'ആണിന്റെ തലയിൽ കയറി ഏത് പെണ്ണ് കളിക്കാൻ നോക്കിയാലും കാലേ വാരി നിലത്ത് അടിക്കണം'; ദേവുവിന്റെ പഴയ വീഡിയോ!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് മറ്റുള്ള സീസണുകളെക്കാൾ ആവേശം നിറഞ്ഞ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അഞ്ചാം സീസൺ തുടങ്ങി ഒരാഴ്ചയോട് അടുക്കുമ്പോൾ പതിനെട്ട് മത്സരാർഥികളാണ് ഹൗസിനുള്ളിലുള്ളത്. അതിൽ ഒരാൾ പ്രേക്ഷകർക്കിടയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കോമണർ കൂടിയാണ്.
ഇത്തവണ മത്സരാർഥികളായി എത്തിയവരിൽ മലയാളികളുടെ സോഷ്യൽ മീഡിയ ഇടങ്ങളിലെ നിറ സാന്നിധ്യമായ ശ്രീദേവി മേനോനുമുണ്ട്. മാഡ് വൈബ് ദേവുവെന്ന് പറയുമ്പോഴാകും ശ്രീദേവിയെ മലയാളികൾക്ക് കൂടുതൽ അറിയുക. ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമാണ് മാഡ് വൈബ് ദേവു.

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ, കണ്ടന്‍റ് ക്രീയേറ്റർ എന്നീ നിലകളിലാണ് ശ്രീദേവി സോഷ്യൽ മീഡിയയിൽ സ്വന്തം ഇടം കണ്ടെത്തിയത്. പിന്നീട് ഇൻസ്റ്റയിലും മറ്റും നിലപാടുകൾ തുറന്ന് പറഞ്ഞും ദേവു ശ്രദ്ധ നേടിയിട്ടുണ്ട്. മോഡൽ, ഇന്‍റർവ്യൂവർ, ഡാൻസർ, നടി, വ്ലോഗർ എന്നിങ്ങനെയാണ് ദേവു ഇൻസ്റ്റയിൽ സ്വയം വിശേഷിപ്പിക്കുന്നത്.
ഷോർട്ട് ഫിലിമുകളിലും യൂട്യൂബ് വീഡിയോകളിലുടെയും ശ്രീദേവി മേനോൻ നിറഞ്ഞുനിൽക്കാറുണ്ട്. സിംഗിൾ മദർ കൂടിയാണ് നാൽപ്പതിനോട് അടുക്കുന്ന ദേവു. സ്ത്രീകൾക്ക് വേണ്ടി എപ്പോഴും ശക്തമായ നിലപാടുകൾ എടുക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഒരാൾ കൂടിയാണ് ദേവു.
ബിഗ് ബോസിലും സ്ക്രീൻ സ്പേസ് ഉണ്ടാക്കിയെടുക്കുന്ന കാര്യത്തിൽ മുന്നിലാണ് ദേവു. പക്ഷെ എന്ത് എവിടെ എങ്ങനെ പറയണമെന്ന കാര്യത്തിൽ ദേവുവിന് ധാരണ വന്നിട്ടില്ലെന്നും തനിക്ക് എന്തൊക്കയോ അറിയാമെന്ന് ധരിപ്പിച്ചെടുക്കാൻ ആവശ്യമില്ലാതെ ദേവു ചൂടാവുകയും കയർത്ത് സംസാരിക്കുകയും ചെയ്യുന്നുവെന്നുമാണ് ദേവുവിനെ കുറിച്ച് ബിഗ് ബോസ് പ്രേക്ഷകർ പറയാറുള്ളത്.
ഇപ്പോഴിത ദേവുവിന്റെ പഴയ കുറച്ച് വീഡിയോകൾ കുത്തിപ്പൊക്കി നിലപാടില്ലാത്ത ആളാണ് ദേവുവെന്ന് പറയുകയാണ് സോഷ്യൽമീഡിയ. ഇപ്പോൾ ഫെമിനിസം സംസാരിക്കുന്ന ദേവു ഒരു കാലത്ത് കലിപ്പന്റെ കാന്താരി മോഡിലുള്ള ഉപദേശങ്ങളാണ് ടിക്ക് ടോക്ക് വീഡിയോകളിലൂടെ നൽകിയിരുന്നതെന്നും സോഷ്യൽമീഡിയ പറയുന്നു.

'ആണിന്റെ തലയിൽ കയറി ഏത് പെണ്ണ് കളിക്കാൻ നോക്കിയാലും നട്ടെല്ലുള്ള ആണാണെങ്കിൽ അവൻ ആ പെണ്ണിനെ കാലേ വാരി നിലത്ത് അടിക്കണം, ഒരു ആൺകുട്ടി അവന്റെ പെണ്ണിന്റെ അടുത്ത് വന്ന് നിനക്ക് ഈ വസ്ത്രം ചേരില്ലെന്ന് പറഞ്ഞാൽ അതിനർഥം ചേരില്ലെന്ന് തന്നെയാണ്, എന്റെ പെണ്ണ് ഡ്രസ്സിട്ട് പുറത്തേക്ക് നോക്കുമ്പോൾ മറ്റുള്ളവർ നോക്കാതിരിക്കാനും സൊസൈറ്റി കുറ്റപ്പെടുത്താതെയും ഇരിക്കാനാണ് അവൻ ഇതൊക്കെ പറയുന്നതെന്ന് മനസിലാക്കണം.'
'പെൺകുട്ടി ഡിസൈനർ ഡ്രസ്സൊക്കെ ഇട്ട് ചെന്ന് കഴിയുമ്പോൾ ഒരു ബോയ് അത് കൊള്ളില്ലെന്ന് പറഞ്ഞാൽ അവനെ ഒരുപാട് സ്നേഹിക്കണം. കാരണം നിങ്ങളെ അവൻ ഒരുപാട് സ്നേഹിക്കുന്നതുകൊണ്ടും ലവ്വും കെയറും ഉള്ളതുകൊണ്ടാണ് അവൻ അങ്ങനെ പറയുന്നത്.' എന്നൊക്കെയാണ് ദേവു പഴയ ടിക്ക് ടോക്ക് വീഡിയോകളിൽ പറഞ്ഞിരിക്കുന്നത്.
ദേവുവിന്റെ പഴയ വീഡിയോകൾ കണ്ടാൽ കലിപ്പന്റെ കാന്താരിയെ ഓർമ വരുമെന്നും ആരാധകർ കമന്റായി കുറിച്ചു. അതേസമയം അടുത്തിടെയായി പങ്കുവെച്ച വീഡിയോയിൽ സ്ത്രീകൾ മാക്സിമം അവരുടെ ചിറകുകൾ വെച്ച് അവർക്ക് എത്തിപ്പെടാൻ പറ്റുന്ന മേഖലയിലേക്ക് എത്തണമെന്നാണ് ദേവു പറഞ്ഞത്. ഈ വീഡിയോകളെല്ലാം ഉദാഹരണമായി വെച്ചാണ് ദേവു നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന വ്യക്തിയല്ലെന്ന് സോഷ്യൽമീഡിയ പറയുന്നത്.
ബിഗ് ബോസ് ഗ്രൂപ്പുകളിലും കലിപ്പന്റെ കാന്താരി സ്റ്റൈലിലുള്ള ദേവുവിന്റെ വീഡിയോകൾ വൈറലാണ്. വീക്കിലി ടാസ്ക്കിൽ സ്വർണ്ണ കട്ട കിട്ടിയിട്ടും സഹമത്സരാർഥി വിഷ്ണു ജോഷി പ്രകോപിപ്പിച്ചപ്പോൾ കട്ട വലിച്ചെറിഞ്ഞ് മത്സരത്തിൽ നിന്നും പുറത്ത് പോയ വ്യക്തി കൂടിയാണ് ദേവു.


Click it and Unblock the Notifications