ചരിത്രം തിരുത്തി എഴുതി നാദിറ, 7.75 ലക്ഷത്തിന്റെ പണപ്പെട്ടിയുമെടുത്ത് താരം ബിഗ് ബോസ് ഷോ ക്വിറ്റ് ചെയ്തു!
ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ ഏറ്റവും ആവേശം നിറഞ്ഞ ടാസ്കായിരുന്നു പണപ്പെട്ടി ടാസ്ക്. വിവിധ തുകകൾ എഴുതി ഒളിപ്പിച്ച ബോക്സുകൾ മത്സരാർത്ഥികൾക്ക് മുന്നിൽ ബിഗ് ബോസ് ടീം വെച്ചു. അതിൽ നിന്നും മത്സരാർത്ഥികൾ ആവശ്യപ്പെടുന്ന പെട്ടികൾ ബിഗ് ബോസ് തുറന്ന് കാണിക്കും. ഏതെങ്കിലും തുക കാണുമ്പോൾ എടുക്കണമെന്ന് തോന്നിയാൽ മത്സരാർത്ഥികൾക്ക് അത് എടുത്ത് ഷോ ക്വിറ്റ് ചെയ്ത് പുറത്തേക്ക് പോകാം.
ആദ്യ ദിവസം തുറന്ന ഏറ്റവും വലിയ തുക ആറര ലക്ഷം രൂപയായിരുന്നു. നാദിറ മെഹ്റിൻ ഒഴികെ മറ്റാരും പെട്ടി എടുക്കുന്നതിനെ കുറിച്ച് ആലോചിച്ച് പോലുമില്ല. ഒരുപാട് നേരം കൂട്ടിയും കിഴിച്ചും ആലോചിച്ച ശേഷം പെട്ടിയുമായി പുറത്ത് പോകാൻ തനിക്ക് സമ്മതമാണെന്ന് ബിഗ് ബോസിനെ അറിയിച്ചു.
എന്നാൽ ഒരു ദിവസം കൂടി ടാസ്ക് ഉണ്ടാകുമെന്നും ഇനിയും പണപ്പെട്ടികൾ വരാൻ സാധ്യതയുണ്ടെന്നും അറിയിപ്പ് വന്നതോടെ തീരുമാനത്തിൽ നിന്നും നാദിറ പിന്മാറി. രണ്ടാം ദിവസത്തേക്ക് കാത്തിരിക്കുകയായിരുന്നു നാദിറ.
ആറര ലക്ഷത്തിൽ കുറവ് സംഖ്യകൾ വരരുതെന്ന പ്രാർത്ഥനയിലായിരുന്നു താരം. പ്രാർഥന ഫലം കണ്ടു. രണ്ടാ ദിവസം മൂന്നാമതായി തുറന്ന പെട്ടിയിൽ ഏഴേമുക്കാൽ ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്.

പെട്ടി തുറന്നതോടെ താൻ പെട്ടി എടുത്ത് ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് നാദിറ അറിയിച്ചു. തീരുമാനം അന്തിമമാണെങ്കിൽ പ്രധാന വാതിലിലൂടെ പുറത്തേക്ക് പോകാൻ ബിഗ് ബോസിന്റെ നിർദേശം വന്നു. ഹൗസിലെ സഹമത്സരാർത്ഥികളോട് യാത്ര പറഞ്ഞ് നാദിറ ഇറങ്ങി.
തന്നെ സംബന്ധിച്ചടത്തോളം ഏഴേമുക്കാൽ ലക്ഷം എന്നത് വലിയൊരു തുകയാണെന്നും ഇപ്പോൾ ഈ തുകയും എടുത്ത് പുറത്തേക്ക് പോകുന്നതാണ് നല്ലതെന്ന തോന്നലുണ്ടെന്നും അവസാന പ്രസംഗത്തിനിടെ നാദിറ പറഞ്ഞു. എല്ലാവരും നാദിറയുടെ തീരുമാനത്തെ അനുകൂലിച്ചു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മത്സരാർത്ഥി പണപ്പെട്ടി ടാസ്ക് കളിച്ച് ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോകുന്നത്.
സീസൺ ഫോറിൽ ആറ് ഫൈനലിസ്റ്റുകൾ ഉണ്ടായിട്ടും ആരും തന്നെ പണപ്പെട്ടി എടുത്തില്ല. ഗ്രാന്റ് ഫിനാലെയാണ് ലക്ഷ്യമെന്നും അതിനാൽ പണപ്പെട്ടി എടുക്കുന്നില്ലെന്നുമാണ് അന്ന് മത്സരാർത്ഥികൾ പറഞ്ഞത്. പത്ത് ലക്ഷം രൂപ വരെയാണ് അന്ന് ഷോ ക്വിറ്റ് ചെയ്ത് പോകാൻ ബിഗ് ബോസ് വാഗ്ദാനം ചെയ്തത്.
സീസൺ ഫോർ വൻ വിജയമായിരുന്നു എന്നതുകൊണ്ട് കൂടിയാണ് പത്ത് ലക്ഷം രൂപവരെ മത്സരാർത്ഥികൾക്ക് മുമ്പിൽ ബിഗ് ബോസ് വെച്ചത്. ടിക്കറ്റ് ടു ഫിനാലെ നടക്കുമ്പോൾ മുതൽ പണപ്പെട്ടി ടാസ്ക് വന്നാൽ നല്ല തുക വരുമ്പോൾ അതും എടുത്ത് ഷോ ക്വിറ്റ് ചെയ്ത് പോകണമെന്ന് നാദിറയോട് അഖിൽ പറയാറുണ്ടായിരുന്നു.

ഗ്രാന്റ് ഫിനാലെ വരെ എത്തിയാലും നാദിറ വിജയിക്കില്ലെന്നത് അഖിലിന് ഉറപ്പായിരുന്നു. പത്ത് ലക്ഷത്തിന് മുകളിൽ തുക ലഭിച്ചാൽ മാത്രമെ എടുക്കൂവെന്ന തീരുമാനത്തിലായിരുന്നു സെറീന. സീസൺ ഫൈവ് വിജയിയാകുന്ന വ്യക്തിയുടെ സമ്മാന തുകയിൽ നിന്നുമാണ് പണപ്പെട്ടി ടാസ്കിൽ വിജയിക്കുന്ന വ്യക്തിക്കുള്ള പണം നൽകുക.
നാദിറയുടേത് ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്നാണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും ഒന്നടങ്കം പറഞ്ഞത്. ഹൗസിൽ ഇത്രയും നാൾ നിന്നതിന്റെ പണവും പണപ്പെട്ടി ടാസ്കിൽ നിന്നും ലഭിച്ച തുകയ്ക്ക് പുറമെ നാദിറയ്ക്ക് വന്ന് ചേരും. ഗ്രാന്റ് ഫിനാലെ കൂടി കഴിഞ്ഞാകും നാദിറ നാട്ടിലേക്ക് മടങ്ങുക.


Click it and Unblock the Notifications