ഇത്തവണ ഇത്തരക്കാരിൽ വീഴരുത്, കേൾക്കില്ലെന്നറിയാം; ബിഗ് ബോസ് പുതിയ സീസണിനെക്കുറിച്ച് റിയാസ്
കാത്തിരിപ്പുകൾക്കൊടുവിൽ ബിഗ് ബോസിന്റെ അഞ്ചാം സീസൺ പ്രേക്ഷകരിലേക്കെത്തിയിയിരിക്കുകയാണ്. പ്രതീക്ഷകൾ തെറ്റിച്ച് പ്രെഡിക്ഷൻ ലിസ്റ്റിലുള്ള ചിലർ ബിഗ് ബോസിൽ വീട്ടിലേക്ക് കടന്ന് വന്നില്ലെങ്കിൽ പ്രെഡിക്ഷൻ ലിസ്റ്റിലിടം പിടിച്ച ഭൂരിഭാഗം പേരും വീട്ടിനകത്തേക്ക് എത്തി. മനീഷ കെഎസ്, ശോഭ വിശ്വനാഥ്, എയ്ഞ്ചൽ മരിയ, ശ്രീദേവി മേനോൻ, അഖിൽ മാരാർ, ജുനൈസ് വിപി, സാഗർ സൂര്യ, നദീറ മെഹ്റിൻ, നടൻ ഷിജു. റിനോഷ് ജോർജ് തുടങ്ങിയ മത്സരാർത്ഥികളാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നത്.
മത്സരാർത്ഥികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള എപ്പിസോഡാണ് ഇന്നലെ കഴിഞ്ഞത്. വരും ദിവസങ്ങളിൽ ഇവർ ബിഗ് ബോസ് വീട്ടിനുള്ളിൽ കലഹിച്ചും സ്നേഹിച്ചും കഴിയും. സോഷ്യൽ മീഡിയയിൽ ഇപ്പോൾ മത്സരാർത്ഥികളിൽ മിക്കവർക്കും തങ്ങളുടെ സുഹൃദ് വലയങ്ങളിൽ നിന്നുള്ള പിന്തുണയുണ്ട്. വരും ദിവസങ്ങളിൽ ഇവ ആർമികളായി വളരാനുള്ള സാധ്യതയുമുണ്ട്. ആദ്യ ദിവസം തന്നെ വീട്ടിൽ വഴക്ക് നടന്നെന്നാണ് പ്രൊമോ വീഡിയോയിൽ നിന്ന് ലഭിക്കുന്ന സൂചന. വൈബർ ഗുഡ് ശ്രീദേവിയും എയ്ഞ്ചൽ മരിയയും തമ്മിലാണ് വഴക്ക് നടന്നിരിക്കുന്നത്.
വീട്ടിലേക്ക് കയറിയ ദിവസം തന്നെയുണ്ടായ വഴക്ക് പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. വഴക്കുകളുടെ ഒരു നിര തന്നെയാണ് കഴിഞ്ഞ സീസണിൽ ബിഗ് ബോസിൽ നടന്നത്. ഈ വഴക്കും അസ്വാരസ്യവും ബിഗ് ബോസ് വീട്ടിന് പുറത്തും നിലനിൽക്കുന്നു. നാലാം സീസണിലാണ് മത്സരം കഴിഞ്ഞ ശേഷം ഈ പ്രവണത കൂടുതലായി കണ്ടത്.
തീ പാറിയ വാഗ്വാദവും ചർച്ചകളുമാണ് നാല് സീസണിൽ നടന്നത്. ഇപ്പോഴിതാ അഞ്ചാം സീസണിനെ പറ്റി നാലാം സീസണിലെ ഗെയിം ചേഞ്ചറായി അറിയപ്പെടുന്ന റിയാസ് സലിം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇന്റസ്റ്റഗ്രാം സ്റ്റോറിയിലാണ് ഇതേപറ്റി റിയാസ് കുറിച്ചത്.

പാരീസ് യാത്രയിലായതിനാൽ തനിക്ക് ബിഗ് ബോസ് കാണാൻ പറ്റിയില്ലെന്ന് റിയാസ് വ്യക്തമാക്കിയിരിക്കുന്നത്. എന്താണ് ഇത്തവണ ബിഗ് ബോസ് കേരളത്തിന് ആഘോഷിക്കാൻ കൊണ്ടു വന്നിരിക്കുന്നതെന്നറിയാൻ കാത്തിരിക്കുന്നെന്നും റിയാസ് സലിം വ്യക്തമാക്കി. ബിഗ് ബോസ് പ്രേക്ഷകർക്ക് ചില ഉപദേശവും റിയാസ് പങ്കുവെച്ചു. ടോക്സിക്കായ, ഫേക്കായ, പൊട്ടൻമാരും പ്രശ്സ്തിക്ക് കൊതിക്കുന്നവരിലും വീഴരുത്. നിങ്ങളാരും കേൾക്കില്ലെന്നറിയാം.
പിആറിൽ വിശ്വസിക്കരുത്. യൂട്യൂബ് റിവ്യുകളിൽ മിക്കതും ഫേക്കാണെന്നും റിയാസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ തുടക്കത്തിൽ ഏറ്റവും കൂടുതൽ സൈബറാക്രമണത്തിന് ഇരയായത് റിയാസ് സലിമാണ്. മോശമായ പദപ്രയോഗങ്ങളും അധിക്ഷേപങ്ങളും റിയാസിന് നേരെ വന്നിരുന്നു. എന്നാൽ പിന്നീട് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റാൻ റിയാസിന് കഴിഞ്ഞു. എൽജിബിടിക്യു വിഭാഗത്തിന് വേണ്ടി വീട്ടിനുള്ളിൽ റിയാസ് നിരന്തരം ശബ്ദിച്ചു. മറ്റൊരു മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനുമായിട്ടായിരുന്നു റിയാസ് നിരന്തരം വഴക്കുണ്ടാക്കിയത്.

ഷോ കഴിഞ്ഞ ശേഷവും ഈ അസ്വാരസ്യം തുടർന്നു. റോബിന്റെ പങ്കാളി ആരതി പൊടിയെക്കുറിച്ച് റിയാസ് നടത്തിയ പരാമർശം ചർച്ചയായിരുന്നു. റോബിൻ, റിയാസ്, ദിൽഷ തുടങ്ങിയ മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ അഞ്ചാം സീസൺ ചൂട് പിടിക്കുന്നതോടെ അവസാനിക്കുമെന്നാണ് കരുതുന്നത്. മുൻ സീസണുകളിലെ താരങ്ങളെല്ലാം ഇത്തരത്തിൽ വാർത്തകളിൽ നിന്ന് അകലുകയാണുണ്ടായത്. റോബിനുൾപ്പെടെയുള്ളവർ ഇപ്പോഴും ലൈം ലൈറ്റിൽ സജീവ സാന്നിധ്യമാണ്. വരും ദിവസങ്ങളിൽ ബിഗ് ബോസ് വീട്ടിലെ പുതിയ സംഭവ വികാസങ്ങൾ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications