെടുത്തതെന്ന് എപ്പിസോഡ് വന്നാൽ മാത്രമെ അറിയാൻ സാധിക്കൂ. പ്രൊമോ വൈറലായതോടെ മിഥുനെ പുറത്താക്കുന്നതാണ് പ്രശ്നങ്ങൾ വഷളാക്കുന്നതിനേക്കാൾ നല്ലതെന്നാണ് പ്രേക്ഷകർ പറയുന്നത്. 'ലാലേട്ടൻ ചോദിച്ചപ്പോൾ ഞാൻ കളവ് പറഞ്ഞതാണെന്ന് പറഞ്ഞാൽ മതിയായിരുന്നു. ഇതിപ്പോൾ പുറത്ത് പോയാലും വല്യപ്രശ്‌നം ആവില്ലേ?. സ്വന്തം കരിയർ വരെ പോവില്ലേ...?, മിഥുനെ പുറത്താക്കൂ... ഹൗസിൽ നിന്നാൽ ഒരുപാട് മാനസിക സംഘർഷം അയാൾക്ക് ഉണ്ടാകും', എന്നെല്ലാമാണ് കമന്റുകൾ വരുന്നത്.
ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റിലും അനിയൻ മിഥുനുണ്ട്. ജനപിന്തുണയുടെ കാര്യത്തിലും വളരെ പിന്നിലാണ്. ഇനി ഹൗസിൽ മിഥുൻ തുടരുന്ന ഓരോ ദിവസവും ഈ വിഷയം അകത്തും പുറത്തും കൂടുതൽ ചർച്ച ചെയ്യപ്പെടും. തൃശൂർ സ്വദേശിയാണ് മിഥുൻ. ഇതുവരെ ഹൗസിൽ കാര്യമായ പ്രകടനങ്ങളൊന്നും കാഴ്ചവെക്കാൻ മിഥുന് സാധിച്ചിട്ടില്ല. സേഫ് ഗെയിം കളിക്കുന്നുവെന്നാണ് പ്രേക്ഷകർ മിഥുനെ കുറിച്ച് പറയാറുള്ളത്.


Click it and Unblock the Notifications