'ശോഭ ചേച്ചിയെ കൊണ്ട് മുണ്ട് ചെയ്യിപ്പിക്കാൻ നെയ്മറും മെസിയുമൊക്കെ വെയിറ്റിങാണ്'; ശോഭയോട് നാദിറയുടെ സുഹൃത്ത്!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ഗ്രാന്റ് ഫിനാലെയോട് അടുത്തതോടെ ഹൗസിൽ ഇപ്പോൾ ഫാമിലി വീക്കാണ് നടക്കുന്നത്. ഷിജുവിന്റെയും നാദിറയുടെയും കുടുംബാംഗങ്ങളാണ് ഹൗസിലേക്ക് ഇതുവരെ എത്തിയത്. ആദ്യം ഷിജുവിന്റെ കുടുംബമാണ് എത്തിയത്. മകളും ഭാര്യയും മത്സരാർത്ഥികൾക്ക് പലഹാരങ്ങളും സമ്മാനങ്ങളുമായാണ് കാണാൻ വന്നത്.
രണ്ടരമാസത്തിലേറെയായി കുടുംബത്തിൽ നിന്നും വിട്ടുനിൽക്കുന്നതിന്റെ സങ്കടം ഷിജുവിന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നാളുകൾക്ക് ശേഷം മകളേയും ഭാര്യയേയും കണ്ടപ്പോൾ സങ്കടം അണപൊട്ടി ഒഴുകി. ഒരു മണിക്കൂറോളം ഹൗസിൽ ചിലവഴിച്ച ശേഷമാണ് ഷിജുവിന്റെ കുടുംബം മടങ്ങിയത്.
പിന്നീടാണ് നാദിറ മെഹ്റിന്റെ സഹോദരി ഷഹനാസും സുഹൃത്ത് ശ്രുതി സിത്താരയും ഹൗസിലേക്ക് അതിഥികളായി എത്തിയത്. ഒരു വലിയ കുട്ട നിറയെ മാമ്പഴവുമായാണ് ഇരുവരും എത്തിയത്. കുടുംബവുമായി ബന്ധം പുലർത്താത്തതിനാൽ സഹോദരി അതിഥിയായി വരുമെന്ന് നാദിറ പ്രതീക്ഷിച്ചിരുന്നില്ല.
സ്ത്രീയായി മാറിയ ശേഷം നാദിറയുടെ പ്രിയപ്പെട്ട സുഹൃത്താണ് ശ്രുതി സിത്താര. മത്സരിക്കാൻ എത്തിയപ്പോൾ വേണ്ട സഹായങ്ങൾ എല്ലാം നാദിറയ്ക്ക് ചെയ്ത് കൊടുത്തവരിൽ പ്രധാനിയും ശ്രുതിയായിരുന്നു.

ശ്രുതിയോടും ഷഹനാസിനോടും സംസാരിച്ച് പുറത്ത് എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയാൻ മത്സരാർത്ഥികൾ ശ്രമിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പുറത്ത് വൈറലായ കാര്യങ്ങളെ കുറിച്ച് ശ്രുതിയും ചില സൂചനകൾ നാദിറയടക്കമുള്ളവർക്ക് നൽകി. അക്കൂട്ടത്തിൽ ശോഭ വിശ്വനാഥിനോട് സംസാരിക്കവെ ശ്രുതി പറഞ്ഞൊരു തഗ് ഡയലോഗാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
'ശോഭ ചേച്ചിയെ കൊണ്ട് മുണ്ട് ചെയ്യിപ്പിക്കാൻ നെയ്മറും മെസിയുമൊക്കെ പുറത്ത് വെയിറ്റിങാണ് എന്നാണ് ശോഭയോട് തമാശ രൂപേണ ശ്രുതി പറഞ്ഞത്. അനുഭവങ്ങൾ പാളിച്ചകൾ ടാസ്കിൽ ജീവിത ഗ്രാഫ് വരച്ച് വിവരിക്കുന്നതിനിടയിൽ ശോഭ പറഞ്ഞൊരു കാര്യം വൈറലായിരുന്നു.
ഫുട്ബോൾ ഇതിഹാസം റൊണാൾഡോയ്ക്ക് മുണ്ട് ഡിസൈൻ ചെയ്ത് കൊടുക്കാൻ ഒരു ഓഡർ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതൊരു വലിയ നേട്ടമായി കണക്കാക്കുന്നുവെന്നുമാണ് ശോഭ പറഞ്ഞത്. ഇത് സോഷ്യൽമീഡിയയിൽ വൈറലാവുകയും ട്രോൾ ചെയ്യപ്പെടുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ശ്രുതി സിത്താര ശോഭയോട് തഗ് ഡയലോഗ് പറഞ്ഞത്.
ശ്രുതി കളിയാക്കിയതാണെന്ന് മനസിലായിട്ടും കാര്യമായി പ്രതികരിക്കാതെ ചിരിച്ച് തള്ളുകയാണ് ശോഭ ചെയ്തത്. സ്വിമ്മിങ് പൂളിൽ നിന്നും കോയിൻ തപ്പിയെടുക്കുന്ന ടാസ്കിലെ തന്റെ പ്രകടനത്തെ കുറിച്ചുമെല്ലാം ശോഭ ശ്രുതിയോട് ചോദിച്ചു.

സംരംഭകയായതുകൊണ്ട് തന്നെ ഷോകളിലും മറ്റും വെച്ച് ശ്രുതിയെ ശോഭയ്ക്ക് പരിചയമുണ്ട്. ജുനൈസും ശ്രുതി സിത്താരയും സുഹൃത്തുക്കളാണ്. ഹൗസിൽ ഇപ്പോൾ ഒമ്പത് പേരാണ് ടൈറ്റിലിന് വേണ്ടി മത്സരിക്കുന്നത്. ഗ്രാന്റ് ഫിനാലെ ദിവസം ആകുമ്പോഴേക്കും ഒമ്പത് പേർ എന്നത് ആറ് പേരോ അഞ്ച് പേരോ ആയി കുറയും.
മിഡ് വീക്ക് എവിക്ഷൻ പോലുള്ളവയും ഇനി പ്രതീക്ഷിക്കാം. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഫാമിലി വീക്ക് നടക്കുന്നത്. വരും ദിവസങ്ങളിൽ അവശേഷിക്കുന്ന ഏഴുപേരുടെയും കുടുംബാംഗങ്ങൾ ഹൗസിലേക്ക് എത്തും. ശേഷം ഈ സീസണിൽ ഇതുവരെ പുറത്തായ മത്സരാർത്ഥികൾ ഫൈനലിസ്റ്റുകളെ കാണാനായി ഹൗസിലേക്ക് എത്തും.
ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്നവരിൽ ഒരാളായ റിനോഷ് അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതുവരെയും ഹൗസിൽ തിരികെ എത്തിയിട്ടില്ല. നാദിറ ഒഴികെ ബാക്കിയുള്ള എട്ടുപേരും ഈ ആഴ്ച നോമിനേഷൻ ലിസ്റ്റിലുണ്ട്. ടിക്കറ്റ് ടു ഫിനാലെ ജയിച്ചതിനാലാണ് ഫിനാലെ വീക്കിലേക്ക് നാദിറയ്ക്ക് നേരിട്ട് പ്രവേശനം ലഭിച്ചത്. അതേസമയം ഈ ആഴ്ച ആരാണ് പുറത്താകാൻ പോകുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.


Click it and Unblock the Notifications