അഖിൽ മാരാരോട് ക്രഷ് തോന്നിയെന്ന് നാദിറ, അഖിൽ തന്റെ പിറകെ നടക്കുകയാണെന്ന് ശോഭ, ഷോർട്സ് ധരിച്ചതിനും കുറ്റം!
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിൽ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ നടക്കുകയാണ് ഇപ്പോള്‍. ഇരുപത്തിനാല് മണിക്കൂര്‍ സമയപരിധി വെച്ച രണ്ട് ടാസ്കുകളാണ് മത്സരാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് ടു ഫിനാലെയുടെ ഭാഗമായി ആദ്യം ബിഗ് ബോസ് നൽകിയത്.
മിക്ക മത്സരാര്‍ത്ഥികളും ആവേശത്തോടെ പങ്കെടുത്ത ടാസ്കുകളില്‍ അഖിൽ മാരാർ, വിഷ്ണു തുടങ്ങിയവർ അനാരോഗ്യം മൂലം പിന്നോട്ട് നിന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഭക്ഷണ നിയന്ത്രണവും മരുന്നുമൊക്കെയായി കഴിയുന്ന അഖിലിന് ദീര്‍ഘനേരം നീളുന്ന ഫിസിക്കല്‍ ടാസ്കുകളില്‍ പങ്കെടുക്കുക ബുദ്ധിമുട്ടായിരുന്നു.
അത് നേരത്തെ തന്നെ തിരിച്ചറിഞ്ഞായിരുന്നു കളികളില്‍ അഖിലിന്‍റെ പെരുമാറ്റം. ഇതുവരെ പൂർത്തിയായ രണ്ട് ടാസ്ക്കുകളിലും ആദ്യം തന്നെ അഖിൽ പുറത്തായി. വെറും രണ്ട് പോയിന്റ് മാത്രമാണ് അഖിൽ സമ്പാദിച്ചത്.
ഫിസിക്കൽ ടാസ്കുകളിൽ വിജയിക്കാൻ പരമാവധി ശ്രമിക്കാറുള്ള വിഷ്ണുവിനും അനാരോഗ്യം കാരണം പോയിന്റ് നേടാൻ സാധിച്ചില്ല. ദീർഘനേരം എടുക്കുന്ന ടാസ്കുകളായതുകൊണ്ട് തന്നെ ലൈവ് കാണാൻ പ്രേക്ഷകർക്കും തീരെ താൽപര്യമുണ്ടായിരുന്നില്ല.

ടിക്കറ്റ് ടു ഫിനാലെയിലെ രണ്ട് ടാസ്കുകൾ പൂർത്തിയാക്കിയ ശേഷം അഖിലും ഷിജുവും വിഷ്ണുവിന്റെ സഹായത്തോടെ ഹൗസിൽ നടത്തിയ ഫാഷൻ ഷോയും അതേതുടർന്നുണ്ടായ രസകരമായ സംഭവങ്ങളുടെ വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
വിഷ്ണുവിന്‍റെ ട്രെന്‍ഡി വസ്ത്രങ്ങള്‍ ധരിച്ച് ഹൗസിൽ അഖിലും ഷിജുവും റാംപ് വാക്ക് നടത്തിയപ്പോൾ അഖിൽ കൂടുതൽ ചെറുപ്പമായി എന്നാണ് ഭൂരിഭാഗം മത്സരാർത്ഥികളും പ്രേക്ഷകരും അഭിപ്രായപ്പെട്ടത്. പൊതുവെ മുണ്ടും ഷർട്ടുമൊക്കെ ധരിച്ചാണ് അഖിലിനെ പ്രേക്ഷകരും ഹൗസിലുള്ളവരും കാണാറുള്ളത്. വിഷ്ണു തന്നെയാണ് വസ്ത്രങ്ങൾ നൽകി അഖിലിനേയും ഷിജുവിനേയും ഒരുക്കിയത്.
'കുടുംബപ്രേക്ഷകരേയും യൂത്തിനേയും ആകർഷിച്ച് വോട്ട് പിടിക്കാനുള്ള അഖിൽ മാരാരുടെ പുതിയ തന്ത്രമാണ് ഫാഷൻ ഷോയെന്ന്', വിഷ്ണുവും തമാശയായി പറഞ്ഞു. അഖിൽ മാരാർ ബീച്ച് വെയറിൽ ഫ്രീക്ക് ലുക്കിൽ എത്തിയപ്പോൾ തനിക്ക് ക്രഷ് തോന്നിയെന്നാണ് നാദിറ മെഹ്റിൻ പറഞ്ഞത്.
തനിക്ക് വായിനോക്കാൻ തോന്നുന്നുവെന്ന് സെറീനയും പറയുന്നുണ്ടായിരുന്നു. അഖിലിനോട് ദേഷ്യമുള്ളതിനാൽ ശോഭ ഇക്കാര്യങ്ങൾക്കൊന്നും ശ്രദ്ധകൊടുത്തില്ല. ശേഷം അഖിൽ മാരാർ ശോഭയുടെ സമീപത്തായി ഇരുന്നു. ഷോട്സ് ഇട്ടിരിക്കുന്നത് വൃത്തിക്കേടാണെന്ന് അഖിലിനോട് ശോഭ പറഞ്ഞു.

കാലുകൾ കാണിച്ച് അഖിൽ ഇരിക്കുന്നതിനോടുള്ള അതൃപ്തിയും ശോഭ പ്രകടിപ്പിച്ചു. 'അതൊരു ഷോട്സ് അല്ലേ... അതിൽ എന്താണ് വൃത്തിക്കേടെന്നാണ്', സെറീന ഉടൻ ശോഭയോട് ചോദിച്ചത്. ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയായിരുന്നിട്ടും ഇത്തരത്തിൽ കമന്റ് പറയുന്നത് മോശമാണെന്നും സെറീന പറഞ്ഞു. താൻ എപ്പോൾ ടോയ്ലെറ്റിൽ പോയാലും ശോഭ ഉടൻ തന്റെ പിന്നാലെ വരുമെന്നും അഖിൽ പറഞ്ഞു.
രോഷം വന്ന ശോഭ താൻ അഖിലിന് പിറകെ നടക്കാറില്ലെന്നും അഖിൽ തന്റെ പിറകെയാണ് നടക്കുന്നതെന്നും പറഞ്ഞു. ശോഭ-അഖിൽ മാരാർ കോമ്പോയ്ക്ക് നിരവധി ആരാധകരുണ്ട്. പക്ഷെ ശോഭ പലപ്പോഴും അഖിലിനോട് വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറാറുള്ളത്.
പരമാവധി 20 പോയിന്‍റുകള്‍ നേടാവുന്ന ആദ്യത്തെ രണ്ട് ടാസ്കുകളിൽ നിന്നായി 19 പോയിന്‍റുകൾ നേടി നാദിറയാണ് ഒന്നാം സ്ഥാനത്തുള്ളത്. ആദ്യ ടാസ്കിനുശേഷം മുന്നിലുണ്ടായിരുന്ന സെറീനയെയാണ് നാദിറ രണ്ടാമത്തെ ടാസ്കോടെ മറികടന്നത്.
സെറീന ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. എന്നാല്‍ സെറീനയുടെ അതെ പോയിന്‍റ് നിലയില്‍ മറ്റ് രണ്ടുപേര്‍ കൂടിയുണ്ട്. റിനോഷും ശോഭയും. 16 പോയിന്‍റുകളാണ് രണ്ട് ടാസ്കുകളില്‍ നിന്നായി മൂവരുടെയും സമ്പാദ്യം.


Click it and Unblock the Notifications