'നോമിനേഷൻ ഫ്രീ കാർഡും ക്യാപ്റ്റൻസിയും അനുഭവിക്കാൻ യോഗമില്ല'; ദേവുവിനൊപ്പം മനീഷയും പുറത്തായി!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് മുപ്പത് ദിവസം താണ്ടി മുന്നോട്ട് പോകുമ്പോൾ രണ്ടുപേർ കൂടി ഹൗസിൽ നിന്നും എലിമിനേറ്റായിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. വൈബർ ഗുഡ് ദേവുവെന്ന് അറിയപ്പെടുന്ന ശ്രീദേവിയും മനീഷ കെ.എസും മത്സരത്തിൽ നിന്നും പുറത്തായി എന്നാണ് റിപ്പോർട്ടുകൾ. വോട്ടിങ് സപ്പോർട്ട് കുറവുള്ള മത്സരാർഥികളാണ് ഓരോ ആഴ്ചയിലും ഹൗസിൽ നിന്നും പുറത്താകുന്നത്.
ഇത്തവണ ഒമ്പതോളം പേർ എലിമിനേഷനിൽ വന്നിരുന്നു. അതിൽ ഏറ്റവും ജനപിന്തുണ കുറവുള്ള രണ്ടുപേരാണ് മനീഷയും ശ്രീദേവിയും. ഡബിൾ എവിക്ഷൻ ഇത്തവണയുണ്ടെന്ന കാര്യം മോഹൻലാൽ മത്സരാർഥികളോട് പറയുന്ന പ്രമോ നേരത്തെ വൈറലായിരുന്നു. ജപ്പാനിൽ അവധി ആഘോഷിക്കാൻ പോയിരിക്കുന്നതിനാൽ സൂം കോളിൽ എത്തിയാണ് മോഹൻലാൽ വീക്കെൻഡ് എപ്പിസോഡിൽ മത്സരാർഥികളോട് സംസാരിക്കുന്നതും എവിക്ഷൻ നടത്തിയതും.

കഴിഞ്ഞ ആഴ്ച വീക്കെൻഡ് എപ്പിസോഡ് ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ എവിക്ഷൻ ചിന്തകളൊക്കെ പാടെ മറന്ന് വീട്ടിൽ മത്സരവും വാക്ക് തർക്കവുമായി കഴിയുകയായിരുന്നു മത്സരാർഥികൾ. അതിനാൽ തന്നെ ഡബിൾ എവിക്ഷൻ എന്ന കാര്യം മോഹൻലാൽ പറയുമ്പോൾ ഒരു ഞെട്ടലോടെയാണ് മത്സരാർഥികളെല്ലാം അത് കേൾക്കുന്നത്.
ഹൗസിലേക്ക് പ്രവേശിച്ചപ്പോൾ എല്ലാവർക്കും വളരെ പ്രതീക്ഷയുള്ള മത്സരാർഥിയായിരുന്നു വൈബർ ഗുഡ് ദേവുവെന്ന ശ്രീദേവി. സോഷ്യൽമീഡിയ ഇൻഫ്ല്യൂവൻസർ എന്ന രീതിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ദേവു എല്ലാ സാമൂഹിക വിഷയങ്ങളിലും ഇടപെടുകയും പക്ഷം ചേരാതെ അഭിപ്രായം പറയുകയും ചെയ്തിരുന്ന ഒരാളായിരുന്നു. അതുകൊണ്ട് തന്നെ ഹൗസിൽ ചലനം സൃഷ്ടിക്കാൻ ദേവുവിന് സാധിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു.
പക്ഷെ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ദേവുവിന് ആയില്ല. മാത്രമല്ല ആദ്യത്തെ രണ്ട്, മൂന്ന് ദിവസമുണ്ടായിരുന്ന ആവേശം പിന്നീട് ദേവുവിൽ നിന്നും അപ്രത്യക്ഷമായി. കൂടാതെ ഗ്രൂപ്പ് കളിച്ചതും ആവശ്യമുള്ളതും അല്ലാത്തതുമായ കാര്യങ്ങൾക്ക് കരഞ്ഞ് ബഹളം വെച്ചതും വഷ്ണുവിനൊപ്പം ചേർന്ന് കോമ്പോ ഉണ്ടാക്കാൻ ദേവു ശ്രമിച്ചതുമെല്ലാം പ്രേക്ഷകർക്കിടയിൽ താരത്തിന് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കി കൊടുത്തു.
കൃത്യമായി പ്ലാൻ ചെയ്ത് ഒറ്റയ്ക്ക് നിന്ന് കളിക്കാൻ ശേഷിയില്ലാത്ത മത്സരാർഥിയാണ് ദേവുവെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. മനീഷയും തുടക്കത്തിൽ പ്രേക്ഷകർക്ക് വളരെ പ്രതീക്ഷയുള്ള മത്സരാർഥിയായിരുന്നു.

പിന്നെ പ്രായവും ശാരീരികാവസ്ഥയും വെച്ച് മറ്റുള്ള മത്സരാർഥികളോട് മുട്ടി നിൽക്കാൻ മനീഷ പാടുപെടാറുണ്ട്. ഹൗസിലെ എല്ലാവരും അമ്മ സ്ഥാനം മനീഷയ്ക്ക് നൽകി വീക്കാണെന്ന് പറഞ്ഞ് പറഞ്ഞ് മാനസീകമായി ഹൗസിൽ മറ്റുള്ളവരോട് മുട്ടി നിൽക്കാൻ താരം പാടുപെടുന്നുണ്ട്. ഹൗസിലെ ഏറ്റവും വീക്കായ രണ്ട് മത്സരാർഥികളാണ് മനീഷയും ദേവുവും എന്നാണ് പ്രേക്ഷകർ പറയുന്നത്.
ഒരു വീക്കിലി ടാസ്ക്കിൽ അഖിലും സംഘവും മോഷ്ടിച്ച സ്വർണകല്ല് മനീഷയ്ക്ക് നൽകി രണ്ടാഴ്ചത്തേക്ക് നോമിനേഷൻ ഫ്രീയാക്കിയിരുന്നു. പക്ഷെ പുറത്തായതിനാൽ ഇനി കാർഡ് ഹൗസിലെ മറ്റാർക്കെങ്കിലും കൈമാറേണ്ടി വരും. അതുപോലെ തന്നെ വീക്കിലി ടാസ്ക്ക് വിജയിച്ച് ദേവു ക്യാപ്റ്റൻസി നേടിയെടുത്തിട്ടുണ്ട്. പുറത്തായതിനാൽ കാത്തിരുന്ന കിട്ടിയ ക്യാപ്റ്റൻസി ദേവുവിന് അനുഭവിക്കാൻ സാധിക്കില്ല.
അതേസമയം കഴിഞ്ഞ ദിവസം മറ്റൊരു വൈൽഡ് കാർഡ് കൂടി ഹൗസിലേക്ക് പ്രവേശിച്ചിട്ടുണ്ട്. അത് മറ്റാരുമല്ല സിനിമ-സീരിയൽ താരം അനു ജോസഫാണ് വീട്ടിൽ കോളിളക്കം സൃഷ്ടിക്കാൻ എത്തിയിരിക്കുന്നത്. അനുവിന് മുമ്പ് ഹൗസിലേക്ക് വന്ന ഒമർ ലുലു ഒരു നനഞ്ഞ പടക്കമാണ് ഇപ്പോൾ ഹൗസിൽ.
അതുപോലെയാകുമോ അനു ജോസഫുമെന്ന ഭയം പ്രേക്ഷകർക്കുണ്ട്. ഹൗസിൽ ഏറ്റവും കൂടുതലുള്ളത് ഗ്രൂപ്പുകളും സേഫ് ഗെയിം കളിക്കുന്നവരുമാണ്. എല്ലാവരും നന്മമരം ചമഞ്ഞ് ഇരിക്കുന്നതിനാൽ ലൈവ് കാണാനുള്ള താൽപര്യവും പ്രേക്ഷകർക്ക് നഷ്ടപ്പെട്ടു.


Click it and Unblock the Notifications