50 ലക്ഷം പ്രെെസ് മണി ശരിക്കും ഉള്ളതാണോ? ആര്യക്ക് പറയാനുള്ളത്; ശ്രദ്ധ നേടി വാക്കുകൾ
ബിഗ് ബോസ് പ്രേക്ഷകരെ സംബന്ധിച്ച് അഞ്ചാം സീസൺ മികച്ച അഭിപ്രായം നേടിയാണ് പൂർത്തിയാകുന്നത്. 100 ദിവസം പിന്നിട്ട് ഈ സീസണിന് കൊടിയിറങ്ങുമ്പോൾ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും ഓർമ്മകൾ ബാക്കിയാകുന്നു. പ്രേക്ഷകമനസ്സിൽ ഇടം നേടിയ ഒരുപിടി മത്സരാർത്ഥികൾക്ക് കരിയറിലും ജീവിതത്തിലും പുതുപ്രതീക്ഷകളാണ് ബിഗ് ബോസ് ഷോ നൽകിയത്. ഒന്നിനൊന്ന് വ്യത്യസ്തരായ മത്സരാർത്ഥികളാണ് പതിവ് പോലെ ഇത്തവണയും മത്സരത്തിനെത്തിയത്.
തരംഗമാകുമെന്ന കരുതിയവരിൽ പലരും പ്രേക്ഷക പ്രീതി നേടിയില്ല. അതേസമയം മറ്റ് ചില മത്സരാർത്ഥികൾക്ക് തങ്ങളുടെ മോശം പ്രതിച്ഛായ മാറ്റിയെടുക്കാൻ ബിഗ് ബോസിലൂടെ കഴിഞ്ഞു. ഹേറ്റേഴ്സിനെ ലഭിച്ചവരും കുറവല്ല. ബിഗ് ബോസ് വീട്ടിലേക്കാളും വലിയ ചർച്ചകൾ പലപ്പോഴും പുറത്ത് സോഷ്യൽ മീഡിയയിൽ നടന്നു.
ഇപ്പോഴിതാ ബിഗ് ബോസിലെ വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുകയെക്കുറിച്ച് മുൻ ബിഗ് ബോസ് മത്സരാർത്ഥിയും നടിയും അവതാരകയുമായ ആര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാമിൽ വന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആര്യ. 'ബിഗ് ബോസ് വിജയിക്ക് 50 ലക്ഷം പ്രെെസ് മണി ലഭിക്കും എന്നത് ശരിക്കും ഉള്ളതാണോ' എന്നാണ് ആര്യക്ക് വന്ന ചോദ്യം. എനിക്ക് കിട്ടിയിട്ടില്ല. അതിനാൽ അറിയില്ലെന്നാണ് ആര്യ നൽകിയ മറുപടി. ബിഗ് ബോസിനെക്കുറിച്ചുള്ള ആരാധകരുടെ മറ്റ് ചോദ്യങ്ങളോടും ആര്യ പ്രതികരിച്ചു.

അടുത്ത ബിഗ് ബോസ് സീസണിൽ നിങ്ങളെയും ഗോപികയെയും വിളിച്ചാൽ പോകുമോ എന്നായിരുന്നു മറ്റൊരു ചോദ്യം. മലയാളം ബിഗ് ബോസിലേക്ക് മത്സരാർത്ഥിയായി ഇനി പോകില്ല. ചലഞ്ചറായും അതിഥിയായും പോകാം. അതേസമയം മറ്റ് ഭാഷകളിൽ ഒരുപക്ഷേ മത്സരാർത്ഥിയായി താൻ പോയേക്കുമെന്നും ആര്യ മറുപടി നൽകി.
ബിഗ് ബോസ് രണ്ടാം സീസണിലാണ് ആര്യ മത്സരാർത്ഥിയായെത്തിയത്. ഷോ ആര്യയുടെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചു എന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. ഇക്കാര്യം ആര്യയും സമ്മതിച്ചിട്ടുണ്ട്. ഷോയ്ക്ക് മുമ്പ് കോമഡി പ്രോഗ്രാമുകളിലൂടെയും മറ്റും ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായിരുന്നു ആര്യ. എന്നാൽ ബിഗ് ബോസിന് ശേഷം കടുത്ത സെെബർ ആക്രമണം ആര്യക്ക് നേരിടേണ്ടി വന്നു.

ബിഗ് ബോസ് ഷോയോട് തനിക്ക് താൽപര്യം ഇല്ലാതായതിനെക്കുറിച്ച് ആര്യ നേരത്തെ സംസാരിച്ചിട്ടുണ്ട്. ബിഗ് ബോസ് വീട്ടിലല്ല, പുറത്താണ് കളി മുഴുവനുമെന്ന് അന്ന് താരം അഭിപ്രായപ്പെട്ടു. ആർമി, യൂട്യൂബ് ചാനലുകൾ, ഫാൻ ഫൈറ്റ്, തെറിവിളി തുടങ്ങിയ പല കാര്യങ്ങളും പുറത്തുണ്ട്.
വീട്ടിനുള്ളിൽ വെച്ച് മത്സരാർത്ഥികൾ കരുതുന്നതായിരിക്കില്ല പുറത്ത് നടക്കുക. മറ്റ് ഭാഷകളെ അപേക്ഷിച്ച് കടുത്ത ഫാൻ ഫൈറ്റ് നടക്കുന്നത് പലപ്പോഴും മലയാളം ബിഗ് ബോസിലാണെന്നും ആര്യ ചൂണ്ടിക്കാട്ടി. ഷോ എന്നതിനപ്പുറം ആളുകൾ മത്സരത്തെ ഗൗരവമായി എടുക്കുന്നു, പുറത്ത് ഇത് വലിയൊരു ബിസിനസായി മാറിയെന്നും ആര്യ അന്ന് ചൂണ്ടിക്കാട്ടി.
ബിഗ് ബോസിന്റെ മിക്ക സീസണുകളിലും ഒരാൾ വാഴ്ത്തപ്പെടുമ്പോൾ മറുവശത്ത് മറ്റൊരാൾ കടുത്ത സൈബർ ആക്രമണം നേരിടാറുണ്ട്. രജിത് കുമാർ, റോബിൻ രാധാകൃഷ്ണൻ, അഖിൽ മാരാർ തുടങ്ങിയ മത്സരാർത്ഥികളെല്ലാം ഷോയിൽ ആഘോഷിക്കപ്പെട്ടവരാണ്. മലയാളത്തിൽ അഞ്ച് സീസണുകൾ പൂർത്തിയാക്കിയ ബിഗ് ബോസ് ഇതിനകം നേടിയെടുത്ത ജനപ്രീതി ചെറുതല്ല. ആറാം സീസണിനായുള്ള കാത്തിരിപ്പാണ് ഇനി പ്രേക്ഷകർക്ക്.


Click it and Unblock the Notifications