റിയാസും പൊളി ഫിറോസും ഹൗസിൽ എത്തി, ഫിറോസിന്റെ ആദ്യത്തെ കൊട്ട് അനിയൻ മിഥുന്, നാദിറയെ എയറിലാക്കി റിയാസ്!
റോബിനും രജിത്തിനും ശേഷം രണ്ടുപേർ കൂടി ബിഗ് ബോസ് ഹൗസിലേക്ക് ചലഞ്ചേഴ്സായി കേറിയിരിക്കുകയാണ്. പ്രേക്ഷകർ ആഗ്രഹിച്ചത് പോലെ തന്നെ റിയാസ് സലീമും പൊളി ഫിറോസെന്ന് വിളിക്കുന്ന ഫിറോസ് ഖാനുമാണ് ചലഞ്ചേഴ്സായി എത്തിയിരിക്കുന്നത്. നാളെ മുതൽ ആരംഭിക്കാൻ പോകുന്ന വീക്കിലി ടാസ്ക്കിലും ഇരുവരും ഭാഗമായിരിക്കും. റോബിനേയും രജിത്തിനേയും മറികടക്കുന്ന പ്രകടനം ഇരുവരും കാഴ്ചവെക്കുമെന്നാണ് പ്രമോ നൽകുന്ന സൂചന.
പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിച്ചപ്പോൾ തന്നെ ഫിറോസ് പണി തുടങ്ങി. ആദ്യത്തെ കൊട്ട് അനിയൻ മിഥുനായിരുന്നു. പുതിയതായി എൻട്രി കിട്ടി വന്ന മത്സരാർഥിയാണോ എന്നാണ് മിഥുനെ കണ്ടയുടൻ ഫിറോസ് ഷേക്ക് ഹാൻഡ് നൽകി ചോദിച്ചത്.
താൻ ഇവിടെ തുടക്കം മുതലുണ്ടെന്ന് മിഥുൻ മറുപടി നൽകി. എന്നാൽ താൻ കണ്ടിട്ടില്ലെന്നായിരുന്നു ഫിറോസ് തിരിച്ച് പറഞ്ഞത്. സീസൺ ഓഫ് ഒറിജിനൽസ് എന്നാണ് ടാഗ് ലൈൻ എങ്കിൽ കൂടിയും ഹൗസിൽ ഏറെയും ഫേക്കായിട്ടുള്ള ആളുകളാണെന്നാണ് റിയാസ് സലീം നാദിറയോടും മറ്റ് മത്സരാർഥികളോടും പറഞ്ഞത്.

സീസൺ ഫോറിൽ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ കൊണ്ട് വന്ന് ഗെയിം ചെയ്ഞ്ചർ ടാഗ് വാങ്ങി മൂന്നാം സ്ഥാനം നേടിയ മത്സരാർഥിയാണ് റിയാസ് സലീം. അതുകൊണ്ട് തന്നെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഹൗസിൽ എന്തെങ്കിലുമൊക്കെ മാറ്റം വരുത്താൻ റിയാസിന് സാധിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് പൊളി ഫിറോസും നേരെ വാ നേരെ പോ രീതിയാണ് എല്ലാ കാര്യങ്ങളിലും സ്വീകരിക്കാറുള്ളത്.
അതുകൊണ്ട് മാളത്തിൽ മറഞ്ഞിരുന്ന് ടോപ്പ് ഫൈവിൽ കയറി പറ്റാൻ ശ്രമിക്കുന്നവരുടെ മുഖം മൂടികൾ വലിച്ച് കീറിയേക്കും. ആന കുത്തിയാലും അനങ്ങാൻ പോകുന്നില്ലെന്ന മത്സരാർഥികളുടെ മനോഭാവം ഇനിയെങ്കിലും മാറണമേയെന്ന പ്രാർഥനയും ബിഗ് ബോസ് പ്രേക്ഷകർക്കുണ്ട്.
റിയാസിന്റേയും പൊളി ഫിറോസിന്റേയും റീ എൻട്രിയുടെ പ്രമോ വന്നതോടെ പ്രേക്ഷകരെല്ലാം ആവേശത്തിലാണ്. 'പ്രമോ മാത്രം ഒന്നിൽ കൂടുതൽ തവണ കണ്ടു... അനിയൻ മിഥുന് ഫിറോസ് നൽകിയ കൊട്ട് ഇഷ്ടപ്പെട്ടു, രണ്ടുപേരേയും കണ്ടപ്പോൾ എല്ലാവരുടേയും കിളിപോയി... തുടക്കത്തിൽ തന്നെ പൊളി ഫിറോസ് മിഥുന് കൊട്ടുകൊടുത്തത് ഇഷ്ടായി', എന്നെല്ലമാണ് ആരാധകർ പ്രമോയ്ക്ക് കമന്റായി കുറിച്ചിരിക്കുന്നത്.
കോടതി ടാസ്ക്ക് കളിക്കാനാണ് പൊളി ഫിറോസും റിയാസും ഹൗസിലേക്ക് വന്നതെന്നും റിപ്പോർട്ടുണ്ട്. റിയാസിന്റെ ഗെയിം ചേഞ്ച് കളികൾ കഴിഞ്ഞ സീസണിൽ ആരംഭിച്ചതും കോടതി ടാസ്ക്കിൽ വെച്ചായിരുന്നു. അമ്പത് ദിവസം പിന്നിട്ടപ്പോഴാണ് റിയാസ് സീസൺ ഫോറിൽ വൈൽഡ് കാർഡായി എത്തിയത്.

പിന്നീടങ്ങോട്ട് രണ്ട് ആഴ്ചത്തേക്ക് റിയാസിന് എതിരെ ഹേറ്റ് കാമ്പയിനുകളും ചീത്ത വിളികളുമായിരുന്നു സോഷ്യൽമീഡിയ നിറയെ. ഹൗസിലുള്ളവരും റിയാസിന് എതിരായിരുന്നു. പക്ഷെ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും റിയാസിന് ഫാൻസുണ്ടായി തുടങ്ങി. റിയാസിന്റെ ഗെയിമും ചിന്തകളും മനസിലാക്കി പിന്തുണച്ചവരായിരുന്നു ആരാധകരിൽ ഏറെയും.
സീസൺ ഫൈവിൽ ഇതുവരെ കയറിയ എല്ലാ വൈൽഡ് കാർഡുകളും നനഞ്ഞ പടക്കങ്ങളായിരുന്നു. അതുകൊണ്ട് തന്നെ റിയാസിനെപ്പോലൊരു മത്സരാർഥി വന്നിരുന്നെങ്കിലെന്ന് പ്രേക്ഷകരും ആഗ്രഹിച്ചിരുന്നു. സീസൺ ഫൈവ് തുടക്കം മുതൽ ഇതുവരേയും പ്രേക്ഷകർക്കിടയിൽ ഒരു തരംഗമായിട്ടില്ല.
ലൈവ് കാണാൻ പോലും പലരും താൽപര്യപ്പെടുന്നില്ല. മോഹൻലാൽ വരുന്ന വീക്കെൻഡ് എപ്പിസോഡുകൾക്കും ചലഞ്ചേഴ്സുള്ള എപ്പിസോഡുകളും മാത്രമാണ് പ്രേക്ഷകർ കൂടുതലായും കാണുന്നത്. അറുപത് ദിവസം കഴിഞ്ഞിട്ടും മത്സരാർഥികൾ തമ്മിലൊരു പോരാട്ടം ഉണ്ടായിട്ടില്ല.
നേർക്കുനേർ നിന്ന് കളിക്കാനാവശ്യമായ എല്ലാ ക്ലൂകളും നൽകിയാണ് ചലഞ്ചർ രജിത്ത് കുമാർ പോയത്. പക്ഷെ മത്സരാർഥികൾ അതൊന്നും ഇതുവരേയും കാര്യമായി എടുക്കുകയോ അതിന് അനുസരിച്ച് ഗെയിം മാറ്റുകയോ ചെയ്തിട്ടില്ല.


Click it and Unblock the Notifications