'കാറിൽ അതിക്രമിച്ച് കയറിയെന്ന നിലയിലായിരുന്നു പരാതി, ലാത്തി കൊണ്ട് അടിച്ച് സെല്ലിലിട്ടു'; അനുഭവം പറഞ്ഞ് നാദിറ
ഉള്ളുലയ്ക്കുന്ന അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ പറയുന്നുയർന്ന് വന്ന പതിനാറ് പേരാണിപ്പോൾ ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ മാറ്റുരയ്ക്കുന്നത്. അക്കൂട്ടത്തിൽ ഏറ്റവും ശക്തയായി കളിക്കുന്ന മത്സരാർഥിയാണ് നാദിറ മെഹ്റിൻ. എല്ലാ ഗെയിമകളിലും പ്രശ്നങ്ങളിലും കൃത്യമായി അഭിപ്രായം പറഞ്ഞ് ഇടപെടുന്ന വളരെ ചുരുക്കം മത്സരാർഥികളിൽ ഒരാൾ കൂടിയാണ് നാദിറ.
ഇപ്പോഴിത ഹൗസിലെ എന്റെ കഥ സെഗ്മെന്റിൽ തന്റെ ജീവിത കഥ വെളിപ്പെടുത്തിയിരിക്കുകയാണ് നാദിറ മെഹ്റിൻ. ലിംഗപരമായ തന്‍റെ അസ്തിത്വം മറ്റുള്ളവര്‍ കരുതുന്നതുപോലെയല്ലെന്ന് നാദിറ ആദ്യമായി തിരിച്ചറിയുന്നത് പതിനാറാം വയസിലാണ്. പതിനേഴാം വയസില്‍ അതിനെക്കുറിച്ച് മറ്റുള്ളവരോട് തുറന്ന് പറയുകയും ചെയ്തു നാദിറ.

വീട്ടില്‍ നിന്ന് വരെ പുറത്താക്കപ്പെട്ട താരം നജീബിൽ നിന്നും നാദിറയിലേക്ക് മാറിയപ്പോൾ അനുഭവിച്ച ബുദ്ധിമുട്ടികളെ കുറിച്ചാണ് എന്റെ കഥയിൽ പറഞ്ഞത്. പോലീസിന്റെ ലാത്തി കൊണ്ട് അടിയേറ്റ് സെല്ലിൽ അടക്കപ്പെട്ട അനുഭവം വരെ ഉണ്ടായിട്ടുണ്ടെന്നും നാദിറ പറയുന്നു. ഞാൻ തിരുവനന്തപുരം സ്വദേശിനിയാണ്. ജനിച്ചതെക്കെ കാസർകോടാണ്.
സാമ്പത്തികമായി പ്രശ്നങ്ങളുള്ള വീട്ടിലായിരുന്നു ഞാൻ ജനിച്ചത്. കുട്ടി ആയിരിക്കുമ്പോഴും കസിൻസായ പെൺകുട്ടികളോട് സംസാരിക്കാനായിരുന്നു എനിക്ക് ഇഷ്ടം. ആ സമയങ്ങളിൽ കുട്ടി എന്ന പരിഗണന എപ്പോഴും കിട്ടും. എന്റെ അനുജത്തിയുടെ സാധനങ്ങളൊക്കെ ഉപയോഗിക്കാൻ നോക്കും. നാല്-അഞ്ച് ക്ലാസൊക്കെയായ സമയത്ത് ഇങ്ങനെ ചെയ്യരുതെന്നൊക്കെ പറഞ്ഞ് മനസിലാക്കിക്കും.
ബാല്യകാലത്ത് എടുത്ത് പറയാൻ പറ്റിയ ഒരു സുഹൃത്തും എനിക്ക് ഉണ്ടായിരുന്നില്ല. നിലവിലും ഇല്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. എന്നോട് മിണ്ടുന്നൊരു സഹപാഠി പോലും എനിക്ക് ഉണ്ടായിരുന്നില്ല. പിന്നീട് സ്കൂളിൽ പോകുന്നത് ബുദ്ധിമുട്ടായി. കാരണം ആരെങ്കിലുമൊക്കെ കളിയാക്കും. നടന്ന് പോകുന്ന സമയത്ത് പല വാക്കുകളും ഉപയോഗിച്ച് സംസാരിക്കും. ഇത് കാരണം സ്കൂളിൽ പോകാതെ വീട്ടിനകത്തിരുന്ന് പഠിക്കുമായിരുന്നു.
എട്ടാം ക്ലാസുമുതൽ വേറൊരു സ്കൂളിലായിരുന്നു. വീക്കായ കുട്ടിയെ ആക്രമിച്ച് താൻ ഹീറോയെന്ന് കാണിക്കുന്ന പുരുഷന്മാരുടെ ക്ലാസായിരുന്നു അത്. ആ സമയത്താണ് എട്ടോളം കുട്ടികളിൽ നിന്നും സെക്ഷ്വൽ അറ്റാക്ക് ഞാൻ നേരിടുന്നത്. എന്റെ വസ്ത്രങ്ങൾ വലിച്ചൂരി. സെക്ഷ്വൽ പാർട്ട് എന്താണെന്ന് നോക്കാൻ ശ്രമിക്കുന്നു. പിന്നെ ഞാൻ നേരെ ചെല്ലുന്നത് സ്റ്റാഫ് റൂമിലേക്കാണ്.
പക്ഷെ നാളെ മുതൽ നീ വരുമ്പോൾ മുടിയൊക്കെ വെട്ടിയിട്ട് വരണം. ആണുങ്ങളെ പോലെ സംസാരിക്കണം. ബോർഡിൽ ഞാൻ എഴുന്നത് പെണ്ണിനെ പോലെയാണ്. പൗരുഷത്തോടെ സംസാരിക്കണം. ക്രിക്കറ്റ് കളിക്കണം എന്നാണ് അവിടെ നിന്നും ലഭിച്ച പ്രതികരണം. എന്നെ ഒന്ന് സമാധാനിപ്പിക്കാനെങ്കിലും ടീച്ചേഴ്സിന് ശ്രമിക്കാമായിരുന്നു. പത്തിൽ എത്തുമ്പോൾ ജയിച്ചാൽ മതി എന്നായിരുന്നു ആഗ്രഹം. അത് തന്നെ വലിയൊരു കാര്യമാണ്.
ക്ലാസിൽ പോകാത്ത കുട്ടി എങ്ങനെ ജയിക്കാനാണ്. എന്തോ ഒരു ഭാഗ്യത്തിന് ജയിച്ചു. പ്ലസ് വൺ പ്ലസ് ടു സമയത്താണ് പ്രണയം തുടങ്ങുന്നത്. അതായത് പെൺകുട്ടിയെ പ്രണയിക്കണം എന്ന് തോന്നുന്നത്. ഉള്ളിൽ പക്ഷേ ആ തോന്നൽ ഇല്ല. അങ്ങനെ ഞാൻ പ്രണയിച്ചാൽ ഞാൻ മാറുമെന്ന എന്റെ വിശ്വാസവും മാറാൻ സാധിക്കുമെന്ന സമൂഹത്തിന്റെ ഉറപ്പുമായിരുന്നു അതിന് കാരണം.

ഒരു പെൺകുട്ടിയോടും എനിക്ക് പ്രത്യേകിച്ച് ഒരു പ്രണയവും തോന്നിയില്ല. ആ സമയത്താണ് ഫോൺ ഉപയോഗിക്കുന്നത്. പിന്നീടാണ് ആത്മാർത്ഥായൊരു പ്രണയം എനിക്ക് തോന്നുന്നത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട മറ്റൊരു പുരുഷനുമായിട്ട്. പുള്ളിയോടൊപ്പം സിനിമയ്ക്ക് പോകുമായിരുന്നു. അത് പക്ഷെ കുറച്ച് ദിസങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ.
എന്നെ അംഗീകരിക്കുന്ന ഒരാളായത് കൊണ്ടാകാം അത്. പോകേ പോകേ എന്റെ വ്യക്തിത്വം വെളിവാകാൻ തുടങ്ങി. സോഷ്യൽ മീഡിയയിലെ എന്റെ ഫോട്ടോ കണ്ട് വീട്ടുകാർ കാര്യങ്ങളൊക്കെ അറിഞ്ഞു. വാപ്പ അന്നെന്റെ മുന്നിൽ നിന്നും കരഞ്ഞു. ഒരിക്കലും വീട്ടുകാരെ ഞാൻ കുറ്റം പറയില്ല. ലൈഫിൽ എവിടെയൊക്കെയോ എന്നെ ഭയങ്കരമായി അവർ ചേർത്ത് പിടിച്ചിട്ടുണ്ട്.
അവർ ഇല്ലായിരുന്നെങ്കിൽ ഞാൻ ഉണ്ടാവില്ലല്ലോ. 17മത്തെ വയസിൽ എന്റെ വീട്ടിൽ നിന്നും ഇറങ്ങി. 70 രൂപയാണ് എന്റെ കയ്യിൽ ഉണ്ടായിരുന്നത്. അന്നെന്നെ സഹായിക്കാൻ ഞാൻ അമ്മ എന്ന് വിളിക്കുന്ന ട്രാൻസ് കമ്യൂണിറ്റിയിലെ ശ്യാമ ഉണ്ടായിരുന്നു. അവിടം തൊട്ട് തുടങ്ങുന്നു എന്റെ രണ്ടാം ജീവിതം. നജീബിൽ നിന്നും നാദിറയിലേക്ക് എത്തുക എന്നത് വലിയ കാര്യമായിട്ട് ഞാൻ വിശ്വസിക്കുന്നു.
സോഷ്യൽ കൺസെപ്റ്റ് ഉള്ള ഫോട്ടോ സ്റ്റോറി ചെയ്യുമായിരുന്നു. അതിൽ മില്യൺസ് ഓഫ് വ്യൂവ്സ് ഉണ്ടായി. ടൈംസ് ഓഫ് ഇന്ത്യയിലൊക്കെ ന്യൂസ് വന്ന സമയത്ത് കൊച്ചിയിൽ ഫ്രണ്ട്സുമായി ചായ കുടിക്കുകയാണ്. ഒരു കാർ വന്ന് നിന്ന് നാദിറ അല്ലേയെന്ന് ചോദിച്ചു. പുള്ളി ഡയറക്ടറോ പ്രൊഡ്യൂസറോ മറ്റോവാണ്. സംസാരിക്കാം എന്ന നിലയിൽ ഞാൻ കാറിൽ കയറി. സംസാരിച്ച് വന്നപ്പോൾ എത്രയാ റേറ്റ് എന്ന് അയാൾ ചോദിച്ചു.
ഞാൻ ഭയങ്കരമായിട്ട് റിയാക്ട് ചെയ്തു. ഇയാൾ വണ്ടിയുമായി പൊലീസ് സ്റ്റേഷനിൽ എത്തി. ഞാൻ എനിക്കാണ് പരാതി ഉളതെന്ന് പറഞ്ഞപ്പോൾ മാറിനിക്കെടിയെന്ന് പൊലീസ് പറഞ്ഞു. കാറിൽ ഞാൻ അതിക്രമിച്ച് കയറി എന്ന നിലയിൽ ആയിരുന്നു പരാതി.
ലാത്തി കൊണ്ട് എന്നെ അടിച്ചു. സെല്ലിലേക്ക് ഇട്ടു. എനിക്ക് ഇവിടെ ഒരു മാധ്യമങ്ങളെയും വിശ്വാസമില്ല. പൊലീസിനെയും വിശ്വാസമില്ല. ഞങ്ങളെ സഹായിക്കാമെന്ന് പറഞ്ഞ് നിൽക്കുന്നവരെയും വിശ്വാസം ഇല്ല. കാരണം ഇവരും നമ്മളെ പലപ്പോഴും മിസ് യൂസ് ചെയ്യാറുണ്ട്.


Click it and Unblock the Notifications











