'കിട്ടുന്ന പൈസയ്ക്ക് പണിയെടുത്തിട്ടുണ്ട്, അതുകൊണ്ട് റിനോഷിനെക്കാൾ ജയിക്കാൻ യോഗ്യത അഖിൽ മാരാർക്ക്'; സെറീന!
ബിഗ് ബോസ് സീസൺ ഫൈവ് തുടങ്ങിയപ്പോൾ മുതൽ ഹൗസിന് പുറത്ത് പോരാട്ടം നടക്കുന്നത് അഖിൽ മാരാർ-റിനോഷ് ജോർജ് ഫാൻസ് തമ്മിലാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ഫാൻസുള്ളതും ഇവർ രണ്ടുപേർക്കും തന്നെയാണ്.
അഖിൽ മാരാർ സീസൺ ഫൈവിൽ മത്സരിക്കാനെത്തുന്നുവെന്ന സൂചനകൾ ലഭിച്ചത് മുതൽ പ്രേക്ഷകരിൽ ഒരു വിഭാഗത്തിന് താൽപര്യമുണ്ടായിരുന്നില്ല. അദ്ദേഹം പലപ്പോഴായി നൽകിയ അഭിമുഖങ്ങളും സോഷ്യൽമീഡിയ കുറിപ്പുകളും തന്നെയായിരുന്നു കാരണം.
അഖിൽ മാരാർ മത്സരിക്കാൻ വന്നാലും അധിക ദിവസം ഹൗസിൽ നിൽക്കാൻ പോകുന്നില്ലെന്നും പ്രേക്ഷക പിന്തുണയില്ലാതെ രണ്ടാഴ്ച തികയും മുമ്പ് പുറത്താകുമെന്നും പലരും പ്രവചിച്ചിരുന്നു. എന്നാൽ അന്ന് താഴ്ത്തി പറഞ്ഞവർ തന്നെ അഖിലിനെ ഇപ്പോൾ പിന്തുണയ്ക്കുന്നുണ്ട്.
അഖിൽ ഇല്ലായിരുന്നുവെങ്കിൽ ഈ സീസൺ ബോറാകുമായിരുന്നുവെന്നാണ് പ്രേക്ഷകരെല്ലാം പറയുന്നത്. മൈൻഡ് ഗെയിം, ഫിസിക്കൽ ഗെയിം, എന്റർടെയ്ൻമെന്റ് തുടങ്ങി ഒരു ബിബി മെറ്റീരിയലിന് വേണ്ട എല്ലാം അഖിലിന്റെ കൈയിലുണ്ട്.

ഇതുവരെയുള്ള വീക്ക്ലി ടാസ്ക്കുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഒരു മത്സരാർത്ഥി അഖിൽ മാരാരാണ്. അഖിലിന്റെ പ്ലാനിനും പദ്ധതിക്കും അനുസരിച്ച് നീങ്ങിയ ടീമുകളാണ് വീക്ക്ലി ടാസ്ക്കുകളിൽ വിജയം നേടിയതും. അതുപോലെ തന്നെ മോഹൻലാൽ പരിചയപ്പെടുത്തിയപ്പോൾ പ്രേക്ഷകർക്കെല്ലാം വളരെ പ്രതീക്ഷയുണ്ടായിരുന്ന ഒരു മത്സരാർത്ഥിയായിരുന്നു റിനോഷ് ജോർജ്.
ആദ്യത്തെ ആഴ്ചകളിൽ പാട്ടും മറ്റുമായി മാത്രം റിനോഷ് ഒതുങ്ങിയപ്പോൾ പ്രേക്ഷകർ കരുതിയത് വീക്ക്ലി ടാസ്ക്കുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ്. എന്നാൽ പതിനൊന്ന് ആഴ്ച കഴിഞ്ഞിട്ടും ടാസ്ക്കുകളിൽ വേണ്ടത്ര പ്രകടനം കാഴ്ചവെക്കാൻ റിനോഷിനായില്ല.
ഇമേജ് പോകുമോയെന്ന ഭയം കാരണം റിനോഷ് സേഫ് ഗെയിം കളിക്കുന്നതായാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. കാര്യങ്ങൾ മുഖത്ത് നോക്കി പറയാനോ അഭിപ്രായം പറയേണ്ട സാഹചര്യങ്ങളിൽ അത് പറയാനോ റിനോഷിന് സാധിക്കാറില്ല. ഉറ്റ ചങ്ങാതി അനിയൻ മിഥുനുമായി ചേർന്ന് മാത്രമാണ് റിനോഷ് എപ്പോഴും അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്.
ഇവർക്ക് ഇടയിൽ എന്താണ് സംസാരിക്കുന്നതെന്നോ, ചർച്ച ചെയ്യുന്നതെന്നോ ഹൗസിൽ മറ്റൊരു മത്സരാർത്ഥികൾക്കും അറിയില്ല. അവരുടെ സൗഹൃദ വലയത്തിലേക്ക് ആരേയും ഇരുവരും പ്രവേശിപ്പിക്കാറുമില്ല. ജുനൈസ് പലതവണ ശ്രമിച്ചിട്ടും നടന്നില്ല.

ഇപ്പോഴിതാ റിനോഷിനേയും അഖിലിനേയും കുറിച്ച് സെറീന റെനീഷയോട് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. കിട്ടുന്ന പൈസയ്ക്ക് പണിയെടുക്കുന്നത് അഖിലണെന്നും റിനോഷിനെക്കാൾ ജയിക്കാൻ യോഗ്യത അഖിലിനാണെന്നുമാണ് സെറീന പറയുന്നത്. സീക്രട്ട് റൂമിൽ പോയശേഷം റിനോഷിലെ ഗെയിമറെ, സെറീന നന്നായി മനസിലാക്കി കഴിഞ്ഞു.
ജുനൈസിനേയും മിഥുനേയും മുന്നിൽ നിർത്തി റിനോഷ് ഗെയിം കളിക്കുന്നുവെന്നാണ് സെറീന നേരത്തെ അഖിലിനോട് അടക്കം പറഞ്ഞത്. അഖിൽ വിജയിക്കണമെന്നാണോ റിനോഷ് വിജയിക്കണമെന്നാണോ ആഗ്രഹമെന്ന് ചോദിച്ചപ്പോഴാണ് സെറീന റെനീഷയോട് മനസിലുള്ളത് വെളിപ്പെടുത്തിയത്.
'ഈ ഷോയ്ക്ക് ഒന്നാം ദിവസം മുതൽ ഈ ദിവസം വരെ അഖിലേട്ടൻ കൊടുത്തിരിക്കുന്നതിന്റെ പതിനായിരത്തിൽ ഒരു അംശം കൊടുക്കാത്തയാളാണ് റിനോഷ്. അതുകൊണ്ട് തന്നെ റിനോഷ് വിജയിക്കുന്നതിനേക്കാളും യോഗ്യത അഖിൽ മാരാർക്കാണ്. ഹാർഡ് വർക്ക് ചെയ്തിരിക്കുന്നത് അഖിലേട്ടനാണ്', സെറീന പറയുന്നു.
റിനോഷ്-അഖിൽ മാരാർ ഫാൻസ് ഫൈറ്റ് നടക്കുമ്പോൾ ഏറ്റവും കൂടുതൽ താരതമ്യം ചെയ്യാൻ പ്രേക്ഷകർ എടുത്തിടുന്നതും ടാസ്ക്കുകളിലെ പ്രകടനമാണ്. തനിക്ക് ജനപിന്തുണ കൂടുതലാണെന്ന് ചലഞ്ചേഴ്സ് കൂടി വന്ന് പോയതോടെ അഖിൽ മനസിലാക്കി കഴിഞ്ഞു. അതേസമയം ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കിൽ മുന്നിൽ നിൽക്കുന്നത് നാദിറയാണ്. അഖിൽ മാരാർ ഏറ്റവും പിന്നിലാണ്.


Click it and Unblock the Notifications