പുറത്തായെന്ന് അറിഞ്ഞതോടെ ഹാലിളകി ശോഭ, അവസരം മുതലാക്കി ജുനൈസും റിനോഷും മിഥുനും; വൈറലായി പ്രാങ്ക്!
പതിനൊന്നാം ആഴ്ചയിൽ എത്തിനിൽക്കുന്ന ബിഗ് ബോസ് സീസൺ ഫൈവിൽ ഇപ്പോഴുള്ള മത്സരാർത്ഥികളുടെ എണ്ണം പത്താണ്. ഇവരിൽ നിന്നും അഞ്ചുപേർ കൂടി പുറത്താകും. അവസാനം ഫൈനൽ ഫൈവായി ചുരുങ്ങും. അവരിൽ നിന്നും ഒരാളാകും സീസൺ ഫൈവ് ടൈറ്റിൽ നേടുക. അവശേഷിക്കുന്ന പത്തുപേരും ടൈറ്റിൽ മോഹിച്ച് നിൽക്കുന്നവരാണ്.
അക്കൂട്ടത്തിൽ ഗ്രാന്റ് ഫിനാലെയ്ക്ക് ധരിക്കാനുള്ള സാരി വരെ പെട്ടിയിലാക്കി കൊണ്ടുവന്ന ഒരേയൊരു മത്സരാർത്ഥിയാണ് ശോഭ വിശ്വനാഥ്. ഒന്നാം ദിവസം മുതൽ ഈ നിമിഷം വരേയും ഒരിക്കൽ പോലും മത്സരം മടത്തുവെന്നോ, പുറത്തുപോകാൻ ആഗ്രഹിക്കുന്നുവെന്നോ ശോഭ പറഞ്ഞിട്ടില്ല.
വോട്ടിങിന്റെ അടിസ്ഥാനത്തിൽ പുറത്താക്കേണ്ട സാഹചര്യം വന്നാൽ ശോഭ വീട് വിട്ട് പോകുമോയെന്നത് ബിഗ് ബോസിനും സംശയുള്ള കാര്യമാണ്. ശോഭയ്ക്ക് ഷോയോടുള്ള താൽപര്യം മനസിലാക്കി, പുറത്താക്കിയാൽ കടിച്ച്തൂങ്ങി നിന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്ന് ജുനൈസ് കഴിഞ്ഞ ദിവസം തമാശ രൂപേണ പറഞ്ഞിരുന്നു.
ഇപ്പോഴിതാ മത്സരാർത്ഥികളുടെ സഹായത്തോടെ ശോഭയെ പ്രാങ്ക് ചെയ്തിരിക്കുകയാണ് ബിഗ് ബോസ്. സ്പോട്ട് എവിക്ഷൻ നടക്കാൻ പോകുന്നുവെന്ന് ഷിജു വഴി ശോഭയേയും മറ്റ് മത്സരാർത്ഥികളേയും ബിഗ് ബോസ് അറിയിച്ചു.

എല്ലാവരും ശോഭയുടെ പേര് നോമിനേറ്റ് ചെയ്യുന്ന തരത്തിൽ കാര്യങ്ങൾ നീക്കണമെന്നും നിർദേശം വരുന്നത് വരെ പ്രാങ്കാണെന്ന് വെളിപ്പെടുത്തരുതെന്നും ബിഗ് ബോസ് ഷിജുവിനോടും കൂട്ടരോടും പ്രത്യേകം പറഞ്ഞിരുന്നു. ഹൗസിൽ ഏറ്റവും ആക്ടീവായി നിൽക്കുന്ന മത്സരാർത്ഥി താനായിരുന്നിട്ടും എല്ലാവരും തന്നെ എവിക്ടാക്കാൻ ശ്രമിക്കുന്നതിൽ നോമിനേഷൻ തുടങ്ങിയപ്പോൾ മുതൽ ശോഭ അസ്വസ്ഥയായിരുന്നു.
ജുനൈസ്, മിഥുൻ, റിനോഷ് എന്നിവർ ഒഴികെ മറ്റുള്ളവരെല്ലാം ശോഭയുടെ പേരാണ് നോമിനേറ്റ് ചെയ്തത്. ശോഭ വിഷ്ണുവിന്റെ പേരാണ് പറഞ്ഞത്. നാദിറയും തന്റെ പേര് നോമിനേറ്റ് ചെയ്യുമെന്ന് ശോഭ കരുതിയിരുന്നില്ല. നാദിറയും തനിക്കെതിരാണെന്ന് മനസിലാക്കിയതോടെ ശോഭ സങ്കടത്തിലായി.
ശോഭയെ പുറത്താക്കാനാണ് എല്ലാവരും ചേർന്ന് തീരുമാനിച്ചതെന്ന് ഷിജു ബിഗ് ബോസിനെ അറിയിച്ചതോടെ ശോഭ പൊട്ടിത്തെറിച്ചു. അഖിലിനോടും നാദിറയോടുമാണ് ശോഭ ദേഷ്യം തീർത്തത്. തന്റെ പിച്ചകൊണ്ടാണ് അഖിൽ ഇപ്പോഴും വീട്ടിൽ തുടരുന്നതെന്നും ശോഭ പറഞ്ഞു. അന്തസുണ്ടെങ്കിൽ കളിച്ച് ജയിക്കുകയാണ് വേണ്ടതെന്നും ശോഭ പറഞ്ഞു.
അഖിലിന്റെ ഗ്രൂപ്പിസം കൊണ്ടാണ് ഭൂരിഭാഗം ആളുകളും തന്റെ പേര് നിർദേശിച്ചതെന്ന തെറ്റിദ്ധാരണയും ശോഭയ്ക്കുണ്ടായിരുന്നു. പുറത്തായെന്ന് അറിഞ്ഞതോടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും പാക്ക് ചെയ്ത് സ്റ്റോറൂമിൽ വെച്ച ശേഷം പുറത്തേക്ക് പോകാൻ ശോഭ പ്രധാന വാതിലിന് അടുത്തേക്ക് ചെന്നു.

ജുനൈസ്, മിഥുൻ, റിനോഷ് എന്നിവരോട് മാത്രമാണ് ശോഭ യാത്ര പറഞ്ഞത്. കപ്പ് ജയിച്ച് വരണമെന്ന് മിഥുനോട് ശോഭ പറയുകയും ചെയ്തു. സ്പോട്ട് എവിക്ഷൻ ഒരു പ്രാങ്കാണെന്ന് ബിഗ് ബോസും മത്സരാർത്ഥികളും പറഞ്ഞതോടെയാണ് ശോഭയ്ക്ക് സമാധാനമായത്.
ശോഭ ഒഴികെ ആരെ സ്പോട്ട് എവിക്ട് പ്രാങ്ക് ചെയ്താലും കണ്ടന്റ് ലഭിക്കില്ലെന്ന് ബിഗ് ബോസിന് അറിയാമെന്നും അതുകൊണ്ടാണ് ശോഭയെ തന്നെ തെരഞ്ഞെടുത്തതെന്നുമായിരുന്നു അഖിലിന്റെ കമന്റ്. എന്നാൽ ബിഗ് ബോസിന്റെ നിർദേശപ്രകാരമുള്ള പ്രങ്കാണെന്ന് അറിഞ്ഞിട്ടും മിഥുനും ജുനൈസും റിനോഷുമൊന്നും കാര്യമായി സഹകരിച്ചില്ല.
മാത്രമല്ല പ്രാങ്കിനുശേഷം ശോഭയുടെ ഉള്ളിൽ വെറുപ്പ് നിറയ്ക്കുന്ന തരത്തിൽ ജുനൈസ് സംസാരിക്കുകയും ചെയ്തു. അഖിൽ അടക്കം ആരേയും വിശ്വസിക്കരുതെന്നും എല്ലാവരും അഭിനയിക്കാൻ മിടുക്കന്മാരാണെന്ന് തിരിച്ചറിയണമെന്നുമെല്ലാം ശോഭയോട് ജുനൈസ് പറയാതെ പറഞ്ഞു.
ഇത് മനസിലാക്കിയ അഖിലും സെറീനയും ഷിജുവുമെല്ലാം ടാസ്ക്കിന്റെ സത്യാവസ്ഥ ശോഭയ്ക്ക് വീണ്ടും മനസിലാക്കി കൊടുത്തു. ശോഭയെ മറ്റുള്ളവരിൽ നിന്നും അകറ്റാനായുള്ള അവസരമായി ജുനൈസ് പ്രാങ്കിനെ ഉപയോഗിച്ചുവെന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്.


Click it and Unblock the Notifications