പെട്ടിയുമായി നാദിറ ഹൗസിന് പുറത്തേക്ക്... പൊട്ടിക്കരഞ്ഞ് ശോഭ, പ്രധാന വാതിൽക്കൽ അപ്രതീക്ഷിതമായി കിടിലൻ സർപ്രൈസ്
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ഗ്രാന്റ് ഫിനാലെയ്ക്ക് ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഹൗസിലുള്ള ഒമ്പത് പേരിൽ നിന്നും അഞ്ചോ, ആറോ ആളുകൾ മാത്രമാണ് ഗ്രാന്റ് ഫിനാലെ ടോപ്പ് ഫൈവിൽ ഇടം പിടിക്കുക. ടോപ്പ് ഫൈവിൽ കയറി പറ്റുക എന്നത് മാത്രമാണ് മത്സരാർത്ഥികളുടെ എല്ലാം ലക്ഷ്യം.
ഇനിയുള്ള ദിവസങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം ഹൗസിൽ കാണാം. ഞായറാഴ്ചത്തെ എപ്പിസോഡിൽ ഒരു എവിക്ഷൻ പ്രതീക്ഷിച്ചാണ് മത്സരാർത്ഥികളും പ്രേക്ഷകരും ഇരുന്നത്. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമെ ഉള്ളുവെന്നതിനാൽ ഒരു എവിക്ഷൻ തീർച്ചയായും നടക്കുമെന്നാണ് എല്ലാവരും കരുതിയത്.
നാദിറ മെഹ്റിൻ പുറത്തായി എന്നുള്ള തരത്തിൽ റിപ്പോർട്ടുകൾ കൂടി വന്നതോടെ പ്രേക്ഷകരുടെ ആകാംഷയും ആശങ്കയും വർധിച്ചു. ടിക്കറ്റ് ടു ഫിനാലെ കപ്പിനും ചുണ്ടിനും ഇടയിലെന്നത് പോലെ നാദിറയ്ക്ക് നഷ്ടപ്പെടുമോ എന്നതായിരുന്നു എല്ലാവരുടെയും ആശങ്ക.
കഴിഞ്ഞ ദിവസത്തെ വീക്കെൻഡ് എപ്പിസോഡിൽ വിഷ്ണു ജോഷി പുറത്തായിരുന്നു. ഹൗസിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു വിഷ്ണു. അതുകൊണ്ട് തന്നെ വിഷ്ണു പുറത്തായത് എല്ലാവർക്കും വലിയ ഷോക്കായിരുന്നു.

ബിഗ് ബോസ് പ്രവചനാതീതമാണെന്നത് പ്രേക്ഷകരും വിശ്വസിച്ച് തുടങ്ങിയത് വിഷ്ണുവിന്റെ എവിക്ഷന് ശേഷമാണ്. നാദിറ, ജുനൈസ്, റെനീഷ, ഷിജു, വിഷ്ണു, അഖിൽ, സെറീന എന്നിവരായിരുന്നു പന്ത്രണ്ടാം ആഴ്ചയിൽ ജനവിധി തേടിയത്. വിഷ്ണു ജോഷി ശനിയാഴ്ച പുറത്തായി.
അവശേഷിക്കുന്ന ആറ് പേരില്‍ ജുനൈസ്, ഷിജു, അഖിൽ, സെറീന എന്നിവരും സേഫാണെന്ന് മോഹൻലാൽ അറിയിച്ചു. അവസാനം അവശേഷിച്ചത് റെനീഷയും നാദിറയും മാത്രമാണ്. ടിക്കറ്റ് ടു ഫിനാലെ കളിച്ച് നേടിയിട്ടും ആ നേട്ടം കയ്യിൽ വരുന്നതിന് മുമ്പ് നാദിറ പുറത്താകരുതെന്ന് പ്രേക്ഷകരും ആഗ്രഹിച്ചിരുന്നു.
ഇപ്രാവശ്യത്തെ എവിക്ഷൻ വളരെ വ്യത്യസ്തമായ രീതിയിലാണ് നടന്നത്. സേഫായവരുടെ പേരുകൾ എഴുതിയ കവർ അടങ്ങിയ പെട്ടികൾ ഓരോന്നായി മോഹൻലാൽ പറയുന്ന ക്രമത്തിൽ മത്സരാർത്ഥികൾക്ക് മുന്നിലേക്ക് കൊണ്ടുവരും. ഓരോ പെട്ടിയുടേയും മുകളിലുള്ള കവറുകൾ പൊട്ടിച്ച് സേഫായ മത്സരാർത്ഥിയുടെ പേര് വായിച്ചത് ശോഭയാണ്.
അഞ്ചാം നമ്പര്‍ പെട്ടിയാണ് അവസാനം വന്നത് നാദിറ സേഫായി കാണാനാണ് ആഗ്രഹമെന്ന് പറഞ്ഞാണ് ശോഭ കാര്‍ഡ് തുറന്നത്. പക്ഷെ ശോഭയുടെ പ്രതീക്ഷകൾക്ക് വിപരീതമായി കവറിൽ റെനീഷ സേഫാണ് എന്നായിരുന്നു എഴുതിയിരുന്നത്. അതോടെ നാദിറ എവിക്ടായിയെന്ന് എല്ലാവരും വിധിയെഴുതി. എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങാൻ മോഹൻലാൽ കൂടി പറഞ്ഞതോടെ എല്ലാവരും നിരാശരായി.

നാദിറ ടിക്കറ്റ് ടു ഫിനാലെ നേടാതെ പുറത്താകുന്നല്ലോ എന്നതായിരുന്നു എല്ലാവരുടെയും സങ്കടം. പ്രിയ സുഹൃത്ത് പുറത്തായി എന്ന് അറിഞ്ഞതോടെ ശോഭ പൊട്ടി കരയുകയായിരുന്നു. വികാരഭരിതമായ രംഗങ്ങൾക്ക് ശേഷം നാദിറ പുറത്ത് പോകാൻ സഹമത്സരാർത്ഥികൾക്കൊപ്പം പ്രധാന വാതില്‍ക്കൽ എത്തിയപ്പോഴാണ് ബിഗ് ബോസിന്റെ കിടിലൻ സര്‍പ്രൈസ് വന്നത്.
'വെല്‍ക്കം ടു ഫിനാലെ വീക്ക് നാദിറ' എന്നെഴുതിയ എൽഇഡി വാളാണ് പ്രധാന വാതിലിന് അപ്പുറത്ത് പ്രത്യക്ഷപ്പെട്ടത്. ഇതോടെ വീട്ടിലുള്ളവരും നാദിറയും സന്തോഷത്തിലായി. അഖിൽ നാദിറയെ കോരിയെടുത്ത് അഭിനന്ദിച്ചു. നാദിറ മാത്രമല്ല പ്രേക്ഷകരും സർപ്രൈസിൽ അമ്പരന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഇതാണ് ടിക്കറ്റ് ടു ഫിനാലെയുടെ ശക്തിയെന്നാണ് മോഹൻലാൽ നാദിറയോട് പറഞ്ഞത്.
ശേഷം മോഹൻലാലിന്റെ നിർദേശപ്രകാരം ജുനൈസ് ടിക്കറ്റ് ടു ഫിനാലെ ടോക്കൺ നാദിറയ്ക്ക് സമ്മാനിച്ചു. ഫിനാലെ വീക്കിലേക്ക് ഇതോടെ നാദിറ നേരിട്ട് പ്രവേശനം നേടി. അതേസമയം അലർജി മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച റിനോഷ് ഇതുവരെയും വീട്ടിൽ തിരികെ എത്തിയിട്ടില്ല.


Click it and Unblock the Notifications