വൻ ട്വിസ്റ്റ്...., മാസ്ക് അഴിപ്പിക്കാൻ... ഗെയിം ചെയ്ഞ്ചേഴ്സായി റിയാസും പൊളി ഫിറോസും ഹൗസിലേക്ക് എത്തുന്നു!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അറുപത് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇപ്പോൾ ഹൗസിൽ പന്ത്രണ്ട് പേരാണ് ടൈറ്റിലിനായി മത്സരിക്കുന്നത്. അതിൽ ഒരാൾ ഇന്ന് ഹൗസിൽ നിന്നും എവിക്ടാകും. പുറത്തായത് സാഗർ സൂര്യയാണെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ചയിലെ എപ്പിസോഡിന്റെ ഷൂട്ട് കഴിഞ്ഞ ദിവസം തന്നെ മുംബൈയിൽ പൂർത്തിയായിരുന്നു.
സാഗർ പുറത്തായതിനോട് പ്രേക്ഷകരിൽ ഒരു വിഭാഗത്തിന് വലിയ എതിർപ്പുണ്ട്. സേഫ് ഗെയിം കളിക്കുന്ന നിരവധി പേർ ഹൗസിലുണ്ടായിരിക്കെ സാഗറിനെപ്പോലെ കണ്ടന്റ് തരുന്ന പ്രവോക്കിങ് മത്സരാർഥിയെ പുറത്താക്കേണ്ടിയിരുന്നില്ലെന്ന് പ്രേക്ഷകർ പറയുന്നു. സീസൺ ഫൈവിനെ കുറിച്ച് പ്രേക്ഷകർക്ക് വളരെ അധികം പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷെ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ മത്സരാർഥികൾക്ക് സാധിച്ചിട്ടില്ല.

സീസൺ ഫോറിൽ കണ്ടതുപോലെ വാശിയേറിയ മത്സരമോ വാക്ക് തർക്കമോ ഒന്നും സീസൺ ഫൈവിലില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും ഈ സീസൺ കാണാൻ ഒരു ആവേശമില്ല. മോഹൻലാൽ വരുന്ന വീക്കെൻഡ് എപ്പിസോഡുകൾക്ക് മാത്രമാണ് കുറച്ചെങ്കിലും റേറ്റിങുള്ളത്. വീക്ക്ലി ടാസ്ക്ക് കഴിഞ്ഞാൽ പിന്നെ ലൈവ് കണ്ടാൽ ബോറടിക്കുമെന്നാണ് പ്രേക്ഷകർ പറയാറുള്ളത്.
സേഫ് ഗെയിം കളിക്കുന്നവരുടെ മുഖം മൂടി വലിച്ച് കീറാൻ വേണ്ടിയാണ് ഒരാഴ്ച മുമ്പ് ഹൗസിലേക്ക് മുൻ മത്സാരാർഥികളായ റോബിനേയും രജിത്ത് കുമാറിനേയും ബിഗ് ബോസ് കൊണ്ടുവന്നത്. ബിബി ഹോട്ടൻ ടാസ്ക്കിന്റെ ഭാഗമായാണ് ഇരുവരേയും ചലഞ്ചേഴ്സായി ഷോയിൽ അവതരിപ്പിച്ചത്.
എന്നാൽ രജിത്ത് കുമാർ മാത്രമാണ് ആവേശം നിറയ്ക്കുന്ന തരത്തിൽ മത്സരാർഥികളെ പ്രവോക്ക് ചെയ്തത്. റോബിന് ഒരു തണുത്ത സമീപനമായിരുന്നു. മാത്രമല്ല ചലഞ്ചറായി എത്തിയ റോബിന്റെ ഭാഗത്ത് നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ചില ഇടപെടലുകളുമുണ്ടായി.
അതിനാൽ സമയ പരിധി തീരും മുമ്പ് തന്നെ റോബിനെ ബിഗ് ബോസിന് ഹൗസിൽ നിന്നും പുറത്താക്കേണ്ടതായും വന്നു. രജിത്ത് കുമാർ മത്സരാർഥികൾക്ക് ഗെയിം ചെയ്ഞ്ച് ചെയ്ത് കളിക്കേണ്ടതിന് ആവശ്യമായ എല്ലാ നിർദേശങ്ങളും സൂചനകളും ടാസ്ക്കിനിടയിൽ നൽകിയിരുന്നു. പക്ഷെ എന്നിട്ടും മത്സരാർഥികൾ ഇപ്പോഴും ഉറക്കം നടിക്കുകയാണ്.

അതേസമയം ഇപ്പോഴിതാ രണ്ടുപേർ കൂടി ഹൗസിലേക്ക് ചലഞ്ചേഴ്സായി എത്താൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്. പത്താം ആഴ്ചയിലെ വീക്ക്ലി ടാസ്ക്കിൽ മത്സരാർഥികളുടെ മുഖം മൂടി വലിച്ച് കീറാനും ഇനിയുള്ള ദിവസങ്ങളെങ്കിലും ആവേശം നിറഞ്ഞതാക്കാനും വേണ്ടി മുൻ മത്സരാർഥികളായ റിയാസ് സലീമും ഫിറോസ് ഖാനെന്ന പൊളി ഫിറോസും എത്താൻ പോകുന്നുവെന്നാണ് റിപ്പോർട്ട്.
സീസൺ ഫോറിൽ അമ്പത് ദിവസം പിന്നിട്ടപ്പോൾ വൈൽഡ് കാർഡായി വന്ന് ആകെ ഭൂകമ്പം സൃഷ്ടിച്ച മത്സരാർഥിയാണ് റിയാസ് സലീം. പൊളി ഫിറോസ് സീസൺ മൂന്നിൽ വൈൽഡ് കാർഡായി വന്ന മത്സരാർഥിയാണ്. ഫിറോസ് ഭാര്യ സജ്നയ്ക്കൊപ്പം വന്നാണ് മത്സരിച്ചത്.
റിയാസ് ഏത് കാര്യവും മുഖത്ത് നോക്കി പറയുന്ന വ്യക്തിത്വമാണ്. മാത്രമല്ല അഖിൽ മാരാരോട് റിയാസ് കൊമ്പ് കോർക്കാനും സാധ്യതയുണ്ട്. സീസൺ ഫൈവിൽ അഖിലിന്റെ ഐഡിയോളജിയോട് റിയാസിന് എതിർപ്പാണ്. പല അഭിമുഖങ്ങളിലും റിയാസ് അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരേയും ചൊറിയാനും മുഖം മുടി വലിച്ച് കീറാനും യാതൊരു മടിയും കാണിക്കാത്ത മത്സരാർഥിയാണ് പൊളി ഫിറോസ്.
സമാധാനം കാംഷിച്ച് നന്മയുടെ വഴിയെ സഞ്ചരിക്കുന്ന ഹൗസിലെ ഒരു വിഭാഗം ആളുകൾ ഫിറോസ് വരുന്നതോടെ ക്ഷമയുടെ നെല്ലിപ്പലക കാണും. കോടതി ടാസ്ക്ക് കളിക്കാൻ വേണ്ടിയായിരിക്കണം റിയാസും പൊളി ഫിറോസും ഹൗസിലേക്ക് എത്താൻ പോകുന്നത്. തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ ഇരുവരുടേയും എപ്പിസോഡുകളുണ്ടാകും.


Click it and Unblock the Notifications