'എന്നമ്മേ... ഒന്ന് കാണാൻ'; സാഗറിന്റേയും ജുനൈസിന്റേയും അമ്മയ്ക്കുള്ള മെസേജ് കണ്ട് ഉള്ള് പിടഞ്ഞെന്ന് പ്രേക്ഷകർ!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അമ്പത് ദിവസത്തോട് അടുക്കുമ്പോൾ ടൈറ്റിലിനായി മത്സരിക്കുന്നത് പതിനാല് പേരാണ്. എല്ലാവരും തങ്ങളാൽ കഴിയും വിധം പരിശ്രമിച്ചാണ് ഹൗസിനുള്ളിൽ ഓരോ ദിവസവും നിൽക്കുന്നത്. ബിഗ് ബോസിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് വീക്കെൻഡുകളിൽ മത്സരാർഥികളെ കാണാനും അവരുടെ മത്സരം വിലയിരുത്താനും മോഹൻലാൽ എത്തുന്നുവെന്നതാണ്. ഇത്തവണത്തെ വീക്കെൻഡ് എപ്പിസോഡിൽ മാതൃദിനത്തോട് അനുബന്ധിച്ചുള്ള ഒരു സെഗ്മെന്റ് ഉണ്ടായിരുന്നു.
വീടുകളിൽ നിന്നും മാറി നിൽക്കുന്ന മത്സരാർഥികൾക്ക് അവരുടെ അമ്മമാർക്ക് കത്തെഴുതാനുള്ള അവസരവും അത് വായിക്കാനുള്ള അവസരവും ബിഗ് ബോസ് നൽകിയിരുന്നു. മോഹൻലാലിന് മുന്നിൽ വെച്ചാണ് എല്ലാവരും അമ്മമാരെ കുറിച്ച് വാതോരാതെ സംസാരിച്ചത്. പതിനാല് പേരും കത്തുകൾ വായിച്ചപ്പോൾ അവരുടെ അമ്മമാർ വീഡിയോയായി എത്തി മക്കളോട് സംസാരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
പതിനാല് പേരും കത്തുകൾ വായിച്ചതിൽ കണ്ടുനിന്ന പ്രേക്ഷകരുടെ അടക്കം കണ്ണുകൾ നിറഞ്ഞത് സാഗർ സൂര്യയും ജുനൈസും അവരുടെ മരിച്ച് പോയ അമ്മമാർക്ക് എഴുതിയ കത്തുകൾ വായിച്ചപ്പോഴാണ്.

സാഗറിന്റേയും ജുനൈസിന്റേയും അമ്മയ്ക്കുള്ള മെസേജ് കണ്ടപ്പോൾ ഉള്ള് പിടഞ്ഞെന്നാണ് പ്രേക്ഷകർ കുറിച്ചത്. ആദ്യം റെനീഷയാണ് കത്ത് വായിച്ചത്. മിസ് യു പറയാത്ത... ലവ് യു പറയാത്ത ഉമ്മയുടെ സ്നേഹം ഓരോ തവണ വയറ് നിറയെ കൈകഴുകുമ്പോഴും മനസിലാക്കുന്നുണ്ട് എന്നാണ് റെനീഷ കുറിച്ചത്. പിന്നാലെ റെനീഷയുടെ അമ്മയുടെ സന്ദേശം കാണിക്കുകയും ചെയ്തു.
ശേഷം ശ്രുതിയും മനോഹരമായ വരികളിലൂടെ അമ്മയെ കുറിച്ച് എഴുതിയ കത്ത് വായിച്ചു. ശ്രുതിക്ക് ശേഷം സാഗറാണ് അമ്മയ്ക്ക് എഴുതിയ കത്ത് വായിച്ചത്. അമ്മയുടെ വലിയ ആഗ്രഹം ആയിരുന്നു ബിഗ് ബോസിൽ ഞാൻ വരിക എന്നത്. അച്ഛനമ്മാർക്ക് പ്രായം ഏറിക്കൊണ്ടിരിക്കയാണ്. അഞ്ചോ ആറോ മാസം കൂടുമ്പോൾ മാതാപിതാക്കൾക്ക് ബോഡി ചെക്കപ്പ് ചെയ്യിക്കണം.
അസുഖങ്ങൾ ഉണ്ടോ ഇല്ലയോയെന്ന് പലരും അറിയുന്നില്ലെന്നും സാഗർ പറഞ്ഞു. പിന്നാലെ എന്നമ്മേ ഒന്നു കാണാൻ എത്രനാളായ്.. എന്ന ഗാനം സാഗർ പാടാൻ ശ്രമിക്കുന്നുണ്ടെങ്കിലും വേദന ഉള്ളിലൊതുക്കി നിറുത്തി വീണ്ടും പാടി. ശേഷം കത്ത് വായിച്ചു. ഞങ്ങൾ ഇല്ലാതെ എവിടെ ആയിരുന്നാലും അമ്മയ്ക്ക് ഒറ്റയ്ക്കിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
അമ്മ ഞങ്ങളെ വിട്ട് പോയിട്ട് മൂന്ന് വർഷം ആകാറായി. അതിപ്പോഴും എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. എന്റെ സ്നേഹം എന്താണെന്ന് മനസിലാക്കിയിട്ടുള്ളത് അമ്മ മാത്രമാണ്. അമ്മയ്ക്ക് തുല്യം അമ്മ മാത്രം. അമ്മയുടെ സാരിയോടൊപ്പമാണ് അച്ഛൻ ഉറങ്ങുന്നത്. എത്ര ജന്മം എടുത്താലും അച്ഛന്റെ കൂടെയുള്ള ജീവിതം മതിയെന്ന് അമ്മ പറാറില്ലേ. അങ്ങനെ തന്നെയാണ് അച്ഛനും. എനിക്കും അങ്ങനെ തന്നെയാണ്.

ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നിങ്ങളുടെ മകനായി ജനിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകണം. അമ്മ എന്റെ കൂടെ ഉണ്ടെന്ന് എനിക്കറിയാം എന്നാണ് സാഗർ കുറിച്ചത്. പിന്നാലെ അമ്മൂമ്മ പറയുന്ന സന്ദേശം സാഗറിനെ കാണിച്ചു. ഇത് ഓരോ പ്രേക്ഷകന്റേയും കണ്ണ് നിറയ്ക്കുന്നതായിരുന്നു. മോഹൻലാലും വിഷമം ഉളളലൊതുക്കി. ശേഷം അഖിലും ശോഭയും വിഷ്ണുവും അനു ജോസഫും തങ്ങളുടെ അമ്മമാർക്കായി കുറിച്ച വരികൾ വായിച്ചു.
പിന്നീട് ജുനൈസാണ് കത്ത് വായിച്ചത്. അമ്മയുടെ മുഖം പോലും കാണാൻ ജുനൈസിന് സാധിച്ചിട്ടില്ല. അതിന് മുമ്പ് അമ്മയെ നഷ്ടമായിരുന്നു ജുനൈസിന്. പ്രിയപ്പെട്ട ഉമ്മച്ചിക്ക്... എനിക്ക് ഇരുപത്തി ആറ് വയസ് പൂർത്തിയായിരിക്കുന്നു. ഉമ്മ ഇല്ലാത്ത 25 വർഷങ്ങൾ. ഓർമ വെച്ച നാളുമുതൽ ഇതുവരെ എന്റെ ഓർമയിൽ ഇല്ലാത്ത ഒരു ദിവസം പോലും കടന്ന് പോയിട്ടില്ല.
ഒരു ഫോട്ടോയിൽ പോലും നിങ്ങളെ കണ്ടിട്ടില്ലെങ്കിലും കേട്ടതിൽ വെച്ച് ഏറ്റവും ധീരയായ സ്ത്രീയാണ് നിങ്ങൾ. ഉമ്മ ഉണ്ടായിരുന്നുവെങ്കിൽ എന്റേയും സദോഹരങ്ങളുടേയും ജീവിതം എങ്ങനെ ആയി തീരുമെന്ന് ഇടയ്ക്ക് ഞാൻ ചിന്തിക്കാറുണ്ട്. ആ ശൂന്യത അത്രയ്ക്ക് വലുതാണ്. സഹനത്തിന്റേയും ത്യാഗത്തിന്റേയും ക്ഷമയുടേയും പ്രതീകമായി അമ്മമാരെ പറ്റി പറയുമ്പോൾ ഉമ്മയെ പോലെ ശ്വാസം മുട്ടി മരിക്കേണ്ടി വരുന്ന അമ്മമാരെ പറ്റി ആലോചിക്കാറുണ്ട്.
അടുക്കളയിലെ കരിപുരണ്ട ജീവിതത്തിലെ കണ്ണീരിലാണ് മാതൃത്വത്തിന്റെ പവിത്രതയെന്ന് പറയുന്ന കാഴ്ചപ്പാട്.... വർഷങ്ങൾക്കിപ്പുറവും ഒരുപാടൊന്നും മാറിയിട്ടില്ല ഉമ്മ. ഉമ്മയ്ക്ക് പകരം ഉമ്മ മാത്രം എന്നാണ് ജുനൈസ് കുറിച്ചത്.


Click it and Unblock the Notifications