ബിഗ് ബോസ് മലയാളം സീസൺ 5 പ്രമോ ഷൂട്ട് ജയ്സാൽമീറിൽ?, മോഹൻലാൽ അതിനുള്ള തയ്യാറെടുപ്പിൽ!
മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ഷോയാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസിന്റെ അഞ്ചാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മാർച്ച് അവസാന ആഴ്ചയോടെ സീസൺ അഞ്ചിന് തിരശ്ശീല ഉയരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
കഴിഞ്ഞ നാല് സീസണുകളിലും ഷോയുടെ അവതാരകനായി എത്തിയ മോഹൻലാൽ തന്നെയാണ് ഈ സീസണിലും ബിഗ് ബോസിനെ മുന്നോട്ട് നയിക്കുക. അതേസമയം ഈ സീസണിൽ ആരൊക്കെയാണ് അതിഥികളായി എത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 20 ഓളം പേരാണ് ഓരോ സീസണിലും മത്സരാർത്ഥികളായി എത്താറുള്ളത്. മുംബൈ ഫിലിം സിറ്റിയിലായിരുന്നു നാലാം സീസണിനുള്ള സെറ്റൊരുങ്ങിയത്. ആദ്യ സീസണും മുംബൈയിലെ സെറ്റിലായിരുന്നു സംഘടിപ്പിച്ചത്.
എന്നാൽ സീസൺ രണ്ടും മൂന്നും ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലായിരുന്നു സംഘടിപ്പിച്ചത്. ഇത്തവണ എവിടെയാവും ലൊക്കേഷൻ എന്ന കാര്യം വ്യക്തമല്ല.
മുൻ സീസണുകളിൽ യഥാക്രമം സാബുമോൻ, മണിക്കുട്ടൻ, ദിൽഷ പ്രസന്നൻ എന്നിവരാണ് ബിഗ് ബോസ് വിജയകിരീടം ചൂടിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഷോ നിർത്തിവെച്ചത് കാരണം രണ്ടാം സീസണിൽ വിജയിയെ പ്രഖ്യാപിച്ചിരുന്നില്ല.
ഇപ്പോഴിത സീസൺ അഞ്ചുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഷോയുടെ പ്രമോ ഷൂട്ട് ജയ്സാൽമീറിലാണ് നടക്കുക എന്നതാണ് പുതിയ വിവരങ്ങൾ. അതിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം പുതുനിര സംവിധായകരില്‍ പറയുന്ന വിഷയങ്ങള്‍ കൊണ്ടും ആഖ്യാനശൈലി കൊണ്ടും തന്റേതായ വഴി വെട്ടിയ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടും രാജസ്ഥാനിലാണ് നടക്കുന്നത്.
ജനുവരി 18ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചിരുന്നു.

മലൈക്കോട്ടൈ വാലിബന്റെ ഷൂട്ട് കൂടി പുരോഗമിക്കുന്നത് കൊണ്ടാകും ബിഗ് ബോസ് പ്രമോ ഷൂട്ടും ജയ്സാൽമീറിൽ സംഘടിപ്പിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം സീസൺ ഫൈവിലെ മത്സരാർഥികളെ സംബന്ധിച്ച് നിരവധി പ്രഡിക്ഷൻ ലിസ്റ്റുകൾ പുറത്തുവരുന്നുണ്ട്.
ഏറ്റവും പുതിയ പ്രഡിക്ഷൻ ലിസ്റ്റിൽ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ സീക്രട്ട് ഏജന്റ്, മോഡൽ അമൃത സാജു, നടൻ ജിഷിൻ മോഹൻ, ആരതി പൊടി, നടൻ ബിനു അടിമാലി, വ്ലോഗർ രേവതി, നടി ആലീസ് ക്രിസ്റ്റി എന്നിവരാണുള്ളത്.
ബിഗ് ബോസ് മലയാളം സീസൺ നാല് ആകെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു. ഷോയുടെ ഫിനാലെയിൽ അവസാന മൂന്ന് പേരിൽ എത്തിയത് ദിൽഷയും റിയാസും ബ്ലെസ്ലിയും ആയിരുന്നു. ഏറ്റവും അവസാനമായി വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസ് സലീമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ൽ മൂന്നാം സ്ഥാനത്തെത്തിയത്.
ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഒന്നാം സ്ഥാനം നേടിയത് ദിൽഷയായിരുന്നു. രണ്ടാം സ്ഥാനം ബ്ലെസ്ലിയും സ്വന്തമാക്കിയിരുന്നു. നാലാം സ്ഥാനത്തോടെയാണ് ലക്ഷ്മിപ്രിയ പുറത്തായത്. നേരത്തെ അഞ്ചാമതായി ധന്യ മേരി വർഗീസും ആറാം സ്ഥാനം നേടി സൂരജ് തേലക്കാടും പുറത്തായിരുന്നു.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ വനിത വിജയി എന്ന റെക്കോർഡും ഈ വിജയത്തിലൂടെ ദിൽഷ പ്രസന്നൻ സ്വന്തമാക്കിയിരുന്നു.


Click it and Unblock the Notifications