'വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോൾ ഗർഭിണിയായി, മരിക്കാനായി വിഷം കഴിക്കാൻ ശ്രമിച്ചു'; ഗോപികയുടെ അനുഭവം!
ബിഗ് ബോസ് സീസൺ ഫൈവ് ആവേശകരമായി മുന്നോട്ട് പോകുമ്പോൾ ഹൗസിൽ ഇപ്പോഴുള്ളത് പത്തൊമ്പത് പേരാണ്. അതിലൊരാൾ കുറച്ച് ദിവസം മുമ്പ് വൈൽഡ് കാർഡ് എൻട്രിയായി വീട്ടിലേക്ക് പ്രവേശിച്ച ഹനാനാണ്. എന്നാൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിദഗ്ദ പരിശോധനയ്ക്കായി ഹനാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇപ്പോൾ ഹൗസിലുള്ളവരിൽ ഏറെപ്പേരും സെലിബ്രിറ്റികളാണെങ്കിൽ കൂടിയും പലരും യഥാർഥത്തിൽ ഏതെല്ലാം ബുദ്ധിമുട്ടുകൾ താണ്ടിയാണ് ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത് എന്നത് പ്രേക്ഷകർക്ക് അറിയില്ല. അതുകൊണ്ട് തന്നെയാണ് മത്സരാർഥികളെ പ്രേക്ഷകർക്ക് കൂടുതൽ മനസിലാകാനായി എന്റെ കഥ എന്ന സെഗ്മെന്റ് മത്സരാർഥികൾക്ക് വേണ്ടി ബിഗ ബോസ് ഒരുക്കുന്നത്.

മത്സരാർഥികളിൽ ശോഭ വിശ്വനാഥ് അടക്കമുള്ളവർ താൻ കടന്നുവന്ന വഴികളെ കുറിച്ച് തന്റെ സഹമത്സരാർഥികളോട് വിവരിച്ചിരുന്നു. ഇപ്പോഴിത കോമണർ വിഭാഗത്തിൽ ഉൾപ്പെട്ട് ആദ്യമായി പ്രേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട് ഹൗസിൽ മത്സരിക്കാനെത്തിയ ഗോപിക ഗോപി തന്റെ അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ്.
വിവാഹശേഷം താൻ അനുഭവിച്ചതിനെ കുറിച്ചും എല്ലാം അവസാനിപ്പിക്കാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ കുറിച്ചുമാണ് ഗോപിക തന്റെ സുഹൃത്തുക്കളോട് വിവരിച്ചത്. കല്യാണം കഴിഞ്ഞ രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും ഗോപിക ഗർഭിണിയായിരുന്നു.
മാത്രമല്ല ആരൊക്കെ ചുറ്റിലുമുണ്ടെന്ന് പോലും ശ്രദ്ധിക്കാതെ തനിക്ക് തല്ല് കിട്ടുമായിരുന്നുവെന്നും ഗോപിക പറയുന്നു. അവഗണനകൾ കൂടിയപ്പോൾ മരിക്കാനായി താൻ വിഷമെടുത്ത് കഴിക്കാൻ ശ്രമിച്ചുവെന്നും അപ്പോഴാണ് വയറ്റിലുള്ള തന്റെ കുഞ്ഞിന്റെ അനക്കം താൻ ആദ്യമായി അനുഭവിച്ചതെന്നും അതിന് ശേഷം മരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ഗോപിക പറയുന്നത്.
നമ്മളെ ദ്രോഹിക്കുന്നവർക്ക് നമ്മൾ ഏത് ലെവൽ വരെ എത്താൻ കെൽപ്പുള്ളവരാണെന്ന് കാണിച്ച് കൊടുക്കുകയാണ് വേണ്ടതെന്നും അതിന് വേണ്ടിയാണ് താൻ ബിഗ് ബോസിൽ വന്നതെന്നുമാണ് ഗോപിക എന്റെ കഥ ടാസ്ക്കിൽ അനുഭവം വിവരിച്ച് പറഞ്ഞത്.

ഇപ്പോൾ മകന് വേണ്ടിയാണ് ഗോപികയുടെ ജീവിതം. കഴിഞ്ഞ ദിവസം മകന്റെ പിറന്നാൾ ആശംസകൾ വീഡിയോ വഴി ഹൗസിലേക്ക് എത്തിയപ്പോൾ അത് കണ്ട് ഗോപിക ആനന്ദ കണ്ണീർ പൊഴിക്കുന്ന വീഡിയോ വൈറലായിരുന്നു. മൂവാറ്റുപുഴ സ്വദേശിയാണ് ഗോപിക ഗോപി. മൂവാറ്റുപുഴയിലെ തന്നെ ഒരു കൊറിയര്‍ ഏജന്‍സിയില്‍ ജോലി ചെയ്ത് വരികെയാണ് ബിഗ് ബോസിലേക്ക് ഗോപികയ്ക്ക് ക്ഷണം ലഭിച്ചത്.
അച്ഛന്‍, അമ്മ, രണ്ട് ജ്യേഷ്ഠന്മാര്‍, നാല് വയസുള്ള മകനുമാണ് ഗോപികയ്ക്ക് വീട്ടില്‍ ഉള്ളത്. വലിയ പ്രോത്സാഹനമാണ് ബിഗ് ബോസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അറിഞ്ഞപ്പോള്‍ വീട്ടുകാരും സുഹൃത്തുക്കളും നല്‍കിയതെന്ന് ഗോപിക പറഞ്ഞിരുന്നു. ടൈറ്റിൽ വിൻ ചെയ്ത് കപ്പും കൊണ്ടേ വരുവെന്ന് മകന് താൻ വാക്ക് കൊടുത്തിട്ടുണ്ടെന്നും ഹൗസിലേക്ക് കയറും മുമ്പ് ഗോപിക പറഞ്ഞിരുന്നു.
സിംഗിൾ മദറായി മകൻ അമ്പുവിനെ മനോഹരമായാണ് ഗോപിക വളർത്തുന്നത്. അതേസമയം നോമിനേഷൻ ലിസ്റ്റിൽ ഗോപികയുണ്ട്. മാത്രമല്ല ഇത്തവണത്തെ ജയിൽ വാസം അനുഭവിക്കുന്നതും ഗോപികയാണ്. ആദ്യ വീക്കിലി ടാസ്ക് മുതലുള്ള പ്രശ്നങ്ങൾ ഉയർത്തി കാട്ടി ഗോപികയോട് തർക്കിച്ചിരുന്നു കഴിഞ്ഞ ദിവസം അഖിൽ.
തനിക്ക് നേരെ വരുന്ന ചോദ്യങ്ങൾക്ക് ഉരുളക്ക് ഉപ്പേരി പോലെ ഗോപിക മറുപടിയും നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം അവസാനിച്ച വീക്കിലി ടാസ്കിനിടെ റിനോഷിന്റെ പക്കൽ നിന്നും രത്നങ്ങൾ തട്ടിയെടുത്തതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ഗോപികയോട് ആദ്യ വീക്കിലി ടാസ്കിൽ എന്റെ കട്ടകൾ മോഷ്ടിച്ചത് തൊട്ട് കൂടെ നടന്ന ഏഞ്ചലിന്റെ പക്കൽ നിന്ന് ലോക്കറ്റ് മോഷ്ടിച്ചത് തൊട്ട് ഇങ്ങ് ലാസ്റ്റ് മൊമന്റ് വരെ നീ ചെയ്ത് കൊണ്ടിരിക്കുന്ന സ്വഭാവം എന്താണ് എന്നത് വളരെ വ്യക്തമാണ്.
അതായത് ഗെയിം കളിക്കുകയല്ല. തട്ടിപ്പും വെട്ടിപ്പുമാണ് നടത്തി കൊണ്ടിരിക്കുന്നത്. അതങ്ങ് സമ്മതിക്കണം എന്നാണ് അഖിൽ പറഞ്ഞത്. ഗെയിം പ്ലാൻ പറഞ്ഞ് കളിക്കുന്നത് കൊണ്ടാണ് ഗോപികയ്ക്ക് ഇത്തരം ആക്ഷേപം കേൾക്കേണ്ടി വരുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്.


Click it and Unblock the Notifications