റിനോഷ് പണച്ചാക്കോ?, 'ആ സ്വഭാവം ചെറുപ്പം മുതലുണ്ട്, കൊറോണ കാലത്ത് വീട്ടുജോലി ചെയ്യുമായിരുന്നു'; മാതാപിതാക്കൾ!
ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥികളിൽ ഒരാളാണ് റിനോഷ് ജോർജ്. 'ഐ ആം എ മല്ലു' എന്ന റിനോഷിന്റെ മ്യൂസിക്ക് ആൽബം ഒരു കാലത്ത് കേരളത്തിൽ വലിയ തരംഗമായിരുന്നു. ശേഷം ചില സിനിമകളിലും അഭിനയിച്ച റിനോഷ് ഇന്ന് ബിഗ് ബോസിൽ എത്തി നിൽക്കുമ്പോൾ ആരാധകരുടെ എണ്ണം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല.
ബാംഗ്ലൂരിൽ ജീവിക്കുന്ന റിനോഷിന്റെ ഫ്രീക്ക് ലുക്കും സരസമായ സംഭാഷണവും പാട്ടിനോടുള്ള കമ്പവുമാണ് ആരാധകർ വർധിക്കാൻ കാരണം.
സമാധാനം എല്ലാക്കാലത്തും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന റിനോഷ് ഹൗസിലെത്തിയ ആദ്യ ദിവസം മുതൽ ഇന്ന് വരേയും വഴക്കുകൾക്കോ തർക്കങ്ങൾക്കോ കാരണക്കാരനായിട്ടില്ല. ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടാനും താൽപര്യം കാണിക്കാറില്ല. അതുകൊണ്ട് തന്നെ റിനോഷിന് പറ്റിയ വേദിയല്ല ബിഗ് ബോസെന്ന് പ്രേക്ഷകരിൽ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. തുടക്കം മുതൽ റിനോഷിന് ലഭിക്കുന്ന പിന്തുണ പിആറാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

റിനോഷ് ഒരു പണച്ചാക്കാണെന്നും കാശ് വാരിയെറിഞ്ഞ് കപ്പ് നേടാനാണ് ബിഗ് ബോസിലേക്ക് എത്തിയതെന്നും കിംവദന്തികൾ ഉയരുന്ന സാഹചര്യത്തിൽ അതെല്ലാം തെറ്റാണെന്ന് പറയുകയാണ് താരത്തിന്റെ മാതാപിതാക്കൾ. ബിഗ് സ്രാവിന്റെ മകനൊന്നുമല്ല റിനോഷെന്നും സാധാരണക്കാരിൽ സാധാരണക്കാരായാണ് തങ്ങൾ ജീവിക്കുന്നതെന്നും മാതാപിതാക്കൾ ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ചെറുപ്പം മുതൽ പാട്ടും ഡാൻസുമാണ് റിനോഷിന്റെ ഇഷ്ട വിനോദം. കിടപ്പുമുറയിൽ ഡാൻസ് പ്രാക്ടീസ് ചെയ്യാനായി നീളൻ കണ്ണാടിയും സ്ഥാപിച്ചിട്ടുണ്ട്. അച്ഛനോട് വാശി പിടിച്ചാണ് ഡാൻസ് സ്കൂളിലേതിന് സമാനമായ കണ്ണാടി മുറിയിൽ റിനോഷ് സ്ഥാപിച്ചത്. കൈക്കുഞ്ഞായിരിക്കുമ്പോൾ മുതലുള്ള താരത്തിന്റെ ചിത്രങ്ങൾ അമ്മ ആൽബത്തിലാക്കി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.
റിനോഷ് റിച്ച് ഫാമിലിയിൽപ്പെട്ടതാണെന്നാണ് പുറത്ത് പ്രചരിക്കുന്ന കഥകളെന്ന് അവതാരകൻ പറഞ്ഞപ്പോൾ തങ്ങളുടേത് ഓഡിനറി ഫാമിലിയാണെന്ന് അമ്മ തിരുത്തി. 'റിനോഷ് പണച്ചാക്കിന്റെ മകനൊന്നുമല്ല. സിംപിളായി ജീവിക്കുന്നവരാണ് ഞങ്ങൾ. ഞങ്ങൾ താമസിക്കുന്ന വീട് വെറും 1300 സ്ക്വയർ ഫീറ്റിന്റേതാണ്. പിന്നെ കുറച്ച് സ്ഥലമുണ്ട് അത്രമാത്രം', അമ്മ വിശദീകരിച്ചു.
റിനോഷ് യഥാർഥ ജീവിതത്തിലും സമാധാനം ആഗ്രഹിച്ച് ജീവിക്കുന്ന വ്യക്തിയാണെന്നും അമ്മ പറയുന്നു. 'അവൻ ഇപ്പോൾ സമ്പാദിക്കുന്നില്ലാത്തതിനാൽ ഞങ്ങളോട് പറയും അപ്പയും അമ്മയും വിഷമിക്കേണ്ട നിങ്ങളാണ് എന്റെ സ്വത്തെന്നും താൻ വഴിതെറ്റി പോകില്ലായെന്നും. ഞങ്ങളിൽ നിന്നാണ് അവൻ പഠിച്ചതെന്നും പറയും', അമ്മ പറയുന്നു.

രണ്ടര വയസുള്ളപ്പോൾ മുതൽ മറ്റുള്ളവർക്ക് കൂടി പങ്കുവെച്ച് നൽകുന്ന മനോഭാവം റിനോഷിനുണ്ടെന്നും അവന് കഴിക്കാൻ കിട്ടിയില്ലെങ്കിലും മറ്റുള്ളവർക്ക് കൊടുക്കുന്നതിലാണ് സന്തോഷം കണ്ടെത്തിയിരുന്നതെന്നും മാതാപിതാക്കൾ പറയുന്നു. കൊറോണ കാലത്ത് വീട് വൃത്തിയാക്കാൻ സഹായിക്കുമായിരുന്നുവെന്നും കഴിച്ച പാത്രം റിനോഷ് തന്നെയാണ് കഴുകാറെന്നും മറ്റാരേയും തൊടാൻ അനുവദിക്കാറില്ലെന്നും താരത്തെ കുറിച്ച് സംസാരിച്ച് അമ്മ പറയുന്നു.
ഏറ്റവും അവസാനം റിലീസ് ചെയ്ത റിനോഷിന്റെ മ്യൂസിക്ക് ആൽബം 'സിംഗിൾസ് വെഡ്ഡിങ് ആന്ത'മായിരുന്നു. സുഹൃത്തിന്റെ കല്യാണം നടക്കുന്നതിനിടെയായിരുന്നു ഷൂട്ട്. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ആളുകളെയോ പരിപാടിയെയോ ബാധിക്കാതെ കൃത്യമായ പ്ലാനിങ്ങോടെയാണ് റിനോഷ് ഷൂട്ട് നടത്തിയതെന്നും സുഹൃത്ത് പറയുന്നു.
ടോപ്പ് ഫൈവിൽ വരാൻ സാധ്യതയുള്ള മത്സരാർത്ഥിയാണ് റിനോഷ്. അഖിൽ മാരാർക്കും റിനോഷിനുമാണ് ഏറ്റവും കൂടുതൽ ആരാധകരുള്ളത്. റിനോഷിന്റെ റാപ്പ് സോങില്ലാത്ത ഒരു ദിവസം പോലും ബിഗ് ബോസിലില്ല. ഹൗസിലെ താരത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ അനിയൻ മിഥുനാണ്.


Click it and Unblock the Notifications