ദേവു ഇപ്പോൾ കാണുന്നത് പോലെയല്ല; നിഗൂഢതയുണ്ട്; കണക്ടാവുന്നില്ലെന്ന് ജുനൈസും
ബിഗ് ബോസ് അഞ്ചാം സീസൺ തുടക്കത്തിൽ തന്നെ ചൂടേറിയ വാഗ്വാദങ്ങളുടെയും ചർച്ചയുടെയും പുരയിടമായിരിക്കുകയാണ്. ആദ്യ ദിവസത്തെ ടാക്സിൽ തന്നെ മത്സരാർത്ഥികളിൽ ചിലർ തമ്മിൽ ചില അസ്വാരസ്യങ്ങളുടെ പുക വന്നു. 18 പേരിൽ തനിക്ക് മനസ്സിലായവരെയും മനസ്സിലാകാത്തവരെയും എടുത്ത് പറയുക എന്നതായിരുന്നു വീട്ടിലെ ആദ്യ ടാസ്ക്, മനസ്സിലായവർക്ക് ലൈക് ടാഗും മനസ്സിലാകാത്തവർക്ക് ഡിസ്ലൈക് ബട്ടണും കൊടുക്കണം. കുറഞ്ഞ സമയത്തിനുള്ളിൽ ആരെയും മനസ്സിലാക്കാൻ പറ്റില്ലെന്ന് മത്സരാർത്ഥികളെല്ലാവരും ആദ്യമേ പറഞ്ഞ് കൊണ്ടാണ് പേരുകൾ പറഞ്ഞത്.
കൂടുതൽ പേർക്കും മനസ്സിലാക്കാൻ പറ്റാഞ്ഞത് എയ്ഞ്ചൽ മരിയയെയും അഖിൽ മാരാറെയുമാണ്. ശ്രുതി ലക്ഷമി തനിക്ക് മിഥുനെ മനസ്സിലാക്കാൻ പറ്റിയില്ലെന്ന് വ്യക്തമാക്കി. കുറേക്കൂടി അടുത്തറിഞ്ഞത് നാദിറ മെഹ്റിനെയാണെന്നും പറഞ്ഞു.
സാഗർ സൂര്യയ്ക്ക് മനസ്സിലാക്കാൻ പറ്റിയത് ഗോപികയെയാണ്. തനിക്ക് നിഗൂഡത തോന്നിയ വ്യക്തി വൈബർ ഗുഡ് ദേവു എന്ന ശ്രീദേവി മേനോനെയാണെന്ന് സാഗർ സൂര്യ വ്യക്തമാക്കി.
കുറച്ച് ദിവസം കഴിഞ്ഞാൽ ഇവിടെയൊരു പൊട്ടിത്തെറി പ്രതീക്ഷിക്കുന്നു ഇതല്ല ഈ വ്യക്തിയെന്നും സാഗർ സൂര്യ തുറന്ന് പറഞ്ഞു. എയ്ഞ്ചൽ മരിയ കുറച്ച് ലോസ്റ്റ് ആണെന്ന് തോന്നി, കുറേക്കൂടി മനസ്സിലാക്കാനുണ്ടെന്ന് പറഞ്ഞ് ശോഭ വിശ്വനാഥ് ഡിസ്ലൈക് സ്റ്റിക്കർ നൽകി. സംസാരിച്ചിട്ടുണ്ടെങ്കിലും കണക്ട് ചെയ്യാൻ പറ്റാത്തത് ദേവുവുമായാണെന്ന് ജുനൈസ് വ്യക്തമാക്കി. മനസ്സിലാക്കൽ എന്നതിനപ്പുറം ഇഷ്ടമല്ല എന്നർത്ഥം ഈ ടാസ്കിനില്ലെന്ന് മിക്കവരും വ്യക്തമാക്കി.

എന്നാൽ വരും നാളുകളിലെ അസ്വാരസ്യങ്ങൾക്ക് ഇത് കാരണമാവാനിടയുണ്ട്. മിക്കവരും ഗെയിം മുന്നിൽ കണ്ടാണ് ഇഷ്ടപ്പെട്ടവരെയും ഇഷ്ടപ്പെടാത്തവരെയും തെരഞ്ഞെടുത്തതെന്ന് വ്യക്തമാണ്. ദേവു, സാഗർ സൂര്യ, അഖിൽ മാരാർ തുടങ്ങിയവർ സഹമത്സരാർത്ഥികളെ കാര്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് സംസാരങ്ങളിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസം വൻ ആഘോഷത്തോടെയാണ് ബിഗ് ബോസ് ഷോ ആരംഭിച്ചത്. ആദ്യ എപ്പിസോഡിൽ മത്സരാർത്ഥികളെ ഓരോരുത്തരെയായി പരിചയപ്പെടുത്തി.
നിലവിൽ എയ്ഞ്ചൽ മരിയയാണ് പ്രേക്ഷക ശ്രദ്ധയിൽ മുന്നിട്ട് നിൽക്കുന്നതെന്നാണ് സൂചന. ആദ്യ ദിവസം തന്നെ ബിഗ് ബോസ് കൺഫഷൻ റൂമിൽ എയ്ഞ്ചലിൻ എത്തി. താൻ ചില മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് എയ്ഞ്ചലിൻ തുറന്ന് പറഞ്ഞു. ഡോക്ടറെ കണ്ടാലേ സമാധാനം ലഭിക്കൂയെന്നാണ് എയ്ഞ്ചലിൻ പറയുന്നത്. എനിക്കെപ്പോഴും ഇൻട്രൂസീവ് ചിന്തകളുണ്ട്. ഓസിഡിയും മൈസോഫോബിയയും ഉണ്ടെന്നും എയ്ഞ്ചലിൻ തുറന്ന് പറഞ്ഞു.
പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞാണ് എയ്ഞ്ചലിനെ ബിഗ് ബോസ് പറഞ്ഞയച്ചത്. വരും ദിവസങ്ങളിൽ ബിഗ് ബോസിൽ എയ്ഞ്ചലിൻ പ്രധാന ട്രബിൾ മേക്കറായേക്കുമെന്നും പ്രേക്ഷകർ പറയുന്നു. ഏറ്റവും കൂടുതൽ പേർ മനസ്സിലാകാത്ത വ്യക്തിയായി പറഞ്ഞത് എയ്ഞ്ചലിനെയാണ്. ഇതിനിടെ എയ്ഞ്ചലിനും ദേവുവും തമ്മിൽ ചില പ്രശ്നങ്ങളും നടന്നു. ഈ വാഗ്വാദത്തിന്റെ പ്രൊമോ വീഡിയോ ഇന്നലെ തന്നെ പുറത്ത് വന്നിരുന്നു.

ബിഗ് ബോസ് അഞ്ചാം സീസണിൽ ഇപ്പോൾ തന്നെ മത്സരാർത്ഥികളെല്ലാം പുറത്ത് മതിയായ തയ്യാറെടുപ്പുകളുമായാണ് വന്നിരിക്കുന്നതെന്നാണ് വിവരം. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സജീവമായി നില നിർത്തുന്നുണ്ട്. നാലാം സീസണിലെ മത്സരാർത്ഥികൾ പുതിയ എപ്പിസോഡുകളെ വിലയിരുത്താനും സാധ്യതയുണ്ട്. ഇതും വരു ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ച കടുപ്പിക്കും. മുൻ മത്സരാർത്ഥികളുടെ സുഹൃത്തുക്കളും പുതിയ സീസണിൽ എത്തിയിട്ടുണ്ട്.


Click it and Unblock the Notifications