ബിഗ് ബോസ് ഇത്തവണയും വിളിച്ചു; തടങ്കലിൽ കിടന്നാൽ പ്രശസ്തിയുണ്ടാവും. പക്ഷെ...; പാല സജി
ബിഗ് ബോസ് അഞ്ചാം സീസൺ ടെലികാസ്റ്റ് തുടങ്ങി അഞ്ച് ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷകരുടെ ഹരമായി മാറിയിരിക്കുകയാണ്. ഓരോ മത്സരാർത്ഥികളും ഒന്നിനൊന്ന് മികച്ച് നിൽക്കുന്നതിനാൽ വീട്ടിനകത്തെ പോലെ തന്നെ സോഷ്യൽ മീഡിയയിലും വാശിയേറിയ ചർച്ചകളാണ്. ആദ്യ ദിവസം മുതലിങ്ങോട്ട് പല വിഷയങ്ങൾക്കാണ് ബിഗ് ബോസിൽ വഴക്ക് നടക്കുന്നത്.
ഒരു വഴക്കിന് അധിക സമയം ആയുസ്സില്ലെന്നതും കൗതുകകരമാണ്. കഴിഞ്ഞ സീസണുകൾ പോലെ ആളുകൾ തമ്മിലുള്ള വ്യക്തി വൈരാഗ്യം ഇത്തവണ കുറവാണ്. എത്ര എതിരഭിപ്രായമുള്ള ആളാണെങ്കിലും ഒരു വഴക്കുകൾ വലിച്ച് നീട്ടാതെ പോവാതെ ഗെയ്മുമായി മുന്നോട്ട് പോവുന്നതാണ് ഇത്തവണത്തെ രീതി.
പ്രേക്ഷകരെ സംബന്ധിച്ച് ഇത് ഓരോ എപ്പിസോഡിനും പുതുമയും നൽകുന്നു. ഷോയുടെ സ്വഭാവം മനസ്സിലാക്കി തയ്യാറെടുപ്പുകളോടെ തന്നെയാണ് മിക്ക മത്സരാർത്ഥികളും വന്നിരിക്കുന്നത്. മനീഷ, അഖിൽ മാരാർ, വിഷ്ണു ജോഷി, ജുനൈസ്, റെനീഷ, നാദിറ തുടങ്ങിയവരൊക്കെ മികച്ച മത്സരമാണ് വീട്ടിൽ കാഴ്ച വെക്കുന്നത്. അതേസമയം ചിലർക്ക് വീട്ടിൽ വേണ്ടത്ര സ്ക്രീൻ സ്പേസ് കിട്ടാതെയും പോവുന്നുണ്ട്.

ബിഗ് ബോസിലേക്ക് വന്നവരിൽ ഭൂരിഭാഗവും സോഷ്യൽ മീഡിയയിലെ പ്രെഡിക്ഷൻ ലിസ്റ്റിലുണ്ടായിരുന്നവരാണ്. എന്നാൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നു ചിലർ ബിഗ് ബോസിലേക്ക് വന്നില്ല. ഇതിലൊരാളാണ് സോഷ്യൽ മീഡിയ താരം പാല സജി. മുൻ സീസണുകളിലും പാല സജിക്ക് ക്ഷണം വന്നിരുന്നെങ്കിലും ഇദ്ദേഹമിത് സ്വീകരിച്ചില്ല. ഇതേക്കുറിച്ച് സൈന സൗത്ത് പ്ലസ് ചാനലിനോട് സംസാരിച്ചിരിക്കുകയാണ് പാല സജി.
'രണ്ട് സീസണുകളിലേക്കും എനിക്ക് ബിഗ് ബോസിൽ നിന്ന് കോൾ വന്നു. വരാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. കാരണം മൂന്ന് മാസം അവിടെ പോയി താമസിക്കാനുള്ള ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ വർഷം മുംബൈയിലായിരുന്നു. ഇപ്രാവശ്യം നാട്ടിലായിരുന്നിട്ടും പോയില്ല. പുറം ലോകവുമായി ബന്ധമില്ലാതെ മൂന്ന് മാസം തടങ്കൽ കഴിയുന്നത് പോലെ കഴിയാൻ ബുദ്ധിമുട്ടുണ്ട്. ഫ്രീഡം ആഗ്രഹിക്കുന്ന ആളാണ്. തടങ്കലിൽ കിടന്നാൽ പ്രശസ്തി ഉണ്ടാവും. പക്ഷെ നമുക്ക് ആവശ്യമുള്ള പ്രശസ്തി മതി'

'അവിടെ പോയി പ്രശസ്തി ഉണ്ടാക്കണമെന്ന് ആഗ്രഹവും ഇല്ല. കുറച്ച് പൈസയ്ക്ക് വേണ്ടി മൂന്ന് മാസം തടങ്കലിൽ കഴിയാൻ ബുദ്ധിമുട്ടുണ്ട്,' സജി പറഞ്ഞു. ഏത് മത്സരത്തിലും പോയാലും വിജയിക്കണമെന്നാണെന്നും പാല സജി പറഞ്ഞു. ടിക് ടോക് വീഡിയോകളിലൂടെയാണ് പാല സജി ശ്രദ്ധിക്കപ്പെടുന്നത്. കോട്ടയംകാരനായ പാല സജി ഇന്ന് ഇൻസ്റ്റഗ്രാമിൽ താരമാണ്.
പലപ്പോഴും ഇദ്ദേഹത്തിന്റെ വീഡിയോകൾ ട്രോളുകളാവാറുമുണ്ട്. എന്നാൽ ട്രോളുകളെല്ലാം പാല സജിയുടെ പ്രശസ്തി കൂട്ടുകയാണ് ചെയ്തത്. പത്ത് വർഷക്കാലം ഡൽഹിയിൽ പ്രെെം മിനിസ്റ്റേഴ്സ് സെക്യൂരിറ്റി സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലായിരുന്നു പാല സജി. പാല സജിക്ക് പുറമെ സോഷ്യൽ മീഡിയ താരം അമല ഷാജിയായിരുന്നു ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിൽ വന്ന മറ്റൊരു താരം. എന്നാൽ അമല ഷാജിയും ബിഗ് ബോസിലെത്തിയില്ല.
അമല ഷാജിയും പാല സജിയുമുണ്ടായിരുന്നെങ്കിൽ ബിഗ് ബോസ് ഒന്ന് കൂടി ആവേശ ഭരിതമായേനെയെന്നാണ് പ്രേക്ഷകർ പറയുന്നത്. സോഷ്യൽ മീഡിയ താരങ്ങളും ടെലിവിഷൻ താരങ്ങളും ഒരുപോലെ ഇത്തവണത്തെ ബിഗ് ബോസിലുണ്ട്. ശ്രുതി ലക്ഷ്മി, റെനീഷ, മനീഷ, ഷിജു തുടങ്ങിയവരാണ് ടെലിവിഷൻ രംഗത്ത് നിന്നുള്ളവർ. മറുവശത്ത് ജുനൈസ്, വൈബർ ഗുഡ് ദേവു, റിനോഷ്, വിഷ്ണു ജോഷി തുടങ്ങിയ സോഷ്യൽ മീഡിയ താരങ്ങളുമുണ്ട്. കഴിഞ്ഞയാഴ്ച നോമിനേഷനിൽ ചിലർ വന്നെങ്കിലും ആരും പുറത്ത് പോയില്ല.


Click it and Unblock the Notifications