'ഞാൻ ആരെയെങ്കിലും തല്ലിയിട്ടുണ്ടെങ്കിൽ അത് ചാക്കോച്ചേട്ടന് വേണ്ടിയാണ്, അദ്ദേഹത്തെ കണ്ടാണ് പഠിച്ചത്'; റിനോഷ്!
ഫൈനലിലേക്ക് അടുക്കുന്തോറും ബിഗ് ബോസ് മലയാളം സീസൺ 5ന്റെ ആവേശം കൂടുകയാണ്. ഇതിനോടകം തന്നെ പല മത്സരാർത്ഥികളുടേയും മുഖം മൂടി അഴിഞ്ഞുവീണ് കഴിഞ്ഞു. എഴുപത്തിയഞ്ച് ദിവസങ്ങൾ പൂർത്തിയായതോടെ മത്സരാർഥികളുടെ കളികളും സ്ട്രാറ്റജികളുമെല്ലാം മാറി മറിയുകയാണ്.
മത്സരാർത്ഥികളുടെ പരസ്പരമുള്ള സൗഹൃദവും സഹകരണവുമെല്ലാം ഇല്ലാതായി തുടങ്ങി. ഇപ്പോൾ ചെറിയ ഗ്രൂപ്പുകൾ മാത്രമാണ് ഹൗസിലുള്ളത്. ഒരു മത്സരാർത്ഥി എന്ന രീതിയിൽ പ്രേക്ഷകർക്ക് ഒട്ടും അംഗീകരിക്കാൻ സാധിക്കാത്ത വ്യക്തിയാണ് റിനോഷ് ജോർജ്.
ഒന്നിലും ഇടപെടാനോ സംസാരിക്കാനോ താൽപര്യമില്ലാത്ത വ്യക്തി എന്തിന് ബിഗ് ബോസിൽ പങ്കെടുക്കാനെത്തി എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. നോമിനേഷൻ പോലുള്ളവ ചെയ്യുന്ന സമയങ്ങളിൽ അല്ലാതെ റിനോഷ് അഭിപ്രായ പ്രകടനങ്ങൾ നടത്താൻ തയ്യാറാകാറില്ല.
മ്യൂസിക് വീഡിയോകളിലൂടെയും സിനിമകളിലൂടെയുമാണ് ബിഗ് ബോസിലെത്തും മുമ്പ് റിനോഷിനെ പ്രേക്ഷകർക്ക് പരിചയം. ഇപ്പോഴിത തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റിനോഷ് ജോർജ്.

അന്നും ഇന്നും താൻ വളരെ അധികം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നടൻ കുഞ്ചാക്കോ ബോബനാണെന്നാണ് റിനോഷ് പറയുന്നത്. താൻ ആരെയെങ്കിലും തല്ലിയിട്ടുണ്ടെങ്കിൽ അത് കുഞ്ചാക്കോ ബോബന് വേണ്ടിയാണെന്നും റിനോഷ് പറയുന്നു.
'ഞാൻ ആരാധിക്കുന്ന നടൻ കുഞ്ചാക്കോ ബോബനാണ്. നിറത്തിലേയും അനിയത്തിപ്രാവിലേയുമെല്ലാം അദ്ദേഹത്തിന്റെ പ്രകടനം എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നുവെന്നത് പറഞ്ഞ് അറിയിക്കാനാവില്ല. ഞാൻ ആരെയെങ്കിലും തല്ലിയിട്ടുണ്ടെങ്കിൽ അത് ചാക്കോച്ചേട്ടന് വേണ്ടിയാണ്. അദ്ദേഹത്തെ ഇഷ്ടമല്ലെന്ന് പറഞ്ഞതിന് കസിൻ ചേച്ചിയെ ഞാൻ പിടിച്ച് ഇടിച്ചിട്ടുണ്ട്.'
'അതല്ലാതെ ഇടി, വഴക്ക് തുടങ്ങിയ പരിപാടികൾക്ക് വേറെ ഞാൻ പോയിട്ടില്ല. എന്നെങ്കിലും ഒരു അവാർഡ് സ്റ്റേജിൽ പോയി വാങ്ങാൻ കഴിഞ്ഞാൽ അത് ചാക്കോച്ചേട്ടന് സമർപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. പുള്ളിയെ പേഴ്സണലി എനിക്ക് അറിയില്ല. ഏകലവ്യൻ ഒളിച്ചിരുന്ന് ഗുരുവിൽ നിന്ന് കാര്യങ്ങൾ പഠിച്ചത് പോലെ ചാക്കോച്ചേട്ടനിൽ നിന്നാണ് ഞാൻ പഠിച്ചത്.'
'പക്ഷെ പുള്ളിക്ക് കൊടുക്കാൻ എനിക്ക് വിരലുകളൊന്നുമില്ല. ഒരു നടനെന്ന രീതിയിലും ഒരു നല്ല ഹ്യൂമൺ ബീയിങ് എന്ന രീതിയിലും അദ്ദേഹത്തെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പുള്ളി കിടിലമാണ്. എനിക്ക് പുള്ളിയെ ഭയങ്കര ഇഷ്ടമാണ്', പ്രിയപ്പെട്ട നടനെ കുറിച്ച് സംസാരിച്ച് റിനോഷ് ജോർജ് പറഞ്ഞു.

അന്നും ഇന്നും ചോക്ലേറ്റ് ഹീറോയെന്ന് പറഞ്ഞാൽ മലയാളികളുടെ മനസിലേക്ക് ഓടി വരുന്ന മുഖം കുഞ്ചാക്കോ ബോബന്റേതാണ്. സോഷ്യൽമീഡിയ ഇല്ലാതിരുന്ന കാലത്ത് ചാക്കോച്ചനെ തേടി കെട്ടുകണക്കിന് കത്തുകളാണ് ആരാധികമാരുടേതായി വന്നിരുന്നത്. അവയിൽ മിക്കതിനും കുഞ്ചാക്കോ ബോബൻ മറുപടിയും എഴുതി അയക്കുമായിരുന്നു.
ഇന്ന് ചോക്ലേറ്റ് ഹീറോ ഇമേജൊക്കെ മാറി എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യുന്ന നടനായി കുഞ്ചാക്കോ ബോബൻ മാറി കഴിഞ്ഞു. റിനോഷ് ജോർജും സിനിമകളിൽ അഭിനയിച്ചിരുന്നു. നായകനായി അഭിനയിച്ചതിൽ ശ്രദ്ധിക്കപ്പെട്ട സിനിമ നോൺസെൻസായിരുന്നു. ഐ ആം എ മല്ലുവെന്ന റിനോഷിന്റെ മ്യൂസിക് വീഡിയോ ഒരു കാലത്ത് വൈറലായിരുന്നു. പാട്ടും നൃത്തവും അഭിനയവുമാണ് ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരനായ റിനോഷിന്റെ ഇഷ്ടമേഖല.
ജീവിതത്തില്‍ ഇഷ്ടമുള്ളത് ആസ്വദിച്ച് ചെയ്യുക എന്നതില്‍ വിശ്വസിക്കുന്ന ആളാണ് റിനോഷ്. 2009ല്‍ പ്രൊഫഷണല്‍ ഡിജെയായി കലാജീവിതം തുടങ്ങി. നോൺസെൻസ് സിനിമയിൽ സംഗീത സംവിധാനം ചെയ്തതും റിനോഷ് തന്നെയാണ്. എല്ലാത്തിലും സമാധാനം കണ്ടെത്താൻ ആഗ്രഹിക്കുന്നയാളാണ് റിനോഷ്. വഴക്കുകൾ ഉണ്ടാക്കുന്നതിനോട് റിനോഷിന് താൽപര്യമില്ലെന്ന് മാതാപിതാക്കളും പറയുന്നു. ഈ ആഴ്ചത്തെ നോമിനേഷൻ ലിസ്റ്റിലും റിനോഷുണ്ട്.


Click it and Unblock the Notifications