'വാരിയെല്ല് ഒടിക്കാൻ പ്ലാനുണ്ടായിരുന്നോ, വിഷ്ണുവിന് അപകടം സംഭവിച്ചിരുന്നെങ്കിലോ'; മിഥുന് താക്കീതുമായി മോഹൻലാൽ!
മത്സരാർഥികളുടെ ഒരാഴ്ച എങ്ങനെയായിരുന്നുവെന്നത് ചർച്ച ചെയ്യുന്നത് വീക്കെൻഡ് എപ്പിസോഡുകളിൽ മോഹൻലാൽ വരുമ്പോഴാണ്. എപ്പിസോഡുകൾ കണ്ട് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളെ കുറിച്ച് പ്രേക്ഷകർ ചർച്ച ചെയ്യുമ്പോൾ മോഹൻലാൽ എത്തി മത്സരാർഥികളിൽ താക്കീത് വേണ്ടവർക്ക് താക്കീതായും തിരുത്തൽ വേണ്ടവർക്ക് തിരുത്തും നൽകും.
അത്തരത്തിൽ ഇക്കഴിഞ്ഞ വീക്കിലി ടാസ്ക്ക് കഴിഞ്ഞപ്പോൾ മുതൽ പ്രേക്ഷകർ ഏറെ ചർച്ച ചെയ്തൊരു കാര്യമാണ് വിഷ്ണു ജോഷിയെ ഫിസിക്കലായി അറ്റാക്ക് ചെയ്യുമെന്ന് മിഥുൻ റിനോഷിന് പറഞ്ഞത്. ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ ഇതുവരേയ്ക്കും മത്സരാർത്ഥികൾക്ക് നൽകിയ ടാസ്ക്കുകളിൽ ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു മിഷൻ എക്സ് എന്ന വീക്ക്‌ലി ടാസ്ക്ക്. ആൽഫ, ബീറ്റ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു മത്സരം.

നാദിറ, ജുനൈസ്, റെനീഷ്, സെറീന, സാഗർ, അഞ്ജൂസ്, മിഥുൻ എന്നിവർ ആൽഫ ടീമിലും ശോഭ, ഷിജു, അഖിൽ, വിഷ്ണു, ശ്രുതി, റിനോഷ്, അനു, ഒമർ ലുലു എന്നിവർ ബീറ്റ ടീമിലുമായിരുന്നു. ശാസ്ത്ര ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ടാസ്ക്ക് നടന്നത്. ആൽഫ ടീമംഗങ്ങളുടെ കണ്ണുവെട്ടിച്ച് ബീറ്റ ടീം നാലും ഫ്യൂസുകൾ കുത്തണമെന്നായിരുന്നു ആദ്യ ടാസ്ക്ക്.
ബീറ്റ ടീം വളരെ വിജയകരമായി ഒരു ഫ്യൂസ് കുത്തുകയും ചെയ്തു. ഇതിനിടയിൽ ചില സംഭവവികാസങ്ങളും ഹൗസിൽ അരങ്ങേറി. മിഷൻ എക്സ് എന്ന ടാസ്ക്കിനിടയിൽ മത്സരാർത്ഥികൾ തമ്മിൽ നല്ല രീതിയിലുള്ള ഉന്തും തള്ളുമെല്ലാം നടന്നിരുന്നു. ഇതിനിടയിൽ വിഷ്ണുവിനെ മിഥുൻ മനപൂർവ്വം ശാരീരികമായി ഉപദ്രവിച്ചു എന്നതാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്.
താൻ വിഷ്ണുവിനെ ആക്രമിച്ചെന്ന് മിഥുൻ റിനോഷിനോട് തുറന്നുപറയുകയും ചെയ്തു. മത്സരത്തിനിടെ വിഷ്ണുവിന്റെ നെഞ്ചിൽ മുട്ടുകുത്തി ഇരിക്കുന്ന മിഥുന്റെ വീഡിയോ വൈറലായിരുന്നു. വിഷ്ണുവിന്റെ നെഞ്ചിൽ ഞാൻ മുട്ട് കൊണ്ട് കുത്തി. അവന്റെ മുഖത്തിന്റെ ഭാവം കണ്ടപ്പോൾ തന്നെ ഞാൻ വിട്ടു.
നല്ലവണ്ണം കുത്തിയിരുന്നെങ്കിൽ അവന്റെ വാരിയെല്ല് പൊട്ടിയേനെ എന്നുള്ള തരത്തിലായിരുന്നു മിഥുന്റെ വാക്കുഖൾ. മത്സരം കഴിഞ്ഞതിനു ശേഷം വിഷ്ണുവിന്റെ നെഞ്ചിൽ ഐസ് വെച്ച് കൊടുക്കുകയും ചെയ്തിരുന്നു മിഥുൻ. റിനോഷിനോടാണ് വിഷ്ണുവിനെ പരിക്കേൽപ്പിക്കാൻ താൻ ശ്രമിച്ചുവെന്ന കാര്യം മിഥുൻ പറഞ്ഞത്.

അപ്പോൾ അത് കേട്ട് ഇരുന്നതല്ലാതെ തിരുത്താൻ പോലും റിനോഷ് തയ്യാറായിരുന്നില്ല. വിഷ്ണു പക്ഷെ ഇതെല്ലാം തന്റെ പ്രിയ ചങ്ങാതി ഗെയിം സ്പിരിറ്റിൽ ചെയ്ത കാര്യങ്ങൾ എന്ന തരത്തിലാണ് എടുത്തത്. ഹൗസിലെ മറ്റുള്ളവരാരും ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നുമില്ല. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഇതേ കുറിച്ച് മിഥുനോടും റിനോഷിനോടും ചോദിച്ചു.
പക്ഷെ ഇരുവരും കൃത്യമായി മറുപടി പറയാതെ ന്യായീകരിക്കുകയാണ് ചെയ്തത്. മിഥുൻ റിബ് ബ്രേക്കറാണോ എന്ന് ചോദിച്ചുകൊണ്ടാണ് മോഹൻലാൽ ഈ വിഷയം സംസാരിച്ച് തുടങ്ങിയത്. വാരിയെല്ല് ഒടിക്കാൻ പ്ലാനുണ്ടായിരുന്നുവോയെന്നും മോഹൻലാൽ മിഥുനോട് ചോദിച്ചു.
ഇതൊരു പ്രൊഫഷണൽ ഗെയിമല്ല. മിഥുന്റെ ഒരു മൊമന്റിലെ ചെറിയ തെറ്റ് മതി വിഷ്ണുവിന്റെ റിബ് ബ്രേക്കായി പോകും. സംഭവിച്ചുകൂടെ?. കറക്ട് പ്രഷറെ ഉപയോഗിച്ചുള്ളുവെന്ന് മിഥുൻ പറയുമ്പോഴും... ആ പ്രഷർ കൂടിപ്പോയിരുന്നെങ്കിൽ വിഷ്ണുവിന് അപകടം സംഭവിച്ചിരുന്നെങ്കിലോ അതുകൊണ്ട് തന്നെ അത്തരത്തിലുള്ള കായികമായിട്ടുള്ള ഗെയിം അല്ലെന്ന് മനസിലാക്കണമെന്നും മോഹൻലാൽ പറഞ്ഞു. അത്തരത്തിൽ ഒരു പ്രവൃത്തി താൻ ചെയ്യില്ലെന്നാണ് മിഥുൻ മറുപടിയായി പറഞ്ഞത്.
വിഷ്ണുവിനോട് വേദനിച്ചുവോയെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ ഇല്ലെന്നും മിഥുൻ ഒരിക്കലും അത്തരത്തിൽ ഒരു പ്രവൃത്തി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് വിഷ്ണു പറഞ്ഞത്. എന്നാൽ മോഹൻലാൽ ചോദിച്ചാൽ മാത്രം പോരായിരുന്നു വീഡിയോ കാണിക്കണമായിരുന്നുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.


Click it and Unblock the Notifications