മാസങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച, മക്കളെ വാരിപ്പുണർന്ന് അഖിൽ മാരാർ, സ്നേഹം പ്രകടിപ്പിച്ച് ജുനൈസും ശോഭയും!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ഗ്രാന്റ് ഫിനാലെയ്ക്ക് ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എട്ട് മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ അർഹതയുള്ള മത്സരാർത്ഥിക്ക് കപ്പ് ഉയർത്താൻ സാധിക്കണമെന്ന നിലപാടിലാണ് പ്രേക്ഷകർ. അഖിൽ മാരാർ, ജുനൈസ് വി.പി, ശോഭ വിശ്വനാഥ്, റിനോഷ് ജോർജ്, അനിയൻ മിഥുൻ, സെറീന ആൻ ജോൺസൺ, റെനീഷ റഹ്മാൻ, നാദിറ മെഹ്റിൻ എന്നിവരാണ് ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്ന മത്സരാർത്ഥികൾ.
ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചതോടെ ഹൗസിൽ മത്സരാർത്ഥികളുടെ ഫാമിലി വീക്കാണ് നടക്കുന്നത്. ഇതുവരെ നാല് മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിൽ വന്നുപോയി.
ഒരു തരത്തിലും പുറംലോകവുമായി ബന്ധമില്ലാത്തവരായതിനാൽ നാളുകൾക്ക് ശേഷം കുടുംബത്തെ കാണുന്നത് മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ അധികം സന്തോഷം പകരുന്ന ഒന്നാണ്. പലരും മാതാപിതാക്കളെയും മക്കളെയും ഭാര്യയെയും സഹോദരങ്ങളെയും കാണുമ്പോൾ സന്തോഷം കൊണ്ട് കരയുകയാണ് ചെയ്യുന്നത്. ഫാമിലി വീക്ക് തുടങ്ങിയപ്പോൾ മുതൽ പ്രേക്ഷകർ കാത്തിരിക്കുന്നത് അഖിൽ മാരാരുടെ കുടുംബം ഹൗസിലേക്ക് എത്തുന്ന നിമിഷത്തിന് വേണ്ടിയാണ്.

ഭാര്യയും രണ്ട് പെൺമക്കളുമാണ് ഫാമിലി വീക്കിൽ അഖിലിനെ കാണാനായി ഹൗസിലേക്ക് എത്തിയത്. ആ കൂടിക്കാഴ്ചയുടെ മനോഹര നിമിഷങ്ങൾ കോർത്തിണക്കി പ്രെമോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ ബിഗ് ബോസ് ടീം. നാളത്തെ എപ്പിസോഡിൽ ജുനൈസിന്റെയും അഖിൽ മാരാരുടെയും കുടുംബമാണ് ഹൗസിലേക്ക് എത്തിയത്.
ജുനൈസിന്റെ സഹോദരനാണ് വന്നത്. ഗാർഡൻ ഏരിയയിൽ വലുതും ചെറുതുമായ നിരവധി കാലിപെട്ടികൾ സ്ഥാപിച്ചിരുന്നു ബിഗ് ബോസ്. അതിൽ ഒന്നിൽ ഒളിച്ചിരുന്നത് ജുനൈസിന്റെ സഹോദരനാണ്. ജുനൈസ് തന്നെയാണ് സഹോദരനെ പെട്ടിക്കുള്ളിൽ നിന്ന് കണ്ടെത്തിയത്.

കണ്ടയുടൻ ഇരുവരും കെട്ടിപിടിക്കുന്നതും മക്കളെ കൊണ്ടുവന്നില്ലേയെന്ന് ജുനൈസ് ചോദിക്കുന്നതും പുതിയ പ്രമോയിൽ കാണാം. പിന്നീടാണ് അഖിൽ മാരാരുടെ കുടുംബം ഹൗസിലേക്ക് എത്തിയത്. പ്രധാന വാതിലിലൂടെ ഭാര്യയും മക്കളും വരുന്നത് കണ്ട് നിറചിരിയോടെയാണ് അഖിൽ അകത്ത് നിന്നും ഓടി വരുന്നത്. അച്ഛനെ കണ്ടതോടെ മക്കളും ഓടി അരികിലെത്തി. മക്കളെ വാരിപ്പുണർന്ന് മതിവരുവോളം ചുംബിക്കുന്ന അഖിലിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.
മക്കളുമായി അഖിലിനുള്ള ആത്മബന്ധം പ്രൊമോ വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്. അഖിലും മക്കളും തമ്മിലുള്ള സ്നേഹപ്രകടനം കണ്ട് ഓടി വന്ന് തലോടുന്ന ജുനൈസിനെയും ശോഭയെയും പ്രെമോയിൽ കാണാം. ജൂൺ ഒന്നിന് സ്കൂൾ തുറന്നപ്പോൾ തന്റെ പെൺമക്കൾക്ക് ആശംസകൾ നേർന്ന് അഖിൽ സംസാരിച്ചതും വൈറലായിരുന്നു.
അഖിലിന്റെയും മക്കളുടെയും സ്നേഹപ്രകടനം കാണുമ്പോൾ കണ്ണ് നിറയുന്നുവെന്നാണ് പ്രെമോ വീഡിയോയ്ക്ക് വന്ന കമന്റുകളിൽ ഏറെയും. ഷിജുവിന്റെ കുടുംബം വന്നത് മുതൽ അഖിലും മക്കളെയും ഭാര്യയെയും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. ഇന്ന് വരുമെന്ന് കരുതി തയ്യാറായി ഇരുന്നുവെങ്കിലും റെനീഷയുടെയും സെറീനയുടെയും കുടുംബമാണ് അതിഥികളായി വന്നത്. സീസൺ ഫൈവിലെ വൈറൽ മത്സരാർത്ഥിയാണ് അഖിൽ മാരാർ.
ഈ സീസണിലെ ഒട്ടുമിക്ക പ്രശ്നങ്ങളും അഖിൽ മാരാരെ ചുറ്റിപറ്റിയാണ് നടന്നത്. ഹൗസിൽ എല്ലാവരും ലക്ഷ്യം വെക്കുന്നത് അഖിലിനെ പുറത്താക്കുക എന്നതാണ്. സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് അഖിലിനാണ്. താരം തന്നെ കപ്പുയർത്തുമെന്നാണ് സോഷ്യൽമീഡിയ പ്രവചനങ്ങൾ.
ഹൗസിലേക്ക് ഇതുവരെ വന്ന എല്ലാ കുടുംബങ്ങളും അഖിൽ മാരാരുടെ ഗെയിം നല്ലതാണെന്നാണ് അഭിപ്രായപ്പെട്ടത്. ഇതോടെ ശോഭ അടക്കമുള്ളവർ അഖിലിനാണ് ജനപിന്തുണ കൂടുതലെന്നതും മനസിലാക്കിയിട്ടുണ്ട്.


Click it and Unblock the Notifications